2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പുല്‍വാമ പുകയുന്നുമോദി മൗനത്തില്‍

 

ബിഎസ് ഷിജു

Pulwama is smoldering in Modi's silence

പുല്‍വാമയില്‍ 40 ഇന്ത്യന്‍ ധീരജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും രാജ്യസുരക്ഷയെപ്പോലും രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും ഹീനമായി ദുരുപയോഗം ചെയ്‌തെന്നുമുള്ള ജമ്മുകശ്മിര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലില്‍ നടുങ്ങിയിരിക്കുകയാണ് രാജ്യം. വെളിപ്പെടുത്തല്‍ പുറത്തുവന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയോ കേന്ദ്രസര്‍ക്കാരിലെ ഏതെങ്കിലും ഉത്തരവാദപ്പെട്ടവരോ ആരോപണങ്ങള്‍ നിഷേധിക്കാന്‍ മുന്നോട്ട് വന്നിട്ടില്ല. സംഭവം നടക്കുന്ന ദിവസം ജിംകോര്‍ബറ്റ് പാര്‍ക്കില്‍ ഫോട്ടോ ഷൂട്ടിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഫോണില്‍ വിളിച്ച് സുരക്ഷാ ഏജന്‍സികളുടെ വീഴ്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടരുതെന്ന് താക്കീത് ചെയ്തു എന്നതാണ് സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍. ‘ദി വയര്‍’ പുറത്തുവിട്ട വെളിപ്പെടുത്തല്‍ മുഖ്യധാര ദേശീയ മാധ്യമങ്ങളൊന്നും വേണ്ടത്ര പ്രാധാന്യത്തോടെ ഏറ്റെടുത്തിട്ടില്ല; ചര്‍ച്ചയാക്കിയുമില്ല. പകരം ദേശീയ മുഖ്യധാര മാധ്യമങ്ങളുടെ തലക്കെട്ടുകളിലും ചര്‍ച്ചകളിലും നിറഞ്ഞത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തലക്കെട്ടായ അതീഖ് അഹമ്മദിന്റെ കൊലപാതകമാണ്.


ദേശീയ സുരക്ഷ, മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്നതാണ് സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍. 2019 ഫെബ്രുവരി 14ന് ആണ് പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം നടക്കുന്നത്. ഈ സംഭവത്തെ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച് ദേശീയത പറഞ്ഞാണ് നരേന്ദ്രമോദിയും ബി.ജെ.പിയും വോട്ട് പിടിച്ചതും വീണ്ടും അധികാരത്തില്‍ എത്തിയതും. എന്നാല്‍ അന്നുതന്നെ 300 കിലോയോളം ആര്‍.ഡി.എക്‌സ് എങ്ങനെ സംഭവ സ്ഥലത്തെത്തി, ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിട്ടും ജെയ്‌ഷേ മുഹമ്മദ് എന്ന ഭീകര സംഘടനയില്‍നിന്ന് ഭീഷണി ഉണ്ടായിരുന്നിട്ടും ജവാന്മാരെ റോഡ് മാര്‍ഗം എന്തിനു കൊണ്ടുപോയി എന്നത് അടക്കം നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം സംശയങ്ങള്‍ ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സുരക്ഷാ ഏജന്‍സികളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ച മൂലമാണ് 40 ജവാന്മാരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് മറ്റാരില്‍ നിന്നുമല്ല, സംഭവം നടക്കുമ്പോള്‍ സംസ്ഥാന ഗവര്‍ണറായിരുന്ന വ്യക്തിയില്‍നിന്നുമാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. സത്യപാല്‍ മാലിക് ഒരു സാധാരണക്കാരനല്ല; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള, വിശ്വസ്തനായിരുന്നു. ജമ്മു കശ്മിരിനു പുറമെ ഗോവ, മേഘാലയ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ഗവര്‍ണറായി പ്രവര്‍ത്തിച്ചു. അദ്ദേഹം ഇപ്പോഴും ഭാരതീയ ജനതാ പാര്‍ട്ടി അംഗമാണ്, ഇതുവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടില്ല എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.


