2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിജയിച്ചത് ഖത്തര്‍ അമീറിന്റെ നയതന്ത്ര നീക്കം; അമീറിന് ഒരേസമയം ഹമാസ്- യു.എസ് നേതാക്കളുമായി മികച്ച ബന്ധം

വിജയിച്ചത് ഖത്തര്‍ അമീറിന്റെ നയതന്ത്ര നീക്കം; അമീറിന് ഒരേസമയം ഹമാസ്- യു.എസ് നേതാക്കളുമായി മികച്ച ബന്ധം

ദോഹ: ഫലസ്തീനില്‍ ഒന്നരമാസത്തിലേറെ നീണ്ട ഇസ്‌റാഈല്‍ ആക്രമണത്തിന് താല്‍ക്കാലികമായി അയവ് വരുമ്പോള്‍, വിജയിച്ചത് ഖത്തറിന്റെ നയതന്ത്ര നീക്കങ്ങള്‍. കഴിഞ്ഞമാസം ഏഴിന് ഇസ്‌റാഈല്‍ ഫലസ്തീനില്‍ ആക്രമണം തുടങ്ങിയത് മുതല്‍ തന്നെ മധ്യസ്ഥ നീക്കങ്ങള്‍ തുടങ്ങിയിരുന്നു ഖത്തര്‍. അതിന്റെ ഫലമായാണ് ആക്രമണത്തിന്റെ ആദ്യ ദിവസങ്ങളില്‍ നാലു ബന്ദികളെ ഹമാസ് മോചിപ്പിച്ചത്. ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയ ദിവസങ്ങളില്‍ തന്നെ സയണിസ്റ്റ് ഭരണകൂടത്തിനെതിരേ ആദ്യം രംഗത്തുവന്നതും ഫലസ്തീനികള്‍ക്ക് സഹായം പ്രഖ്യാപിച്ചതും ഖത്തറായിരുന്നു.

നേരത്തെ താലിബാന്‍ വിഷയത്തിലും യു.എസിന് വേണ്ടി മധ്യസ്ഥറോളിലെത്തിയത് ഖത്തറായിരുന്നു. ഉക്രൈന്‍ ബന്ദി വിഷയത്തിലും ഖത്തറിന്റെ ഇടപെടല്‍ വിജയിച്ചിരുന്നു. ഹമാസുമായും യു.എസ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുമായും മികച്ച ബന്ധം തുടരുന്ന ഖത്തറിന്റെ നീക്കങ്ങളെ മറ്റ് രാഷ്ട്രങ്ങളും പ്രതീക്ഷയോടെയാണ് കണ്ടത്. ഇതിന്റെ ഭാഗമായി സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ നേതാക്കളെല്ലാം ഇക്കഴിഞ്ഞ ഒന്നരമാസത്തിനിടെ ഒരുതവണയെങ്കിലും ഖത്തര്‍ സന്ദര്‍ശിച്ചു. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ഉള്‍പ്പെടെയുള്ളവര്‍ സമാധാനനീക്കങ്ങള്‍ക്കായി ദോഹയിലെത്തി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ കണ്ടു. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി യു.എസ് ചാര സംഘടന സി.ഐ.എയുടെയും ഇസ്‌റാഈല്‍ ചാര സംഘടന മൊസാദിന്റെയും മേധാവികളെ ഒന്നിച്ചിരുത്താനും ഖത്തറിന് കഴിഞ്ഞു.

   

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയെയാണ് മധ്യസ്ഥ നീക്കങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഖത്തര്‍ അമീര്‍ ചുമതലപ്പെടുത്തിയത്. നിലവില്‍ ഖത്തറില്‍ അഭയം തേടിയിരിക്കുന്ന ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളായ ഇസ്മാഈല്‍ ഹനിയ്യ, ഖാലിദ് മിശ്അല്‍ എന്നിവരുമായി ശെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ചകള്‍ നടത്തി. ഇതോടൊപ്പം ഗസ്സയിലെ ഹമാസ്, ഇസ് ലാമിക് ജിഹാദ് എന്നിവയുടെ നേതാക്കളെ പ്രതിനിധികളെ വിട്ടു കണ്ടു. ഈജിപ്ത് കൂടി എത്തിയതോടെ മധ്യസ്ഥശ്രമങ്ങള്‍ക്ക് വേഗതകൈവന്നു. വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ക്കൊപ്പം തന്നെ യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ പ്രമേയം കൊണ്ടുവരാനും നീക്കം നടത്തി. ഇതിനായി ശെയ്ഖ് മുഹമ്മദ് റഷ്യ സന്ദര്‍ശിക്കുകയും ചെയ്തു.

ആദ്യമായി ഫലസ്തീന് പുറത്ത് ഹമാസിനും അഫ്ഗാന് പുറത്ത് താലിബാനും ഓഫിസ് സൗകര്യങ്ങള്‍ അനുവദിച്ച രാജ്യമാണ് ഖത്തര്‍. നേരത്തെ അഫ്ഗാന്‍ അധിനിവേശ കാലത്ത് താലിബാനും യു.എസും തമ്മിലുള്ള ചര്‍ച്ചയ്ക്കും അടുത്തിടെ ഇന്ത്യയും താലിബാനും തനമ്മിലുള്ള ചര്‍ച്ചകള്‍ക്കും ആതിഥ്യമരുളിയത് ഖത്തര്‍ ആയിരുന്നു. വെടിനിര്‍ത്തല്‍ ഇരുവിഭാഗവും അംഗീകരിച്ചതോടെ ഖത്തര്‍ അമീറിനെ പ്രശംസിക്കാന്‍ യു.എസ്, ബ്രിട്ടണ്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള വന്‍ശക്തികളും ഈജിപ്തും രംഗത്തുവരികയുണ്ടായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.