പുതുപ്പള്ളി: തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. പ്രചാരണ ദിവസങ്ങളില്‍ ലഭിച്ച സ്വീകരണങ്ങള്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. എല്ലാം മികച്ച രീതിയില്‍ത്തന്നെ നടന്നു. പാര്‍ട്ടിയും മുന്നണിയും പ്രവര്‍ത്തകരും ഒന്നായി നടത്തിയ പ്രവര്‍ത്തനം വിജയം സമ്മാനിക്കും. സര്‍ക്കാരിന്റെ വിലയിരുത്തലാകും പുതുപ്പള്ളിയില്‍ ഉണ്ടാകുക. ഇടത് മുന്നണിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കും പുതുപ്പള്ളിയിലെ ജനം മറുപടി നല്‍കും. ഉമ്മന്‍ ചാണ്ടിയെന്ന വികാരം ആര്‍ക്കും ഇല്ലാതാക്കാന്‍ കഴിയില്ല. മണ്ഡലത്തിന്റെ യഥാര്‍ഥ ജനനായകന്‍ ഒപ്പമില്ലെന്നും താന്‍ പകരക്കാരനാണെന്നും ഉമ്മന്‍ ചാണ്ടി ചെയ്തുവച്ച വികസന പ്രവര്‍ത്തനത്തിന് തുടര്‍ച്ചയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍വേകളില്‍ വിശ്വാസമില്ലെന്നും പുതുപ്പള്ളിയിലെ വോട്ടര്‍മാരിലാണ് വിശ്വാസമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് വ്യക്തമാക്കി. വികസനം അടക്കം എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിട്ടുണ്ട്. മണ്ഡലത്തിലെ സ്ഥിതിയെ കുറിച്ചും ചര്‍ച്ച നടന്നു. ഈ വിഷയത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അടക്കമുള്ളവര്‍ക്ക് മറുപടി പറയേണ്ടി വന്നു. 2021ല്‍ ഏറ്റവും മികച്ച പ്രകടനമാണ് എല്‍.ഡി.എഫ് പുതുപ്പള്ളിയില്‍ കാഴ്ചവച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനത്തില്‍ വലിയ ജനപങ്കാളിത്തമാണ് കണ്ടത്. അതില്‍ ഇടത് മുന്നണി പ്രവര്‍ത്തകര്‍ മാത്രമല്ല ഉണ്ടായിരുന്നത്. ചാണ്ടി ഉമ്മന്റെ ‘സ്വപ്ന ഭൂരിപക്ഷം’ എന്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രഖ്യാപിച്ചില്ലെന്നും ജെയ്ക് ചോദിച്ചു. ഡ്രീം ഫിഫ്റ്റി പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, പ്രഖ്യാപനം നടത്താതെ പ്രതിപക്ഷ നേതാവ് പിന്നോട്ടുപോയി. ഭൂരിപക്ഷം സംബന്ധിച്ച് താന്‍ യാതൊരു അവകാശവാദവും ഉന്നയിക്കുന്നില്ല. മുന്‍കാല കണക്കുകള്‍ അതിന് മറുപടി പറയുമെന്നും ജെയ്ക് വ്യക്തമാക്കി.
പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് ആംഭിച്ചു. രാവിലെ മുതല്‍ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണുന്നത്.
182 ബൂത്തുകളുള്ള മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണുള്ളത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മണ്ഡലപരിധിയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ എട്ടിന് കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍.
Comments are closed for this post.