2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റഫാ അതിര്‍ത്തി ഈജിപ്ത് പൂട്ടിയോ? ഗസ്സയിലേക്ക് അറബ് രാജ്യങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ലേ..? സത്യാവസ്ഥ ഇതാണ്

റഫാ അതിര്‍ത്തി ഈജിപ്ത് പൂട്ടിയോ? ഗസ്സയിലേക്ക് അറബ് രാജ്യങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ലേ..? സത്യാവസ്ഥ ഇതാണ്

 

ഗസ്സ: യുദ്ധം തുടങ്ങുന്നതോടെ അസത്യങ്ങളും പ്രചരിക്കാന്‍ തുടങ്ങുമെന്ന പഴഞ്ചൊല്ല് എത്രമാത്രം സത്യമാണെന്ന് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്‌റാഈല്‍- ഹമാസ് യുദ്ധവും ഒരിക്കലൂടെ അടിവരയിടുന്നു. ഇസ്‌റാഈലിന് മാധ്യമരംഗത്ത് വന്‍ സ്വാധീനമുള്ളതിനാല്‍ യുദ്ധവാര്‍ത്തകള്‍ അധികവും ഇസ്‌റാഈല്‍ അനുകൂലവും ഹമാസിനും ഗസ്സക്കും വിരുദ്ധമായുമാണ് പ്രത്യക്ഷപ്പെടുന്നത്. ലോകപ്രശസ്ത യു.എസ് ചാനല്‍ സി.എന്‍.എന്‍ പോലും ഹമാസിനെതിരേ വ്യാജ വാര്‍ത്തകള്‍ കൊടുക്കുകയും പിന്നീട് അത് തിരുത്തുകയും ചെയ്തു. സി.എന്‍.എന്‍ വാര്‍ത്ത വിശ്വസിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വരെ ഹമാസ് കുട്ടികളെ കൂട്ടക്കൊലചെയ്യുകയാണെന്ന് പറയുകയുണ്ടായി. ബൈഡനെ പിന്നീട് അദ്ദേഹത്തിന്റെ തന്നെ സ്വന്തം ഓഫിസ് തിരുത്തേണ്ട സാഹചര്യം ഉണ്ടായി. സി.എന്‍.എന്നിനെയും യു.എസ് പ്രസിഡന്റിനെയും അടക്കം തെറ്റിദ്ധരിപ്പിക്കാന്‍ തക്ക സ്വാധീനമുള്ള സയണിസ്റ്റ് തന്ത്രങ്ങളില്‍ ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങളും വീണുപോകുന്നതായി അവയുടെ ഇസ്‌റാഈല്‍ അനുകൂല വാര്‍ത്തകളില്‍നിന്ന് വ്യക്തമാണ്.

ഹമാസ്- ഇസ്‌റാഈല്‍ യുദ്ധത്തിനിടെ കഴിഞ്ഞദിവസങ്ങളില്‍ ഏറ്റവും പ്രചാരണം ലഭിച്ചത് റഫാ അതിര്‍ത്തി ഈജിപ്ത് തുറക്കുന്നില്ലെന്നും ഗസ്സയിലേക്ക് അറബ് രാജ്യങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നുമുള്ള വാദത്തിനായിരുന്നു. എന്നാല്‍ അതിന്റെ സത്യാവസ്ഥ നോക്കാം.

   

റഫ അതിര്‍ത്തി
കൂറ്റന്‍ ചുറ്റുമതില്‍ക്കെട്ടി ഇസ്‌റാഈല്‍ ഒറ്റപ്പെടുത്തിയ ഗസ്സയ്ക്ക് പുറംലോകവുമായുള്ള ഏക ബന്ധം ഈജിപ്തിനോട് ചേര്‍ന്നുള്ള റഫ അതിര്‍ത്തിയാണ്. ഈ അതിര്‍ത്തി തുറന്നാല്‍ മാത്രമെ ഗസ്സ നിവാസികള്‍ക്ക് പുറത്തെത്താന്‍ കഴിയൂ. എന്നാല്‍ ഇത് അടഞ്ഞുകിടക്കുകയാണ്. മുസ്ലിം രാജ്യമായ ഈജിപ്ത് പോലും ഗസ്സ നിവാസികളെ അടുപ്പിക്കുന്നില്ലെന്നും റഫ അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണെന്നുമാണ് പ്രചാരണം. എന്നാല്‍ വാസതവം അതല്ല.

