2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പ്രൊവിഡന്‍സ് സ്‌കൂള്‍ ഹിജാബ് വിലക്ക്: താക്കീതായി എസ്.കെ.എസ്.എസ്.എഫ് മാര്‍ച്ച്

പ്രതിഷേധ മാര്‍ച്ച് നടത്തിയ നേതാക്കള്‍ക്കെതിരേ കേസ്

കോഴിക്കോട്: പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ റാലി താക്കീതായി മാറി. അതേ സമയം മാര്‍ച്ച് നടത്തിയ നേതാക്കള്‍ക്കെതിരേ വഴി തടസ്സപ്പെടുത്തി ഗതാഗത തടസ്സം സൃഷ്ടിച്ചു എന്നു പറഞ്ഞ് പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന സെക്രട്ടറി ഒ .പി.എം അഷറഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അലി അക്ബര്‍ മുക്കം, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി റാഷിദ് കാക്കുനി, ജില്ല ട്രഷറര്‍ ഫൈസല്‍ ഫൈസി മടവൂര്‍, ജില്ലാ വൈസ് പ്രസിഡണ്ട് ത്വാഹാ യമാനി നല്ലളം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജുനൈദ് മാങ്കാവ് എന്നിവര്‍ക്കെതിരേയാണ് കേസ്് എടുത്തത്.

സ്‌കൂള്‍ അധികൃതര്‍ ഹിജാബ് വാലക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് കഴിഞ്ഞ ദിവസം ടി.സി വാങ്ങി വാങ്ങേണ്ടി വന്നിരുന്നു. രക്ഷിതാവ് വിദ്യാഭ്യാസമന്ത്രിക്ക് നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ്.കെ.എസ്.എസ്.എഫ് സ്‌കൂളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.
പെണ്‍കുട്ടികളുടെ അന്തസ്സ്, സ്വകാര്യത, വിദ്യാഭ്യാസം തുടങ്ങിയ മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിശ്വാസികളായ വിദ്യാര്‍ഥികള്‍ക്ക് മതാചാരത്തിന്റ ഭാഗമായ വസ്ത്രം ധരിക്കാന്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും അനുവാദം നല്‍കുന്നുണ്ട്.

ശിരോവസ്ത്രം ധരിക്കാന്‍ പാടില്ല എന്ന പ്രൊവിഡന്‍സ് സ്‌കൂള്‍ മാനേജ്‌മെന്റ് നിലപാട് ഭരണഘടന വിരുദ്ധമാണ്. അതോടെപ്പം മതേതര കേരളത്തിന് അപമാനവുമാണെണ്. വിഷയത്തില്‍ അടിയന്തര പരിഹാരം വേണമെന്നും ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി പ്രതിഷേധങ്ങള്‍ വ്യാപിപ്പിക്കാന്‍ വരും ദിവസങ്ങളില്‍ സംഘടന നേതