2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

വെറുപ്പ് സംപ്രേഷണം ചെയ്യുന്ന മാധ്യമങ്ങൾ

ഡോ. പുത്തൂർ റഹ്മാൻ

ഇന്ത്യയിലെ ടി.വി ചാനലുകളിൽനിന്ന് വാർത്തകളായും പ്രൈംടൈം ഡിബേറ്റുകളായും അന്തരീക്ഷത്തിലേക്കു പ്രസരിക്കുന്ന തരംഗങ്ങൾ കാണാൻ നമ്മുടെ കണ്ണുകൾക്ക് കഴിഞ്ഞിരുന്നെങ്കിൽ തീർച്ചയായും കണ്ണുകളിൽ പെടുക വിഷം വമിക്കുന്ന, രക്തദാഹികളായ കീടങ്ങളെയായിരിക്കും. ഇന്ത്യ എത്തിനിൽക്കുന്ന ഈ ഭയാനക സാഹചര്യങ്ങൾക്ക് സാമൂഹികവും രാഷ്ട്രീയവുമായ ഒട്ടേറെ കാരണങ്ങളുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേടിക്കേണ്ട ഭൂതങ്ങളാണ് പല ടി.വി ചാനലുകളുമെന്ന് പറയാതിരിക്കാൻ വയ്യ. രാഷ്ട്രീയഭിന്നതയും അഭിപ്രായഭിന്നതയുമല്ല ടി.വി ചർച്ചകളിലൂടെ ഉന്നയിക്കപ്പെടുന്നത്. മതസംഘർഷമുണ്ടാക്കുന്ന വിവാദങ്ങളിലൂടെ ഒരു മതവിഭാഗത്തെ മറ്റൊന്നിനെതിരായി പ്രകോപിപ്പിക്കുക വഴി ഇന്ത്യൻ ചാനലുകൾ കൂടിയാണ് ഫലത്തിൽ കലാപത്തിനുള്ള കളമൊരുക്കുന്നത്. യഥാർഥത്തിൽ ഇത് മാധ്യമപ്രവർത്തനത്തിന്റെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം കൂടിയാണ്. സമൂഹത്തിൽ ആഴത്തിൽ ഭിന്നതകൾ വിതക്കാനും കൊലപാതകങ്ങൾക്ക് ഇന്ധനം നൽകാനും മാധ്യമങ്ങൾക്ക് എങ്ങനെ കഴിയുമെന്നതിന് ജർമ്മനി മുതൽ റുവാണ്ട വരെയുള്ള രാജ്യങ്ങളുടെ ചരിത്രത്തിൽ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.

നുപൂർ ശർമ്മയുടെ പ്രവാചകനിന്ദയിലേക്കുതന്നെ വരാം. അതു സംഭവിച്ചത് ഒരു ചാനൽ ചർച്ചക്കിടെയാണ്. ബി.ജെ.പിക്ക് ലോകരാജ്യങ്ങളുടെ മുമ്പാകെ അവരുടെ യഥാർഥമുഖം കാണിക്കാൻ വയ്യാത്തതുകൊണ്ട്, നുപൂർ ശർമ്മയെ അവർ വഹിച്ച സ്ഥാനത്തുനിന്ന് നീക്കുകയും മുസ്‌ലിം രാജ്യങ്ങളിലെ സ്ഥാനപതികൾ അവർ പറഞ്ഞ അഭിപ്രായത്തെ തീവ്രനിലപാടെന്നു വിശേഷിപ്പിച്ചു വിശദീകരിക്കുകയും ചെയ്യേണ്ടിവന്നു. ടൈംസ് നൗ ചാനലിലെ നവിക കുമാറാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം തുടക്കമായ ചർച്ച നയിച്ചത്. ടൈംസ് നൗ പലവട്ടം ഇത്തരം പരിപാടികളിലൂടെ രാജ്യത്തെ വിദ്വേഷ പ്രചാരണത്തിന് നിന്ദ്യമായ സംഭാവനകൾ നൽകിയവരാണ്. ആ ചർച്ചയും തുടർന്നുണ്ടായ രണ്ടു തീവ്രവാദികളുടെ പൈശാചിക നീക്കവും രാജസ്ഥാനിൽ ഒരു തയ്യൽക്കാരന്റെ ജീവൻ നഷ്ടപ്പെടുത്തിയിരിക്കുന്നു. ചാനലുകളിൽനിന്നു വമിച്ച വെറുപ്പിന്റെ അണുപ്രസരം കൂടിയാണ് ഈ ദാരുണ സംഭവത്തിലേക്കു കാര്യങ്ങളെ എത്തിച്ചതെന്നു പറയാതെ വയ്യ. വെറുപ്പു പരത്താനും പര മതവിദ്വേഷം പറയാനും തൽപരരായവർക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്ന ചാനലുകൾക്കും അവതാരകർക്കും കൂടി പങ്കാളിത്തമുള്ള സംഭവവികാസങ്ങളാണ് രാജ്യത്തിപ്പോൾ നടക്കുന്നതെന്നു ചുരുക്കം. രാഷ്ട്രീയ മേലാളന്മാരും മാധ്യമസ്ഥാപന ഉടമകളും അവതാരകരും ചേർന്നാണ് നീചമായ ഈ ഇടപാട് പതിവാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ ജനസംഖ്യം ഇപ്പോൾ നൂറ്റി നാൽപതു കോടിയോളമാണ്. അതിൽ പതിനൊന്നു കോടിയിലേറെ ആളുകളെയാണ് ബി.ജെ.പി അംഗങ്ങളാക്കി മാറ്റിയത്. അപ്പോൾതന്നെ അവർ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാർട്ടിയാണ്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ പതിനാല് ശതമാനം മുസ്‌ലിംകളാണ് എന്ന വസ്തുതയുണ്ട്. ബി.ജെ.പിയെ അംഗീകരിക്കാത്തവരും എതിർക്കുന്നവരുമായ ജനകോടികൾ ഇന്ത്യയിൽ ബാക്കിയുണ്ട്. അവരെക്കൂടി തങ്ങളുടെ പാളയത്തിലെത്തിക്കുക എന്നതാണ് ബി.ജെ.പിയുടെ അജൻഡ. അതിനു വേണ്ടി കേവലം പതിനാല് ശതമാനം വരുന്ന മുസ്‌ലിംകളെ കരുവാക്കിയുള്ള പ്രചാരണങ്ങളാണ് അവർ നടത്തിപ്പോരുന്നത്. അതുകൊണ്ടുതന്നെ ഏതാണ്ട് എല്ലാ ചാനലുകളെയും വില കൊടുത്തോ പേടിപ്പിച്ചോ അവർ കീഴടക്കിയിരിക്കുന്നു. സ്വതന്ത്ര ശബ്ദങ്ങൾക്ക് മിക്കവാറും മാധ്യമങ്ങളിൽ സ്ഥാനമില്ല. സ്വതന്ത്ര മാധ്യമങ്ങൾക്ക് ഏതു നിലക്കും കൂച്ചുവിലങ്ങുകൾ വീഴുന്നു. നിർഭയരും സത്യസന്ധരുമയ ലേഖകരോ റിപ്പോർട്ടർമാരോ ഇപ്പോൾ വളരെ വിരളം. ദർബാരി പത്രപ്രവർത്തകരുടെ കാലമെന്ന് ഇതു വിശേഷിപ്പിക്കപ്പെടുന്നു. ഒരു കാലത്ത് ബി.ജെ.പിയുടെ വക്താക്കളായിരുന്നവർ ഇപ്പോൾ രാജ്യത്തെ മുൻപന്തിയിലുള്ള മാധ്യമസ്ഥാപനങ്ങളുടെ ഉടമകളോ നടത്തിപ്പുകാരോ ആവുകയും ചെയ്തിരിക്കുന്നു. അതിനിടെ ആശ്വാസമുണ്ടാക്കിയ ഒരു വാർത്ത എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം നടത്തിയതു മാത്രമാണ്.