2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റേഡിയോ ജോക്കി രാജേഷ് വധക്കേസ്; രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

റേഡിയോ ജോക്കി രാജേഷ് വധക്കേസ്; രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാര്‍ വധക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. കൊലപാതകത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ച് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളും രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും വിധിയുണ്ട്. നീചമായ കൃത്യമാണ് പ്രതികള്‍ നടത്തിയതെന്നും വധ ശിക്ഷക്ക് മാര്‍രേഖ കൊണ്ടു വന്നതുകൊണ്ടാണ് അത്തരമൊരു ശിക്ഷ നല്‍കാത്തതെന്നും കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കി.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ 4 മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

2018 മാര്‍ച്ച് 27നാണ് രാജേഷ് കൊല്ലപ്പെട്ടത്. കിളിമാനൂര്‍ മടവൂരിലെ റെക്കോഡിംഗ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്. മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടനും വെട്ടേറ്റിരുന്നു. സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി, മുന്‍പ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനുണ്ടായിരുന്ന സൗഹൃദം സത്താറിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനു പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം. ഖത്തറിലുള്ള ഒന്നാം പ്രതി സത്താറിനെ ഇതുവരെ പിടികൂടാനായിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.