പിവി അന്‍വര്‍ നല്‍കിയ പരാതിയില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസ്. ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് കേസ്. കേരളാ പൊലീസിന്റെ പ്രൊട്ടക്റ്റഡ് സിസ്റ്റമായ കമ്പ്യൂട്ടര്‍ വയര്‍ലസ് സംവിധാനത്തില്‍ അനധികൃതമായി കടന്നുകയറിയെന്നും എഫ്‌ഐആറില്‍ പറയുന്നു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്.
ഉന്നത ഉദ്യോഗസ്ഥരുടെ അതീവ രഹസ്യ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ്, ആക്ട്, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കിയ അന്‍വര്‍ എംഎല്‍എ പ്രധാനമന്ത്രിക്കും ഇ മെയില്‍ വഴി പരാതി അയച്ചിരുന്നു.
സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് സന്ദേശങ്ങള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സംവിധാനം ഷാജന്‍ സ്‌കറിയയുടെ പക്കലുണ്ടെന്നും പിവി അന്‍വര്‍ പരാതിയില്‍ ആരോപിച്ചു. ഷാജന്‍ സ്‌കറിയയുടെ പാസ്‌പോര്‍ട്ട് പരിശോധിച്ച് വിദേശ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യവസായികള്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഹാക്ക് ചെയ്‌തോയെന്ന് സംശയിക്കണമെന്നും പി വി അന്‍വര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചോര്‍ത്താന്‍ ഷാജന്‍ മഹാരാഷ്ട്രയിലെ സംവിധാനങ്ങള്‍ ഉപയോഗിച്ചെന്നാണ് ആരോപണം. തന്റെ പരാതി അന്വേഷിക്കുമെന്ന് ഡിജിപി ഉറപ്പു നല്‍കിയതായി പി വി അന്‍വര്‍ മീഡിയ വണിനോട് പറഞ്ഞിരുന്നു. വിഷയം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments are closed for this post.