: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഇനിയും അവസാനിക്കാത്തതിനാല്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചു വിടാന്‍ നിര്‍ബന്ധിതമായേക്കുമെന്ന് ഖത്തര്‍ എയര്‍വെയ്സ്. ജീവനക്കാര്‍ക്ക് അയച്ച ആഭ്യന്തര മെമോയില്‍ ഖത്തര്‍ എയര്‍വെയ്സ് ചീഫ് എക്സിക്യുട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ ഇക്കാര്യം അറിച്ചതായാണ് റിപ്പോര്‍ട്ട്.
‘കടുത്ത ഹൃദയവേദനയോടെയാണ് ഇക്കാര്യം അറിയിക്കുന്നത്, കൊവിഡ് പ്രതിസന്ധി അവസാനിക്കാത്തതിനാല്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്നേക്കും’,- അല്‍ ബേക്കര്‍ അറിയിച്ചു.
ചില മേഖലകളിലെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഒഴിവാക്കാനാകാത്തതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഏതൊക്കെ മേഖലകളിലാണ് പിരിച്ചുവിടല്‍ ഉണ്ടാവുക എന്ന് വ്യക്തമായിട്ടില്ല.കൊവിഡിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിമാന സര്‍വീസുകള്‍ക്ക് നേരിട്ട തിരിച്ചടിയില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്സും മുക്തമായിട്ടില്ല. തങ്ങളുടെ ഭൂരിഭാഗം സര്‍വീസുകളും ഇനിയും പുനരാരംഭിച്ചിട്ടില്ലെന്നും ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ വ്യക്തമാക്കി.
കൊവിഡിനു മുമ്പ് 170 സ്ഥലങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് നടത്തിയിരുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 190 കോടി ഡോളറിന്റെ നഷ്ടമാണ് ഖത്തര്‍ എയര്‍വെയ്സിന് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. നൂറിലേറെ സ്ഥലങ്ങളിലേക്കാണ് നിലവില്‍ ഖത്തര്‍ എയര്‍വെയ്സ് വിമാന സര്‍വീസ് നടത്തുന്നത്. കൊവിഡ് തരംഗത്തിനിടയിലും മുപ്പതോളം സ്ഥലങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്സ് വിമാന സര്‍വീസ് തുടര്‍ന്നിരുന്നു.
നേരത്തെ മെയ് മാസത്തിലാണ് ഖത്തര്‍ എയര്‍വെയ്സ് തങ്ങളുടെ ആദ്യ പിരിച്ചുവിടല്‍ നടത്തിയത്. മറ്റ് വിമാന കമ്പനികളെ അപേക്ഷിച്ച് തങ്ങള്‍ പിരിച്ചുവിട്ടവരുടെ എണ്ണം വളരെ കുറവാണെന്നും അല്‍ ബേക്കര്‍ വ്യക്തമാക്കി.
Comments are closed for this post.