
ദോഹ: സെനഗലിനോടും തോറ്റ് ആതിഥേയര്‍ ലോകകപ്പില്‍നിന്ന് പുറത്തേക്ക്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സെനഗല്‍ ഖത്തറിനെ തോല്പിച്ചത്. അനിവാര്യ ജയത്തിനായി ഇറങ്ങിയ സെനഗല്‍ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയപ്പോള്‍ ഉദ്ഘാടന മത്സരത്തില്‍നിന്ന് ഏറെ ഭേദപ്പെട്ട പ്രകടനമാണ് ഖത്തര്‍ പുറത്തെടുത്തത്.
41ാം മിനിറ്റില്‍ ഖത്തര്‍ പ്രതിരോധത്തില്‍ വന്ന പാളിച്ചയില്നിന്നാണ് ആദ്യ ഗോള്‍ നേട്ടം ആഘോഷിച്ചത്. ഖത്തര്‍ പ്രതിരോധതാരം ഖൗഖി വഴുതിവീണ സമയം നോക്കി ബോക്സിന്റെ മധ്യത്തില്‍നിന്ന് ബൗലെ ദിയയുടെ കിടിലന്‍ ഷോട്ട് സ്കോറിങിന് തുടക്കമിട്ടു.ഹാഫ് ടൈം കഴിഞ്ഞ് കളി പുനരാരംഭിച്ച് മിനിറ്റുകള്‍ക്കകം സെനഗലിന്റെ രണ്ടാം ഗോള്‍ ഫമാറാ ദീദിയുവിലൂടെയാണ് പിറന്നു. ലോകകപ്പ് യോഗ്യതാഘട്ടത്തില്‍ സെനഗലിന്റെ ടോപ്സ്കോറര്‍ കൂടിയാണ് ഫമാറ.
ഖത്തറിന്റെ നിരന്തര ശ്രമങ്ങള്‍ക്ക് 78ാം മിനിറ്റില്‍ ഫലം കണ്ടു. ഇസ്മായീല്‍ മുഹമ്മദ് നല്കിയ ക്രോസ് ഏറ്റുവാങ്ങിയ മുഹമ്മദ് മുന്താരി ബോക്സിന്റെ മധ്യത്തില്‍നിന്ന് ഹെഡറിലൂടെ ഗോള്‍വലയിലെത്തിക്കുകയായിരുന്നു. 84ാം മിനിറ്റില്‍ സെനഗല്‍ വീണ്ടും ലീഡുയര്‍ത്തി. ബാംബ ദിയങ്ങാണ് ടീമിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്.
Comments are closed for this post.