2022 July 02 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

എന്റെ ക്വാറന്റൈന്‍ അനുഭവങ്ങള്‍

മുസ്തഫ വാക്കാലൂര്‍

ജിദ്ദയില്‍ നിന്നും ആദ്യം കേരളത്തിലേക്ക് പറന്ന എയര്‍ഇന്ത്യാ വിമാനത്തില്‍ മെയ് 13നാണ് ഞാന്‍ കരിപ്പൂരിലേക്ക് യാത്രചെയ്തത്. ചെറിയ യാനം. നൂറ്റമ്പത് യാത്രക്കാരെ കുത്തി നിറച്ചുള്ള ആ യാത്ര മുതല്‍ തുടങ്ങട്ടെ. ജിദ്ദയിലെ കോണ്‍സുലേറ്റില്‍നിന്ന് മെയ് 11 ഉച്ചതിരിഞ്ഞാണ് വിവരമറിഞ്ഞത്. പിറ്റേന്ന് എയര്‍ ഇന്ത്യയുടെ ഓഫിസിലെത്തി. അവിടെ യാതൊരുവിധ ക്യൂവുമില്ല. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട പൊലിസ് ഇടപെട്ടപ്പോള്‍ ഓഫിസില്‍നിന്ന് ഒരാള്‍ വന്ന് നമ്പര്‍ കൊടുത്തു. സ്വാഭാവികമായും കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. പിറകില്‍ വന്നവന്‍ മുന്നിലും, തിരിച്ചും! ഒരാള്‍ പോലും പുറത്തെ ജനത്തിന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ ഉണ്ടായിരുന്നുമില്ല.

പിറ്റേന്ന് വൈകുന്നെരം 4.30 നാണ് ടേക്ക്ഓഫ്. റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതാവട്ടെ പത്ത് മണിക്കും. അന്ന് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍നിന്നും ഈ ഫ്‌ളൈറ്റ് മാത്രമാണുള്ളത്. എന്നിട്ടും ആറര മണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത് മെഡിക്കല്‍ കാരണങ്ങളാലാണ്. എന്നാല്‍ മെഡിക്കല്‍ പരിശോധനകാളൊന്നും ഉണ്ടായിരുന്നില്ല. ജിദ്ദ കെഎംസിസിയുടെ നേതാക്കള്‍ പി.പി.ഇ കിറ്റ് വിതരണം ചെയ്തു. മക്കാ കെഎംസിസി മക്കയില്‍നിന്നുള്ള 20 യാത്രക്കാരെയും വഹിച്ച് എയര്‍പോര്‍ട്ടിലെത്തി. കോണ്‍സുലേറ്റിന്റെ രണ്ട് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

കരിപ്പൂരില്‍ ഇറങ്ങിയ ശേഷം എമിഗ്രേഷനില്‍ എത്തുന്നതുവരെ കാര്യങ്ങള്‍ കുഴപ്പമില്ല. ആദ്യം ടെംപെറേച്ചര്‍ നോക്കുന്നു. പിന്നെ, ക്വറന്റൈനെക്കുറിച്ച് അവബോധനം. അതുകഴിഞ്ഞാണ് എമിഗ്രേഷന്‍. ഇവിടെ ഫോമുകള്‍ പൂരിപ്പിക്കാനുള്ളത് കൊണ്ടും, പൂരിപ്പിച്ചവയിലെ അപര്യാപ്തതകള്‍ കൊണ്ടുമൊക്കെ ബഹളമയമാണ്. അകലം പാലിക്കാനൊന്നും സാധ്യമായിരുന്നില്ല. ഹോം ക്വറന്റൈനില്‍ പോകാനാണോ താല്‍പര്യമെന്ന് എമിഗ്രേഷനിലെ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നുണ്ട്. പോകുന്ന വാഹനം വന്നിട്ടുണ്ടോ എന്നും, ഇല്ലെങ്കില്‍ എയര്‍പോര്‍ട്ട് ടാക്‌സി വിളിക്കേണ്ട കൗണ്ടര്‍ ഏതാണെന്നും പറയുന്നുണ്ട്. പക്ഷെ, പുറത്ത് നില്‍ക്കുന്ന പൊലിസ് ഇതൊന്നും അംഗീകരിക്കില്ല എന്ന് മനസ്സിലായത് പുറത്തുകടന്നപ്പഴാണ്. കെ.എസ്.ആര്‍.ടി.സി യിലാണ് ഞങ്ങളെ മഞ്ചേരി മുട്ടിപ്പാലത്തുള്ള സെന്ററില്‍ എത്തിച്ചത്. അവിടെ ഞങ്ങളെ സ്വീകരിച്ചത് മലപ്പുറം ട്രോമാകെയറിലെ വളണ്ടിയര്‍മാരാണ്.

നല്ല ചെറുപ്പക്കാര്‍. പ്രതിഫലം പറ്റാതെയുള്ള നിസ്വാര്‍ത്ഥ സേവനം. മഞ്ചേരി സെന്ററില്‍ താമസിച്ച ജിദ്ദ, റിയാദ്, അബുദാബി യാത്രക്കാര്‍ക്കും കാര്യമായ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. മൂന്ന് നേരം ഭക്ഷണം ഉണ്ടായിരുന്നു. ഡയബറ്റിക് രോഗികള്‍ ഉള്ളതിനാല്‍ അവര്‍ക്കുകൂടി കഴിക്കാവുന്ന ഭക്ഷണം പാകം ചെയ്തു തന്നിരുന്നു.

ഒരാഴ്ച പൂര്‍ത്തിയായ ദിവസം മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ടെസ്റ്റിനായി കൊണ്ടുപോയി. ടെസ്റ്റ് ലളിതമാണ്. തൊണ്ടയില്‍നിന്നും ചെറിയൊരു പ്ലാസ്റ്റിക് കരണ്ടിയില്‍ സ്രവമെടുക്കും. പിന്നെ കൈമുട്ടില്‍നിന്ന് രക്തവും. ഒരു മിനുട്ട് സമയമാണ് ഇതിന് രണ്ടിനുമായി വേണ്ടത്. എന്നാല്‍ ഞങ്ങള്‍ ചെലവഴിച്ചതകട്ടെ നാല് മണിക്കൂറും. മറ്റുചിലര്‍ ആറേഴു മണിക്കൂര്‍ കഴിഞ്ഞാണ് ക്വറന്റൈന്‍ സെന്ററുകളില്‍ തിരിച്ചെത്തിയത്.

ഈയിടെയുണ്ടായ സ്പ്രിംഗ്‌ളര്‍ വിവാദം ഓര്‍മ്മിക്കുമല്ലോ. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കൃത്യമായ ഡാറ്റയും ലളിതവും കാര്യക്ഷമവുമായ കൈകാര്യവുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അഞ്ച് മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയെടുക്കാവുന്ന പ്രക്രിയയാണ് ആറേഴു മണിക്കൂറുകളിലേക്ക് നീളുന്നത്. ഇത് ഘടനാവ്യൂഹത്തിലെ പാളിച്ചകളാണ്. കൊവിഡിനെ കൈകാര്യം ചെയ്യുന്ന സമസ്തമേഖലയിലും ഇതുണ്ടെന്നതാണ് നേര്.

കൊവിഡ് ഹെല്‍പ് ഡെസ്‌കെന്ന പേരില്‍ മെഡിക്കല്‍ കോളജിന് വെളിയില്‍ ഒരു കൗണ്ടറുണ്ട്. ആദ്യം അവിടെ രജിസ്റ്റര്‍ ചെയ്യണം. അതുകഴിഞ്ഞു ഒ.പി കൗണ്ടറിലും. മൂന്നാമത് വേറൊരിടത്തും. മൂന്നാം കൗണ്ടറിലാണ് ഫയല്‍ തയ്യാറാക്കുന്നത്. ഇത് മൂന്നും കഴിയാന്‍ ഏകദേശം രണ്ട് മണിക്കൂര്‍ എടുത്തു. അവസാന ഒ.പി യില്‍ ഒരല്‍്പം കൂടുമെന്നതൊഴിച്ചാല്‍, എല്ലായിടത്തും ഒരേ ചോദ്യങ്ങള്‍ തന്നെ. എല്ലാവരും വിവരങ്ങള്‍ ചില ഫോമുകളിലും ലെഡ്ജറുകളിലുമായി എഴുതി വെക്കുന്നു. എന്തുകൊണ്ട് ഇതില്‍ ഏകീകരണമായിക്കൂടാ? കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചുകൂടാ? ഹെല്‍പ് ഡെസ്‌കില്‍ നാല് പേരും ഇരു ഒ.പികളിലുമായി അഞ്ചാറ് പേരുമുണ്ട്. ഇത്രയും മനുഷ്യവിഭവങ്ങള്‍ വൃഥാ ചെലവഴിക്കേണ്ടതുണ്ടോ?

സാമ്പിള്‍ ശേഖരിക്കുന്നിടത്തും വ്യക്തമായ പ്ലാനില്ല. ആദ്യം തൊണ്ടയില്‍ നിന്ന് സിറം എടുക്കും. രക്തമെടുക്കാനുള്ള ഊഴവും കാത്ത് വീണ്ടും ക്യൂവിലേക്ക്. ഇത് രണ്ടും ചെയ്യുന്നത് ഒരേ നഴ്‌സുമാരും ഒരേ സ്ഥലത്തുമാണ്. പിന്നെയെന്തിനീ ഇരട്ടിപ്പ്? ഞങ്ങള്‍ ലാബിലിരിക്കുമ്പോള്‍ വ്യക്തമായ രോഗ ലക്ഷണങ്ങളോടെ ഒരു ചെറുപ്പക്കാരനെ ഞങ്ങളോടൊപ്പം വെയ്റ്റിംഗ് ഏരിയയില്‍ ഇരുത്തിയിട്ടുണ്ട്. ശക്തമായ ചുമയും അസഹ്യമായ ശ്വാസം മുട്ടലുമുള്ളതിനാല്‍ തൊട്ടടുത്ത ഇരിപ്പിടങ്ങളിലേക്ക് കുഴഞ്ഞുപോയിട്ടുണ്ട് അയാള്‍. ഭീതി പടര്‍ത്തിയതിനാല്‍ ഞങ്ങള്‍ ആ മുറി വിട്ട് കോറിഡോറിലേക്ക് വന്നു. സിസ്റ്റര്‍മാര്‍ മുറിക്കകത്തിരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. ടെസ്റ്റിന് ഹാജരായവര്‍ രോഗികളായി മാറുന്ന സാഹചര്യം!

പുറത്ത് അര ഡസന്‍ ആംബുലന്‍സുകള്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. അവയുടെ ഡ്രൈവര്‍മാരും ആശുപത്രിയിലെ ചില ജോലിക്കാരും കൂട്ടംകൂടി സൊറ പറയുന്നു. പലര്‍ക്കും മാസ്‌കില്ല, അകലം പാലിക്കുന്നില്ല. ഇതെപ്പറ്റി സെക്യൂരിറ്റിയോട് സംസാരിച്ചപ്പോള്‍ ‘ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തന്നെയുണ്ട് അക്കൂട്ടത്തില്‍, പിന്നെ നമ്മളെന്ത് പറയാനാ’ എന്നായിരുന്നു മറുപടി.

മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് മനുഷ്യരാശി കടന്നുപോകുന്നത്. കേരളം ഫലപ്രദമായി ഒന്നും രണ്ടും ഘട്ടങ്ങള്‍ തരണം ചെയ്തത് അവധാനതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയായിരുന്നു. അത് ചെറിയ തോതിലുള്ള അലംഭാവം വഴി വിനഷ്ടമായേക്കാം.

ക്വാറന്റൈന്‍ കാലം എത്രയെന്ന ചോദ്യം ഇപ്പോഴുമുയരുന്നുണ്ട്. ഏഴാണോ, പതിനാലാണോ, അതോ ഇരുപതിയെട്ടോ?

1347ല്‍ ഇറ്റലിയിലെ വെനീസ് തുറമുഖത്ത് ഒരു ചരക്കു കപ്പല്‍ വന്നു. അതിലെ കപ്പിത്താന്മാരും ജോലിക്കാരും തീരമണഞ്ഞത് മരിച്ചവരായിട്ടോ മൃത പ്രായരായിട്ടോ ആയിരുന്നു. ചൈനയില്‍നിന്നും കപ്പല്‍ കേറിയ ബുബോനിക് പ്ലെഗായിരുന്നു ദുരന്തകാരണം. യൂറോപ്പിനും ഏഷ്യക്കും പ്ലേഗിന്റെ കെടുതിയില്‍ മൂന്നിലൊന്ന് ജനത്തെ നഷ്ടമായി. ജൂതരാണ് പ്ലേഗിനു കാരണക്കാരെന്ന് വരെ ജനം വിശ്വസിച്ചു. ജൂതന്മാരെ നാടുകടത്തുകയും പീഡിപ്പിക്കുകയുമായിരുന്നു ഫലം. ആഫ്രിക്ക സജീവമായിരുന്നില്ല. അമേരിക്ക കണ്ടുപിടിച്ച കൊളംബസ് അന്ന് ജനിച്ചിട്ടുണ്ടായിരുന്നില്ല.

