2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അധികാരികളുടെ പിന്തുണയോടെ എംബസിക്കും പള്ളിക്കും മുൻപിൽ വിശുദ്ധ ഖുർആൻ കത്തിച്ചു; ശക്തമായ പ്രതിഷേധവുമായി ലോകരാജ്യങ്ങൾ

ഡെൻമാർക്ക്: റമദാൻ മാസത്തിൽ മുസ്‌ലിങ്ങളുടെ പുണ്യഗ്രന്ഥമായ വിശുദ്ധ ഖുർആൻ കത്തിച്ച് പ്രകോപനമുണ്ടാക്കാൻ ശ്രമം. ഡാനിഷ്, സ്വീഡിഷ് പൗരത്വമുള്ള തീവ്ര വലതുപക്ഷ പ്രവർത്തകനായ റാസ്മസ് പലുദാൻ ആണ് കോപ്പൻഹേഗൻ പള്ളിക്ക് സമീപവും ഡെൻമാർക്കിലെ തുർക്കി എംബസിക്ക് പുറത്തും ഖുർആൻ കോപ്പികൾ കത്തിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തി പ്രകോപനം ഉണ്ടാക്കാനും ശ്രമം ഉണ്ടായി.

വെള്ളിയാഴ്ച വിശ്വാസികൾ ജുമുഹ നമസ്കാരത്തിനായി ഒത്തുചേർന്ന സമയത്താണ് ഖുർആൻ കത്തിച്ചത്. വെള്ളിയാഴ്ച പ്രാർത്ഥന മുടക്കുകയായിരുന്നു ലക്ഷ്യം. ഖുർആൻ കത്തിച്ചും പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തിയും പ്രകോപനം സൃഷിടിക്കാനായിരുന്നു ശ്രമം. എന്നാൽ സംഭവത്തോട് ശാന്തമായി പ്രതികരിച്ച വിശ്വാസികൾ ജുമുഹ നമസ്കാരം പൂർത്തിയാക്കി സമാധാനം പാലിക്കുകയാണ് ചെയ്തത്.

പൊലിസ് നോക്കിനിൽക്കെയായിരുന്നു പലുദാൻ ഖുർആൻ കത്തിച്ചത്. മസ്ജിദിന്റെ പരിസരത്ത് പൊലിസ് കർശന സുരക്ഷ ഒരുക്കിയിരുന്നു. പ്രദേശത്ത് ഗതാഗതം നിരോധിക്കുകയും ചെയ്തു. പള്ളിക്ക് മുന്നിൽ ഖുറാൻ പകർപ്പ് കത്തിച്ചതിന് തൊട്ടുപിന്നാലെ, കോപ്പൻഹേഗനിലെ തുർക്കി എംബസിക്ക് മുന്നിൽ എത്തിയും പലുദാൻ വിശുദ്ധ ഖുർആന്റെ ഒരു കോപ്പി വീണ്ടും കത്തിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇത്തരത്തിൽ വിശുദ്ധ ഖുർആൻ കത്തിക്കുന്നത്.

ഡെൻമാർക്കിലെ പള്ളിക്ക് മുന്നിലും തുർക്കി, റഷ്യൻ എംബസികൾക്ക് സമീപവും വിശുദ്ധ ഖുർആനിന്റെ ഒരു പകർപ്പ് കത്തിക്കുമെന്നും അധികാരികൾ അതിന് അനുവാദം നൽകിയിട്ടുണ്ടെന്നും പലുദാൻ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഇത് നടപ്പിലാക്കിയത്.

വിശ്വാസത്തെ ഹനിക്കുന്ന ഈ നടപടിക്ക് അനുവാദം നൽകിയതിന് ഡെന്മാർക്ക് അധികാരികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. യു.എ.ഇ., സഊദി അറേബ്യ, തുർക്കി, ഖത്തർ, ബഹ്‌റൈൻ, ജോർദാൻ, മൊറോക്കോ തുടങ്ങി നിരവധി രാജ്യങ്ങൾ പ്രതിഷേധം ഉയർത്തി. സംഭവം അപലപിച്ച രാജ്യങ്ങൾ ഈ നടപടി സമാധാനം തകർക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.