2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോകത്തിന് മാതൃക; 2022 ലോകകപ്പിന്റെ 100% മാലിന്യവും റീസൈക്കിൾ ചെയ്‌ത്‌ ഖത്തർ

ദോഹ: ലോകത്തിന്റെ നെറുകയിൽ മറ്റൊരു നേട്ടവുമായി ഖത്തർ. 2022 ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് നിരവധി പുതുമകളും ലോകത്തിന് മാതൃകയാക്കാവുന്ന പദ്ധതികളും നടപ്പിലാക്കിയ രാജ്യമാണ് ഖത്തർ. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി ഖത്തർ ലോകത്തിന് കാണിച്ച് നൽകിയിരിക്കുകയാണ്. ലോകകപ്പ് ഖത്തറിൽ സൃഷ്ടിച്ച 100% മാലിന്യങ്ങളും ഖത്തറിൽ തരംതിരിച്ച് റീസൈക്കിൾ ചെയ്താണ് ഖത്തർ ഇത്തവണ ചരിത്രനേട്ടം കുറിച്ചിരിക്കുന്നത്. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വർഷം മെസായിദിലെ ഗാർഹിക ഖരമാലിന്യ മാനേജ്‌മെന്റ് സെന്ററിൽ (ഡിഎസ്‌ഡബ്ല്യുഎംസി) 271 മില്യൺ കിലോവാട്ട്-ഹവർ വൈദ്യുതിയും 35,000 ടണ്ണിലധികം വളങ്ങളും ഉൽപ്പാദിപ്പിക്കപ്പെട്ടു. കൂടാതെ 27,000 ടണ്ണിലധികം പുനരുപയോഗിക്കാവുന്ന വസ്തുക്കൾ പുനഃക്രമീകരിച്ചതായി മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ പറഞ്ഞു.

“എല്ലാ സ്റ്റേഡിയങ്ങളിൽ നിന്നും ഫാൻ സോണുകളിൽ നിന്നും ശേഖരിക്കുന്ന എല്ലാ മാലിന്യങ്ങളും റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കളോ അല്ലെങ്കിൽ ഊർജ്ജമോ ആക്കി മാറ്റിയതിന് ശേഷമാണ് ഖത്തറിന് മാലിന്യം ഒഴിവാക്കാനായത്,” അദ്ദേഹം പറഞ്ഞു. മേജർ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇത്രയും ശതമാനം മാലിന്യം തരംതിരിക്കലും പുനരുൽപ്പാദിപ്പിക്കലും സാധ്യമായ ആദ്യ സംഭവമാണ് ഖത്തറിലേത്.

ഉപയോഗിച്ച ടയറുകൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി വികസിപ്പിച്ചെടുക്കുകയും ബന്ധപ്പെട്ട എല്ലാ ഏജൻസികളുമായി ചേർന്ന് പുനരുപയോഗ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്തതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നെന്ന് മന്ത്രാലയം പറഞ്ഞു. റീസൈക്ലിംഗ് വ്യവസായങ്ങൾക്കായി അൽ അഫ്ജ ഏരിയയിലെ പ്രാദേശിക സ്വകാര്യ കമ്പനികളുടെയും ടയർ റീസൈക്ലിംഗ് ഫാക്ടറികളുടെയും സഹായത്തോടെ ഏകദേശം 180,000 ടൺ ടയറുകൾ നീക്കം ചെയ്തു.

ഗാർഹിക, വാണിജ്യ, വ്യാവസായിക മാലിന്യങ്ങളിൽ നിന്ന് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ 54 ശതമാനവും മന്ത്രാലയം നിലവിൽ റീസൈക്കിൾ ചെയ്യുകയും ഊർജമായും വളമായും മാറ്റുകയും ചെയ്യുന്നുവെന്ന് അൽ സുബൈ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.