ബെംഗളുരു: തക്കാളിപ്പെട്ടിക്ക് ഗോദ്‌റേജിന്റെ പൂട്ടോ എന്ന് നമ്മള്‍ കളിയാക്കി പറയാറുണ്ട്. വില കുറഞ്ഞ തക്കാളിയുടെ പെട്ടിക്ക് ഗോദ്‌റേജിന്റെ പൂട്ടൊക്കെ വേണോയെന്നായിരുന്നു അതിലെ പരിഹാസം. എന്നാല്‍ ആ പഴമൊഴി മാറ്റാനായിരിക്കുന്നു. വില കുത്തനെ കൂടിയതോടെ തക്കാളി ഇനി ബാങ്ക് ലോക്കറില്‍ സൂക്ഷിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു കര്‍ണാടകയിലെ കര്‍ഷകര്‍ക്ക്. ചില ഭാഗങ്ങളില്‍ തക്കാളിക്ക് കിലോഗ്രാമിന് നൂറും 120 രൂപവരെയെത്തിയിരിക്കുന്നു വില.
ഒന്നര ലക്ഷം രൂപയുടെ തക്കാളിയാണ് ഹാസന്‍ ജില്ലയിലെ സോമനഹള്ളിയിലെ സോമശേഖറിന്റെ ഫാമില്‍ നിന്ന് മോഷണം പോയത്. 60ഓളം ചാക്കുകളിലായി സൂക്ഷിച്ച ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന തക്കാളിയാണ് കള്ളന്‍മാര്‍ റാഞ്ചിയത്. മൂന്ന് വര്‍ഷമായി സോമശേഖര്‍ കൃഷിയിടത്തില്‍ തക്കാളി കൃഷി ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്.
ബുധനാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ മകന്‍ ഫാമിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
വിളവെടുത്ത തക്കാളിയുടെ പകുതിയും മോഷണം പോയെന്ന് സോമശേഖറിന്റെ ഭാര്യ പാര്‍വതമ്മ പറഞ്ഞു. ‘ഞങ്ങള്‍ക്ക് രണ്ടേക്കര്‍ കൃഷിഭൂമിയാണുള്ളത്. കനത്ത മഴയും, കാലാവസ്ഥാ മാറ്റവും, രോഗബാധയും കാരണം മൂന്ന് വര്‍ഷമായി ഒന്നും വിളവെടുക്കാന്‍ കഴിഞ്ഞിരുന്നില്ല’, അവര്‍ പറഞ്ഞു.
സോമശേഖറിന്റെ പരാതിയില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 379 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയിലുടനീളം തക്കാളി വില കുതിച്ചുയരുന്ന സമയത്താണ് തക്കാളി മോഷണം.
Comments are closed for this post.