ഒ.എം.ആര്‍, ഓണ്‍ലൈന്‍ പരീക്ഷകളടക്കം വിപ്ലവകരമായ മാറ്റങ്ങളുമായി മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയായ കേരള പബ്ലിക് സര്‍വിസ് കമ്മിഷന് പലയിടത്തും പിഴക്കുകയാണ്. പരിഹരിക്കാവുന്ന ന്യൂനതകളിലെ കടുംപിടുത്തം ഉദ്യോഗാര്‍ഥികളുടെ ഭാവി ഇല്ലാതാക്കുന്ന തരത്തിലാണ്. അതിനിടെയാണ് മറ്റു വീഴ്ചകളും. ചോദ്യപേപ്പര്‍ ചോര്‍ച്ച, ഇന്റര്‍വ്യൂവിലെ പക്ഷപാതിത്വം, മാര്‍ക്ക് ദാനം, തസ്തികമാറ്റത്തില്‍ മിനിമം മാര്‍ക്കില്ലാത്തവര്‍ക്ക് നിയമനം, നെഗറ്റീവ് മാര്‍ക്കുള്ള ഉദ്യോഗാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടല്‍, എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് ഉദ്യോഗാര്‍ഥികളോടുള്ള വിവേചനം അടക്കം നിരവധി ആരോപണങ്ങളാണ് ഈയടുത്ത് പി.എസ്.സി കേള്‍ക്കേണ്ടി വന്നത്. കേസുകള്‍ വര്‍ധിച്ചതും ഇതിനുള്ള തെളിവാണ്. ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ നിന്ന് തിരിച്ചുനടക്കണമെങ്കില്‍ ഗണ്യമായ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ പി.എസ്.സി അംഗങ്ങളും ചെയര്‍മാനുമാകുന്നത് കേരളത്തില്‍ മാത്രമാണ്. ഇതിന് പകരം വിരമിച്ച സത്യസന്ധരായ ഐ.എ.എസ് ഉദ്യോഗസ്ഥരെയോ ഹൈക്കോടതി ജഡ്ജിമാരെയോ ചെയര്‍മാനാക്കുകയും നിയമ, പൊതുഭരണ, ധനകാര്യ, വിദ്യാഭ്യാസ വകുപ്പുകളിലെ ഉന്നത തസ്തികയില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ കമ്മിഷന്‍ അംഗങ്ങളാക്കുകയും ചെയ്താല്‍ വീഴ്ചകളുടെ വ്യാപ്തി കുറക്കാനാവും. നിയമനം വേഗത്തിലാക്കാനായി സമയബന്ധിതമായി വിജ്ഞാപനം പ്രസിദ്ധീകരിച്ച്, പരീക്ഷ നടത്തി, ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച്, ഇന്റര്‍വ്യൂ നടത്തി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും വേണം. പരിഹരിക്കാവുന്ന ന്യൂനതകളില്‍ ഉദ്യോഗാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്നതും കോടതിയിലേക്ക് നീട്ടുന്നതും അവസാനിപ്പിക്കണം.
മാറ്റങ്ങള്‍ കൊണ്ട് വിപ്ലവം സൃഷ്ടിക്കുന്ന പി.എസ്.സിക്ക് അതാത് പ്രൊഫൈലില്‍ പരീക്ഷയുടെ മാര്‍ക്കിന്റെ വിശദാംശങ്ങള്‍ നല്‍കുകയെന്നത് നിഷ്പ്രയാസം നടത്താന്‍ സാധിക്കുന്നതാണ്. നിര്‍ഭാഗ്യവശാല്‍ അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല. കമ്മിഷനുമായി ബന്ധപ്പെട്ട കോടതി വിധികളുടെ കാര്യത്തിലും ഇതാണ് സ്ഥിതി. ഇവ വെബ്‌സൈറ്റില്‍ നല്‍കിയാല്‍ തന്നെ പാതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെങ്കിലും അത്തരത്തിലൊരു നടപടി കൈകൊള്ളുന്നില്ല. പലപ്പോഴും ജീവനക്കാര്‍ക്ക് സംഭവിക്കുന്ന വീഴ്ചകള്‍ ഏറ്റെടുത്താണ് കമ്മിഷന്‍ പുലിവാല് പിടിക്കാറ്. നിരവധി സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഏറ്റെടുക്കുന്നതിന് പകരം വീഴ്ച പറ്റിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണെങ്കില്‍ പിന്നീട് ഇത്തരം വീഴ്ചകള്‍ ഇല്ലാതാക്കാന്‍ സാധിക്കും.