ഇതിനിടെ വ്യോമ മാര്‍ഗമാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നെന്നും പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനാണെന്നും അഭിപ്രായപ്പെട്ട് മുന്‍സൈനിക മേധാവി ശങ്കര്‍ റോയി രംഗത്തെത്തിയത് സര്‍ക്കാരിനെയും ബി.ജെ.പിയേയും കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്തുകൊണ്ട് സി.ആര്‍.പി.എഫ് ജവാന്മാരെ വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിച്ചില്ല എന്നതിന് മറുപടി പറയാന്‍ പ്രധാനമന്ത്രിക്കും അദ്ദേഹം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനും ബാധ്യതയുണ്ട്. അഞ്ചു വിമാനങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ 40 ധീര ജവാന്മാരുടെ ജീവന്‍ കുരുതി കൊടുക്കേണ്ടിവരില്ലായിരുന്നു.
അതി തീവ്രദേശീയതയും കപട രാജ്യസ്‌നേഹവുമൊക്കെ ഫാസിസ്റ്റുകളുടെ ഇഷ്ടായുധങ്ങള്‍ ആയിരുന്നെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തം. താരാതരം പോലെ അവയെടുത്തുവീശി അതിവൈകാരിക അന്തരീക്ഷം സൃഷ്ടിച്ചാണ് എല്ലാ ഏകാധിപതികളും അധികാരം നിലനിര്‍ത്തിയത്. ഇന്ത്യയില്‍ നരേന്ദ്ര മോദിയും ബി.ജെ.പിയും പിന്തുടര്‍ന്നുവരുന്നതും ഇതേ മാര്‍ഗമാണ്. ദേശീയതയും രാജ്യസ്‌നേഹവുമൊക്കെ അവര്‍ക്ക് വോട്ട് പിടിക്കാന്‍ വേണ്ടി മാത്രമുള്ള ആയുധമാണെന്ന് വ്യക്തമാക്കുന്നതാണ് സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍. 40 ജവാന്മാര്‍ രക്തസാക്ഷികളായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ജിം കോര്‍ബറ്റ് നാഷനല്‍ പാര്‍ക്കില്‍ വൈകുന്നേരം ഏഴു മണിവരെ മുന്‍നിശ്ചയിച്ചത് പ്രകാരമുള്ള ഫോട്ടോ ഷൂട്ട് തുടര്‍ന്നു എന്ന് സത്യപാല്‍ മാലിക് സ്ഥിരീകരിക്കുന്നുണ്ട്. അന്ന് ബി.ജെ.പി അധ്യക്ഷനായിരുന്ന അമിത് ഷായും രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. അതേസമയം, രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പുല്‍വാമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആ ദിവസത്തെ തങ്ങളുടെ പരിപാടികള്‍ റദ്ദാക്കുകയാണുണ്ടായത്.

മോദിയുടേയും അമിത് ഷായുടേയും നടപടിക്കെതിരേ അന്നുതന്നെ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 40 ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടര്‍ന്ന് 2019 ഫെബ്രുവരി 15ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരുകയും ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി അപലപിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അസമിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചതാകട്ടെ സര്‍വകക്ഷി യോഗത്തിലെ പൊതുവികാരത്തിനും അംഗീകരിച്ച പ്രമേയത്തിനും വിരുദ്ധമായും. ‘കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരല്ലാത്തതിനാല്‍ ജവാന്മാരുടെ ത്യാഗങ്ങള്‍ വെറുതെയാകില്ല’ എന്നായിരുന്നു ആ പ്രസ്താവന. പുല്‍വാമ അക്രമത്തെ ബി.ജെ.പി എങ്ങനെ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ ഉപയോഗിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകള്‍.

 


സത്യപാല്‍ മാലിക് കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍ പലതും പൂര്‍ത്തിയാക്കാതെ പറഞ്ഞുനിര്‍ത്തുന്നുണ്ട്. ആ നിശബ്ദത വലിയ നിഗൂഢതകള്‍ അവശേഷിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നു വേണം പ്രതീക്ഷിക്കാന്‍. പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ ദേശീയ സുരക്ഷയും സര്‍ക്കാരിന്റെ പരാജയവുമായി ബന്ധപ്പെട്ടതാണ്.

അത് സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും വ്യക്തമാക്കുന്നു. സംഭവം നടന്നിട്ട് നാലു വര്‍ഷം പിന്നിട്ടു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഏതുവരെ എത്തി എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും പറയുന്നില്ല. ഇതറിയാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ട്. 40 സൈനികരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച സംഭവത്തിലെ വീഴ്ചയെക്കുറിച്ച് ഒന്നും മിണ്ടരുതെന്ന് ഒരു ഗവര്‍ണര്‍ക്ക് താക്കീത് നല്‍കിയത് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഇതിലും വലിയ ദൗര്‍ഭാഗ്യം രാജ്യത്തിന് വരാനുണ്ടോ. സത്യാപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍ നിസാരമായി കാണേണ്ട ഒന്നല്ല. രാജ്യത്തെ സൈനികരുടെ മനോവീര്യത്തെ ഒന്നാകെ തകര്‍ക്കുന്നതാണ് വെളിപ്പെടുത്തലിലെ ഉള്ളടക്കം. അതുകൊണ്ടുതന്നെ വീരമൃത്യുവരിച്ച 40 സൈനികരുടെ കുടുംബങ്ങള്‍ മാത്രമല്ല, രാജ്യത്തെ ഓരോ പൗരനും സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലിലുള്ള പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.


ചോദ്യംചോദിക്കുന്നവരെ ആസൂത്രിത ഗൂഢാലോചനയിലൂടെ അയോഗ്യരാക്കി നിശബ്ദമാക്കാമെന്നും കോടികള്‍ ഒഴുക്കിയുള്ള പി.ആര്‍ വര്‍ക്കിലൂടെ എല്ലാ കൊള്ളരുതായ്മകളെയും മറച്ചുവയ്ക്കാനാകുമെന്നും ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബി.ജെ.പിയുടേയും കണക്കുകൂട്ടല്‍. എന്നാല്‍ സത്യം ഒരുനാള്‍ പുറത്തുവരുമെന്നത് പ്രപഞ്ച സത്യം. അങ്ങനെ പുറത്തുവന്നിരിക്കുന്ന സത്യങ്ങളിലൊന്നാണ് മുന്‍ ജമ്മുകശ്മിര്‍ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുന്നവരെ നിശബ്ദമാക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി പുതിയ ശബ്ദങ്ങള്‍ ഉയര്‍ന്നുവരുമെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Pulwama is smoldering in Modi's silence

(എ.ഐ.സി.സി ഗവേഷണ വിഭാഗം
കേരള ഘടകം ചെയര്‍മാനാണ് ലേഖകന്‍)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.