1377ല്‍ ക്രൊഷ്യേയാണ് മഹാമാരിക്കെതിരെ ഒരു നിയമം കൊണ്ടുവരുന്നത്. ഡുബ്രോവ്‌നിക് തുറമുഖത്തെത്തുന്ന കപ്പലുകളും മനുഷ്യരും തീരത്ത് അണയാതെ മുപ്പത് ദിവസം ഒറ്റപ്പെട്ട് നില്‍ക്കണം. ഇവരെ പാര്‍പ്പിക്കാന്‍ പ്രത്യേകം സംവിധാനങ്ങളുമുണ്ടാക്കി. മുപ്പത് ദിവസത്തെ സൂചിപ്പിച്ചുകൊണ്ട് ട്രെന്റൈന്‍ എന്നാണ് ഇതറിയപ്പെട്ടത്. മുപ്പത്തേഴ് ദിവസമാണ് പ്ലേഗ് ബാക്ടീരിയ പിടിപെട്ടയാള്‍ മരിക്കാനെടുക്കുന്ന കാലയളവ്.

1437ല്‍, മഹാമാരിയുണ്ടായി 100 വര്‍ഷം പിന്നിടുമ്പോള്‍, വെനീസ് മുനിസിപ്പാലിറ്റി ട്രെന്റൈന്‍ നിയമം പരിഷ്‌കരിച് ക്വാറന്റൈന്‍ ആക്കി. അഥവാ 40 ദിവസം. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഇബ്‌നു സീനയാണ് അല്‍അര്‍ബഊന്‍ എന്നപേരില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ക്വാറന്റൈന്‍ ആദ്യമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞന്‍. അറബ് യാത്രികരില്‍ നിന്നാണ് വെനീസ് ഭരണാധികാരികള്‍ക്ക് ഈ വിവരം ലഭിച്ചത്.

കൊറോണ വൈറസ് കുടുംബത്തില്‍ പെട്ടതാണ് കൊവിഡ്19. രോഗ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി പതിനാല് ദിവസം വരെയാണ് രോഗം പകര്‍ന്നു കൊടുക്കാനുള്ള ഇതിന്റെ ശക്തി. എങ്കിലും മ്യൂട്ടേഷന്‍ വഴി കൊവിഡിന്റെ സ്വഭാവങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്. ചിലരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടേക്കില്ല. അതുകൊണ്ട്തന്നെ 28 ദിവസംവരെ മറ്റുള്ളവരുമായി ഇടപഴകാതിരിക്കേണ്ടത് സാമൂഹിക ബാധ്യതയാണ്.

നന്നായി വായു സഞ്ചാരമുള്ളിടത്താണ് താമസിക്കേണ്ടത്. പ്രതിരോധ ശേഷിക്കാവശ്യമായ ഭക്ഷണങ്ങള്‍ കഴിക്കുക. വിറ്റാമിന്‍ സി, ഡി എന്നിവ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തിളപ്പിച്ച വെള്ളം കൂടുതല്‍ കുടിക്കുക. തേന്‍, കരിഞ്ജീരകം, മഞ്ഞള്‍, ഇഞ്ചി, നെല്ലിക്ക മുതലായവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. എന്നാല്‍ ഇവയൊന്നും കൊവിഡിനുള്ള മരുന്നുകളല്ല. കോമൊബിഡിറ്റി ഉള്ളവര്‍ ഭക്ഷണം, മരുന്ന്, വിശ്രമം എന്നിവയില്‍ പ്രത്യേഗം ശ്രദ്ധിക്കണം. മാനസിക പിരിമുറുക്കം ഒഴിവാക്കുക. ഇതൊരു പരീക്ഷണമാണ് എന്നമട്ടില്‍ സംസാരിക്കുന്നവരുമായി ഫോണ്‍സംഭാഷണത്തില്‍ ഏര്‍പ്പെടാതിരിക്കുക. ഒറ്റയ്ക്കാവുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന എത്രയോ നല്ല കാര്യങ്ങളുണ്ട്. അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

നാട്ടിലേക്ക് പോകുന്നവര്‍ ഒരു ഹാന്‍ഡ് ബാഗജില്‍ രണ്ടാഴ്ച നില്‍ക്കാന്‍ വേണ്ടതൊക്കെ കരുതുക. ലഗ്ഗേജ് പരിമിതപ്പെടുത്തുക. നമ്മള്‍ ക്വാറന്റൈനില്‍ നില്‍ക്കുന്ന കാലത്തോളം നമ്മുടെ ലഗ്ഗേജും നമ്മോടോപ്പമാകും. അതിനാല്‍ ചോക്കലെറ്റ് പോലുള്ള വസ്തുക്കള്‍ ലഗ്ഗേജില്‍ ഉള്‍പ്പെടുത്താതിരിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.