
സെറ്റ് ഫലം ഉടന്‍ പ്രസിദ്ധീകരിച്ചാല്‍ കാല് ലക്ഷംപേര്‍ക്ക്
എച്ച്.എസ്.എസ്.ടി അപേക്ഷ സമര്‍പ്പിക്കാം
നീലേശ്വരം (കാസര്‍കോട്); ഹയര്‍സെക്കന്‍ഡറി അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ് )ഫലം പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് കാല് ലക്ഷത്തോളം ഉദ്യോഗാര്‍ഥികളുടെ ഭാവി ആശങ്കയില്‍.
പരീക്ഷാ നടത്തിപ്പിനുള്ള ചുമതല എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കാണ്. ജനുവരി ഒന്പതിനു തിരുവനന്തപുരം സെന്ററിലാണ് പരീക്ഷനടത്തിയത്. ഇതിന്റെ ഫലം ഫെബ്രുവരി രണ്ടിനകം പ്രസിദ്ധീകരിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
പി.എസ്.സി നടത്തുന്ന ഹയര്‍സെക്കന്‍ഡറി, നോണ്‍ വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക പരീക്ഷയില്‍ പങ്കെടുക്കുന്നതിന് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് വിജയിക്കണം.
നിലവില്‍ ഇംഗ്ലിഷ്, അറബി, ഉറുദു, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം, ജിയോഗ്രഫി, ബോട്ടണി, സുവോളജി, ഗണിതം, ഊര്‍ജതന്ത്രം, രസതന്ത്രം എന്നീ 13 വിഷയങ്ങളുടെ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ ( എച്ച്.എസ്.എസ്.ടി) വിജ്ഞാപനത്തില്‍ അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി രണ്ടാണ്.
ഇതിനകം ഫലം പ്രസിദ്ധീകരിച്ചാല്‍ മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ.
അല്ലെങ്കില്‍ പി.എസ്.സി അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടണം.
സാധാരണ ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് സെറ്റിനുള്ള വിജ്ഞാപനം ഇറക്കുന്നത്. എന്നാല്‍ കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം വിജ്ഞാപനവും പ്രസിദ്ധീകരിച്ചില്ല. രണ്ട് അവസരം നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഇക്കുറിയും അവസരം നഷ്ടമായാല്‍ വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.
ഇനിയും കാത്തിരിക്കുമ്പോഴേക്കും നിരവധി പേര്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിയും.
2017 ജൂലൈയില്‍ ഒരു മാസത്തിനകം സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാന്‍ പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള എല്‍.ബി.എസ് സെന്ററിന് സാധിച്ചിട്ടുണ്ട്.