റഫ അതിര്‍ത്തി തുറക്കാന്‍ ഇസ്‌റാഈല്‍ അനുവദിക്കുന്നില്ല. പ്രദേശത്ത് തല്‍ക്കാലത്തേക്കെങ്കിലും വെടിനിര്‍ത്തണമെന്നും അതിര്‍ത്തി തുറന്ന് ഗസ്സയിലേക്ക് അടിയന്തര മാനുഷിക സഹായങ്ങള്‍ വിതരണംചെയ്യാന്‍ അനുവദിക്കണമെന്നും ഈജിപ്ത് ആവശ്യപ്പെട്ടെങ്കിലും ഇസ്‌റാഈല്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. തല്‍ക്കാലത്തേക്കെങ്കിലും വെടിനിര്‍ത്തിയാല്‍ മാത്രമെ മരുന്നും ഭക്ഷണവും അടക്കമുള്ള മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ കഴിയൂവെന്ന ഈജിപ്തിന്റെ തുടര്‍ച്ചയായ ആവശ്യങ്ങള്‍ സയണിസ്റ്റ് രാജ്യം നിരസിക്കുകയാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളും തുര്‍ക്കിയും ഉള്‍പ്പെടെ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും അവ ഗസ്സയിലെത്തണമെങ്കില്‍ ഇസ്രായേല്‍ കനിയേണ്ട അവസ്ഥയാണ്. ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി പുറപ്പെട്ട ഈജിപ്ഷ്യന്‍ വാഹനങ്ങള്‍ റഫാ അതിര്‍ത്തിക്ക് പുറത്ത് വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

റഫാ അതിര്‍ത്തിയില്‍ സഹായവസ്തുക്കള്‍ നിറച്ച ഈജിപ്തിന്റെ വാഹനങ്ങള്‍

അറബ് രാജ്യങ്ങളുടെ നിലപാട്
ഇസ്‌റാഈല്‍ ഗസക്ക് മേല്‍ കൂട്ട ബോംബ് വര്‍ഷം തുടങ്ങിയ ഒക്ടോബര്‍ എട്ടിന് തന്നെ അറബ്, മുസ്ലിം രാഷ്ട്രങ്ങള്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഖത്തറും ഇറാനും ലബനാനും ആദ്യ മണിക്കൂറില്‍ തന്നെ ഫലസ്തീന് പിന്തുണയുമായെത്തി. കൂടാതെ സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും കുവൈത്തും ജോര്‍ദാനുമെല്ലാം ഗസ്സക്കൊപ്പം നിന്നു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ വലിയ സാമ്പത്തിക, മാനുഷിക സഹായങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്‌റാഈലുമായുള്ള വാണിജ്യകകാര്‍ സഊദി റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം റിയാദിലെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയില്‍ വെടിനിര്‍ത്തലിനായി ഇസ്‌റാഈലിന് മേല്‍ സമ്മര്‍ദ്ദംചെലുത്തണമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. കൂടാതെ നാളെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ അടിയന്തര യോഗം സഊദി വിളിച്ചുചേര്‍ക്കുകയും ചെയ്തു.
വിഷയത്തില്‍ ഈ മാസം 21ന് കെയ്‌റോയില്‍ ഈജിപ്തിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയും നടക്കുന്നുണ്ട്. ഫലസ്തീന് ശക്തമായ പിന്തുണ നല്‍കിവരുന്ന ഖത്തര്‍ അമീറിനെ ഈ ഉച്ചകോടിയിലേക്ക് ഈജിപ്ത് നേരിട്ടെത്തിയാണ് ക്ഷണിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.