2021 January 15 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പി.എസ്.സിയുടെ മെമ്മോ മേള: ഇടതുപക്ഷ സര്‍വിസ് സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമെന്ന്: മുല്ലപ്പള്ളി

 

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ക്കുള്ള നിയമന മെമ്മോ പി.എസ്.സി ആസ്ഥാനത്ത് വിതരണമേള നടത്തി നല്‍കാനുള്ള പി.എസ്.സിയുടെ പുതിയ നടപടി ഇടതുപക്ഷ സര്‍വിസ് സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ നിയമന മെമ്മോ ഓണ്‍ലൈനില്‍ അപ്‌ലോഡു ചെയ്യുകയോ രജിസ്റ്റേര്‍ഡ് തപാലിലൂടെ അയക്കുകയോ ചെയ്യാമെന്നിരിക്കെയാണ് ഇത്തരം നടപടിക്ക് പി.എസ്.സി തയാറെടുക്കുന്നത്. ഇത് ഉദ്യോഗാര്‍ഥികളെ കൂടുതല്‍ വലയ്ക്കുന്ന തീരുമാനമാണ്. പി.എസ്.സി നടത്തുന്ന ഈ മേളയില്‍ പങ്കെടുക്കാന്‍ മലബാര്‍ മേഖലയില്‍ നിന്നും വരുന്നവര്‍ക്ക് ധനനഷ്ടത്തിനും ഇടവരുത്തും.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏകപക്ഷീയ തീരുമാനങ്ങളിലൂടെ പി.എസ്.സിയെ തകര്‍ക്കുന്ന നടപടികളാണ് എടുത്തിട്ടുള്ളത്. വര്‍ഷങ്ങളായി പി.എസ്.സി സുതാര്യവും സത്യസന്ധവുമായി നടത്തിവരുന്ന കായികക്ഷമത പരീക്ഷകള്‍, വകുപ്പുതല പരീക്ഷകള്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റികള്‍ എന്നിവ പി.എസ്.സിയില്‍ നിന്നും മാറ്റി പാരലല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ രൂപീകരിക്കാനുള്ള രഹസ്യനീക്കം നടക്കുന്നതായും മുല്ലപ്പള്ളി ആരോപിച്ചു.

വകുപ്പുതല പരീക്ഷകള്‍ സ്‌കൂളുകള്‍ പരീക്ഷാകേന്ദ്രങ്ങളായെടുത്ത് കുറ്റമറ്റ രീതിയിലാണ് നടത്തി വന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ സ്വകാര്യ എന്‍ജിനീയറിംഗ് കോളജുകള്‍ ഭീമമായ തുക നല്‍കി ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരീക്ഷകള്‍ നടത്തുകയാണ്. രണ്ടാംഘട്ട പരീക്ഷ നടത്തേ സമയമായിട്ടും ഇതുവരെ ആദ്യഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കമ്മിഷനിലെ സുപ്രധാന പോസ്റ്റുകളില്‍ ഇടതുപക്ഷ സംഘടനാ അനുഭാവികളെ നിയമിച്ച് സര്‍ക്കാരിന്റെ തുക്ലക് പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുകയാണ്. ഇടതുപക്ഷ അനുഭാവികളല്ലാത്ത ഉദ്യോഗസ്ഥരോട് വൈരനിര്യാതന ബുദ്ധിയോടുള്ള സമീപനം തുടരനാണ് സര്‍ക്കാരിന്റെയും പി.എസ്.സി ചെയര്‍മാന്റെയും നിലപാടെങ്കില്‍ ശക്തമായ പോരാട്ടം നടത്തുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.