2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഖത്തർ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് സൂചന; ചർച്ചകൾ നടക്കുന്നതായി വിദേശ കാര്യ മന്ത്രി

മറ്റന്നാൾ നടക്കുന്ന ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുക്കുമോ എന്ന് ഉറ്റു നോക്കി ലോകം 

അബ്‌ദുസ്സലാം കൂടരഞ്ഞി

റിയാദ്: ഖത്തറുമായുള്ള സഊദി സഖ്യ രാജ്യങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് സൂചന. സഊദിയുമായി ഖത്തർ ചർച്ചകൾ നടത്തി വരികയാണെന്നും പരിഹാരം കാണുമെന്നുമുള്ള പ്രതീക്ഷ നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി സഊദിയുമായി ചർച്ചകൾ നടത്തി വരുന്നതായി ഖത്തർ വിദേശ കാര്യ മന്ത്രി വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമമായ ബ്ലൂം ബെർഗ് പൊളിറ്റിക്സ് റിപ്പോർട്ട് ചെയ്തു. 
 
      ഇതോടെ, ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകളാണ് ഖത്തർ ശരിവെക്കുന്നത്. ഗൾഫ്  പ്രതിസന്ധിയിൽ നിന്ന് നീങ്ങി ഭാവി കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ മുന്നോട്ട് നീങ്ങിയതായി ഖത്തർ വിദേശ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ്‌ അൽതാനി വെളിപ്പെടുത്തിയതായി ഖത്തർ ആസ്ഥാനമായ അൽ ജസീറയും റിപ്പോർട്ട് ചെയ്തു. നിര്‍ണായക കൂടിക്കാഴ്ചകള്‍ നടന്നതായും പ്രതിസന്ധി തീരുന്ന കാര്യത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. പത്തിന് റിയാദിൽ നടക്കുന്ന നാൽപതാമത് ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീറിനെ സഊദി ഭരണാധികാരി സൽമാൻ രാജാവ് നേരിട്ട് ക്ഷണിച്ചതായുള്ള വാർത്തകൾക്ക് പിറകെയാണ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന സൂചന നൽകി ഖത്തർ രംഗത്തെത്തിയത്.
 
     പുതിയ വെളിപ്പെടുത്തലോടെ ഖത്തർ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നാണ് സൂചന. ഇനി ഏവരുടെയും ശ്രദ്ധ മറ്റെന്നാൾ സഊദി തലസ്ഥാന നഗരിയായ റിയാദിൽ നടക്കുന്ന നാൽപതാമത് ഗൾഫ് ഉച്ചകോടിയിലേക്കാണ്. ഖത്തർ അമീർ പങ്കെടുത്താൽ ഖത്തർ പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിൽ അത് നിർണ്ണായകമായിരിക്കും. റിയാദില്‍ നടക്കുന്ന ജി.സി.സി യോഗത്തില്‍ വെച്ച് ഉപരോധവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ പുറത്തുവരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്.
 
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി റിയാദില്‍ അടിയന്തര അനൗദ്യോഗിക സന്ദര്‍ശനം നടത്തുകയും സഊദി  ഭരണാധികാരികളുമായി ചര്‍ച്ച നടത്തുകയും ചെയ്തുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദോഹയില്‍ നടന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോളിലേക്ക് ഉപരോധം ഏർപ്പെടുത്തിയ ചതുർ രാഷ്ട്രങ്ങളിലെ സഊദിക്കൊപ്പം യു.എ.ഇയും ബഹ്റൈനും ടീമുകളെ അയച്ചതും. അതിൽ തന്നെ വ്യോമ ഉപരോധം നിലനിൽക്കെ റിയാദില്‍ നിന്ന് നേരിട്ട് ദോഹയിലേക്ക് വിമാനമയച്ചാണ് സഊദി ടീമിനെയെത്തിച്ചതെന്നതും ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പ്രതീക്ഷക്കിട നൽകുന്ന വാർത്തകൾ പുറത്ത് വരുന്നത്. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.