പുതിയ കാലത്തെ മാധ്യമങ്ങൾ ഭരണകൂടത്തിന്റെ സമ്മർദത്തിനു വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന ഒരു പൊതുധാരണയുണ്ട്. എന്നാൽ ഇതിനൊരു വിപരീത ധാരയുമുണ്ട്. ചില മാധ്യമങ്ങളെങ്കിലും ചരിത്രസന്ധികളിൽ നട്ടെല്ലോടെ നിവർന്നുനിൽക്കുകയുണ്ടായി. അപ്പോഴാണ് രാജ്യങ്ങളും ജനങ്ങളും വലിയ വിപത്തുകളിൽനിന്നു രക്ഷനേടിയത്. എന്നാൽ കാര്യങ്ങൾ വീണ്ടും മാറുകയാണ്. വാർത്തകൾ യുക്തിസഹമായ ഒരു നിഗമനത്തിൽ എത്തിച്ചേരുന്നതിനു സഹായിച്ച് പ്രേക്ഷകരെ സത്യം ബോധ്യപ്പെടുത്തുകയല്ല മാധ്യമങ്ങൾ ചെയ്യുന്നത്. വാർത്തകൾ എയർ ചെയ്യുന്നതിനു മുമ്പേ ഫലവും പ്രതിഫലവും മുൻകൂർ നിശ്ചയിക്കപ്പെടുകയാണിപ്പോൾ. ഈ ഒത്തുകളി മാധ്യമങ്ങളിൽ പതിവായിരിക്കുന്നു. വർഗീയകക്ഷികളെന്ന പോലെ വർഗീയ ചാനലുകളുമുണ്ട് രാജ്യത്ത്. സമാധാനവും സൗഹാർദവും പുനഃസ്ഥാപിക്കാൻ ഭൂരിപക്ഷ സമുദായത്തിനും ന്യൂനപക്ഷ സമുദായങ്ങൾക്കും വലിയ ഉത്തരവാദിത്വങ്ങളുണ്ട്. അതിൽ ഏറെ മുഖ്യമാണ് ഈ വർഗീയ മാധ്യമങ്ങൾ തുറന്നുകാട്ടപ്പെടുകയെങ്കിലും വേണമെന്നത്. കാഴ്ചക്കാരുടെ എണ്ണവും ലാഭവും വർധിപ്പിക്കാനുള്ള വ്യഗ്രതയിൽ കുറേ ചാനലുകൾ റേഡിയോ റുവാണ്ടയുടെ മൂല്യങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട പോലെയാണ് പെരുമാറുന്നത്. റേഡിയോ റുവാണ്ട വിതച്ച തീപ്പൊരികളാണ് പ്രസ്തുത രാജ്യത്ത് വംശഹത്യകൾ അരങ്ങേറാൻ കാരണമായത്. ദേശീയതയെ അപായപ്പെടുത്തുന്നതും സാമുദായിക സ്പർധ വർധിപ്പികുന്നതുമായ വിഷലിപ്ത ശബ്ദങ്ങൾക്ക് നിയമസാധുത നൽകുന്ന പണിനിർത്തി ചാനലുകൾ, തങ്ങൾ എന്താണു ചെയ്തുപോരുന്നതെന്ന് വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് എഡിറ്റേഴ്‌സ് ഗിൽഡ് അഭിപ്രായപ്പെട്ടത്. മാധ്യമലോകത്തു നിന്നുയർന്നുകേട്ട പ്രത്യാശയുള്ളൊരു ശബ്ദം ഇതുമാത്രമാണ്. ഒരു നല്ല മാധ്യമപ്രവർത്തകൻ മതപരവും പ്രാദേശികവും ഭാഷാപരവുമായി ഭിന്നങ്ങളായ ഇന്ത്യയിലെ സാമൂഹിക-സാംസ്‌കാരിക വൈകാരികതകളെ എപ്പോഴും മാനിക്കണം. വീക്ഷണങ്ങളുടെ എല്ലാ കോണുകളും ആത്മാർഥമായി, പക്ഷപാതമില്ലാതെ അവതരിപ്പിക്കണം. പക്ഷം പിടിക്കുകയാണെങ്കിൽ അവൻ നിലകൊള്ളേണ്ടത് എപ്പോഴും അധഃസ്ഥിതർക്കും ഇരകൾക്കുമൊപ്പമാണ്. എന്നാൽ ഇന്നത്തെ സ്ഥിതി മറിച്ചല്ലേ! സ്തുതിപാഠകരുടെ സഹകരണസംഘമായാണ് മാധ്യമങ്ങൾ മാറിയിരിക്കുന്നത്. ഭരണകൂടെത്തെയും സംഘ് പരിവാറിനെയും കൂടുതൽ സുഖിപ്പിക്കുന്നതിലാണ് അവരുടെ മത്സരം.

