ദോഹ: ഖത്തർ ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ 1,970 കോടി റിയാൽ ബജറ്റ് മിച്ചം. 6,860 കോടി റിയാലാണ് സർക്കാരിന്റെ മൊത്തം വരുമാനം. ബജറ്റ് മിച്ചം പൊതുകടം വീട്ടാനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി അലി ബിൻ അഹമ്മദ് അൽഖുവാരി അറിയിച്ചു.
രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ സിംഹഭാഗവും എണ്ണയുടെ ബന്ധപ്പെട്ടുള്ള വരുമാനമാണ്. 6,860 കോടിയിൽ 6,340 കോടി റിയാലും എണ്ണ, വാതക മേഖലയിൽ നിന്നുള്ള വരുമാനമാണ്. എണ്ണ-ഇതര മേഖലയിൽ നിന്നുള്ള വരുമാനം 520 കോടി റിയാൽ മാത്രമാണ്.
ആദ്യ പാദത്തിലെ 6,860 കോടി വരുമാനത്തിൽ നിന്ന് മൊത്തം ചെലവ് 4,890 കോടി റിയാൽ ആണ്. ഇതിൽ 1,560 കോടി റിയാൽ വേതന ഇനത്തിലും 1,730 കോടി റിയാൽ നിലവിലെ ചെലവുകൾക്കുമായാണ് വിനിയോഗിച്ചത്. സെക്കൻഡറി മൂലധന ചെലവ് 100 കോടി റിയാലും വൻകിട മൂലധന ചെലവ് 1,510 കോടി റിയാലുമാണ്.
എണ്ണവിലയിൽ ബാരലിന് ഉണ്ടായ മാറ്റമാണ് ഖത്തറിന് നേട്ടമായത്. എണ്ണവില ബാരലിന് 65 യുഎസ് ഡോളർ കണക്കാക്കിയാണ് നടപ്പുവർഷത്തെ ബജറ്റ് തയ്യാറാക്കിയിരുന്നത്. എന്നാൽ ആദ്യ പാദത്തിൽ എണ്ണവില ബാരലിന് 82.2 യുഎസ് ഡോളർ ആയി ഉയർന്നു. ഇതോടെ വരുമാനത്തിൽ വലിയതോതിൽ വർധന ഉണ്ടായി.
നടപ്പുസാമ്പത്തിക വർഷത്തിൽ 2,900 കോടി റിയാലിന്റെ മിച്ചം നേടുമെന്നാണ് ബജറ്റിൽ കണക്കാക്കിയിരുന്നത്. എന്നാൽ ആദ്യ പാദത്തിൽ തന്നെ 1,970 കോടി റിയാൽ നേടാനായി. കണക്കാക്കിയ തുകയുടെ 68 ശതമാനവും ആദ്യ പാദത്തിൽ തന്നെ ലഭിച്ചു. ഇതേ വരുമാനം വരും പാദങ്ങളിലും തുടരാനായാൽ പ്രതീക്ഷച്ചതിനേക്കാൾ മൂന്നിരട്ടിയോളം നേട്ടം ഉണ്ടാക്കാൻ സാധിക്കും.
Comments are closed for this post.