കാലത്തിനനുസരിച്ച് സുതാര്യത സര്‍വ മേഖലകളിലും ഉണ്ടാവേണ്ടതുണ്ട്. മാര്‍ക്ക് സംബന്ധിച്ചുള്ള സംശയങ്ങള്‍ ഒഴിവാക്കാന്‍ ചുരുക്ക പട്ടികക്കൊപ്പം പരീക്ഷയെഴുതിയവരുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കുന്നത് സഹായകമാവും. ചോദ്യപേപ്പറുകള്‍ ചോര്‍ന്ന് പോകുന്നുവെന്നത് വിശ്വാസതയെ ബാധിക്കുന്ന വിഷയമായതിനാല്‍ ചോദ്യങ്ങള്‍ തയാറാക്കുന്ന അധ്യാപകര്‍ മുതല്‍ പരീക്ഷാ കേന്ദ്രങ്ങളിലുള്ളവര്‍ വരെ ജാഗ്രത വര്‍ധിപ്പിക്കേണ്ടതുണ്ട്. അതുപോലെ എല്ലാ സാമ്പത്തിക ഇടപാടുകളും വര്‍ഷാവര്‍ഷം ധനകാര്യ വകുപ്പിനെ പരിശോധിക്കാന്‍ അനുവദിച്ചാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സമീപ കാലത്ത് പി.എസ്.സി ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത് കോടതി വിധികളുടെ പക്ഷപാതിത്വത്തിലാണ്. കമ്മിഷനെതിരേയുള്ള വിധികളെ കണ്ട ഭാവം നടിക്കാറില്ല. ഇരട്ടത്താപ്പെന്ന രീതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരാറുമുണ്ട്. കോടതി വിധികള്‍ക്ക് അതിന്റെ ബഹുമാനം നല്‍കി, അത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകുന്ന രീതിയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ തന്നെ പി.എസ്.സിക്കെതിരായ ആരോപണങ്ങളില്‍ ഭൂരിഭാഗവും അവസാനിക്കും. അതിന് ചെയര്‍മാനും അംഗങ്ങളും ഒപ്പം ഉദ്യോഗസ്ഥരും കനിയണമെന്ന് മാത്രം.
ഉത്തര സ്‌ക്രിപ്റ്റ് വീണ്ടും പരിശോധിക്കാന്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് 45 ദിവസത്തിനുള്ളില്‍ 85 രൂപ ഫീസടച്ച് അപേക്ഷിക്കണം. ഒരു ദിവസം വൈകിയാല്‍ പോലും അപേക്ഷ സ്വീകരിക്കില്ല. എന്നാല്‍, പുനപ്പരിശോധനയുടെ ഫലം ലഭിക്കാന്‍ ഒരു വര്‍ഷം സമയമെടുക്കും. അതുപോലെ ഒ.എം.ആര്‍ ഉത്തരക്കടലാസിന്റെ (പാര്‍ട്ട് എ, പാര്‍ട്ട് ബി) ഫോട്ടോ കോപ്പി ലഭിക്കാന്‍ റാങ്ക് ലിസ്റ്റ് വന്ന തിയതി മുതല്‍ 45 ദിവസത്തിനുള്ളില്‍ 335 രൂപ ഫീസ് അടച്ച് അപേക്ഷിക്കണം. അത് ലഭിക്കാന്‍ 15 മാസം കഴിയുമെന്ന് മാത്രം. ഇത്തരത്തില്‍ നിരവധി അപ്രായോഗിക നിര്‍ദേശങ്ങളാണ് കമ്മിഷനിലുള്ളത്. ഇക്കാര്യങ്ങള്‍ തന്നെയാണ് ആരോപണങ്ങളുടെയും പരാതികളുടെയും ഭാണ്ഡക്കെട്ടുകള്‍ വര്‍ധിക്കാനും കാരണമാകുന്നത്. ഈ വിഷയങ്ങളിലെല്ലാം ഉദ്യോഗാര്‍ഥികള്‍ക്ക് കൂടി ഉപകാരപ്പെടുന്ന നിലപാടുകളിലേക്ക് മാറിയില്ലെങ്കില്‍ പരാതികള്‍ വിവിധ കോടതികള്‍ക്കും സര്‍ക്കാരിനും പി.എസ്.സിക്കും മുന്നില്‍ കുമിഞ്ഞുകൂടുമെന്നതില്‍ യാതൊരു സംശയവുമില്ല.
നിയമനങ്ങള്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കൃത്യമായി നടപ്പിലാക്കാനും തയാറാകണം. പലപ്പോഴും ഉത്തരവുകള്‍ നടപ്പിലാക്കാതെ വരുന്നത് കോടതിയിലടക്കം എത്തുന്നുണ്ട്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഏകീകരിക്കാന്‍ തയാറായാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അത് ഏറെ ഉപകാരപ്പെടും. ഒപ്പം പരാതികള്‍ക്കും ശമനമുണ്ടാകും.
ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കമ്മിഷനില്‍ അനിവാര്യമാണ്. കാരണം കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം, മെറിറ്റ്, ജാതി, മതം, സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നിവ പരിഗണിച്ച് നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ജോലി നല്‍കുന്ന ഭരണഘടനാ സ്ഥാപനമാണ് പി.എസ്.സി. നിര്‍ധനഅഭ്യസ്തവിദ്യരായ യുവജനങ്ങളുടെ പ്രതീക്ഷയും ആശ്രയവുമാണ് ഈ സ്ഥാപനം. ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നതും അതുകൊണ്ടാണ്.
Comments are closed for this post.