2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഖത്തറിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്കായി പ്രത്യേക വിമാന സര്‍വ്വീസ് ഒരുക്കുമെന്ന് എംബസി

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: കൊവിഡ് ലോക്ക്ഡൗണ്‍ കാരണം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരുന്നതിന് പ്രത്യേക വിമാന സര്‍വീസ് ഒരുക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നതായി ഖത്തര്‍ ഇന്ത്യന്‍ എംബസി. അങ്ങനെയൊരു സംവിധാനം വരും മുമ്പ് ഖത്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും എംബസി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ എംബസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി അറിയിക്കുന്നതാണെന്നും എംബസി വ്യക്തമാക്കി.

നിലവില്‍ നാട്ടില്‍ കുടുങ്ങിക്കിടക്കുന്നവര്‍ പലരും ഖത്തര്‍ പോര്‍ട്ടല്‍ നിന്ന് തിരിച്ചുവരാനുള്ള പെര്‍മിറ്റ് ലഭിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റും ഹോട്ടല്‍ ക്വാറന്റീനും ബുക്ക് ചെയ്തിട്ടുണ്ട്. വന്ദേഭാരത് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങളാണ് ഇങ്ങനെ ബുക്കിങ് സ്വീകരിക്കുന്നത്. എന്നാല്‍, വന്ദേഭാരത് വിമാനങ്ങളില്‍ നാട്ടില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് ഖത്തര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതായാണ് അറിയുന്നത്.യുഎഇയിലും കുവൈത്തിലും നേരത്തേ സമാനമായ പ്രശ്‌നമുണ്ടായിരുന്നു. പിന്നീട് ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും യാത്രക്കാരെ കൊണ്ടുപോകുന്നതിന് എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. സമാനമായ സംവിധാനം ഖത്തറുമായും ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായാണ് അറിയുന്നത്. അതിനിടെ സംഘടനകളും ട്രാവല്‍ ഏജന്‍സികളും ഖത്തറിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വന്ദേഭാരത് വിമാനങ്ങളിലും ചാര്‍ട്ടേഡ് വിമാനങ്ങളിലുമായി ആരോഗ്യ പ്രവര്‍ത്തകരും കമ്പനി ജീവനക്കാരും ഖത്തറിലെത്തിയിരുന്നു.

നിലവില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഖത്തറിലെത്തിയാല്‍ ഒരാഴ്ച്ച ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഖത്തര്‍ ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ലാത്തതാണ് കാരണം. ഇത്തരം രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവര്‍ ഒരാഴ്ച്ച ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് നിബന്ധന.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.