മാധ്യമങ്ങളുടെ ഈ മത്സരമാണ് രാജ്യത്തെ കൂടുതൽ ദുരന്തങ്ങളിലേക്കെത്തിക്കുക എന്നത് കാണാതിരുന്നുകൂടാ. എല്ലാ അവതാരകരും അർണബ് ഗോസാമിമാരും എല്ലാ ചാനലുകളും റിപബ്ലിക് ചാനലുകളുമായി മാറുന്ന ഒരു രാജ്യത്ത് ഉയർന്നുനിൽക്കുക ധ്രുവീകരണത്തിന്റെ ശബ്ദം മാത്രമാവും. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വെറുപ്പാണത് പ്രചരിപ്പിക്കുക.

മുസ്‌ലിംകളുടെ പ്രതിനിധികളാണ് തങ്ങളെന്ന വ്യാജേന പല ചാനലുകളിലും മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതര മതവിശ്വാസങ്ങളെ അവഹേളിക്കുകയാണ് മുസ്‌ലിംകളുടെ നിലപാട് എന്ന ചിന്ത പലരിലേക്കു പകരാനാണിതെന്ന് പ്രേക്ഷകർക്കറിയാം. ശേഷം അവരെക്കൊണ്ടു പറയിച്ച വെറുപ്പിന്റെ വാചകങ്ങൾ ബൈറ്റുകളായി വിതരണം ചെയ്യപ്പെടുന്നു. വ്യാജങ്ങൾ നാട്ടിലാകെ പടരുന്നതും സത്യം ആളുകളറിയാതെ പോകുന്നതും ഇങ്ങനെയുള്ള മാധ്യമ ചതികളിലൂടെയാണ്. രാജ്യത്തെ ചാനലുകൾ സംവാദങ്ങൾ നടത്തുന്നത് വിമർശനാത്മക ചിന്താഗതി വളർത്താനോ ഹിന്ദുക്കളെയും മുസ്‌ലിംകളെയും അടുപ്പിക്കാനോ വേണ്ടിയല്ല. വർഗീയ ജ്വാല ആളിക്കത്തിക്കാനുള്ള അവരുടെ കണക്കുകൂട്ടിയുള്ള നീക്കമാണതിനെല്ലാം മീതെ നിൽക്കുന്നത്. യജമാനഭക്തിയും ലാഭവുമാണ് ചാനലുകളുടെ ഈ മുസ്‌ലിം വിരുദ്ധ കാഴ്ചപ്പാടിന്റെ ചാലകശക്തി. ഈ കെണിയെക്കുറിച്ചുള്ള കണിശമായ ബോധമാണ് സമൂഹത്തിനു വേണ്ടത്. അതിന്റെ പ്രചാരകരാവുക എന്നത് ഇക്കാലത്തെ മാധ്യമപ്രവർത്തകരുടെ കൂടി ദൗത്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.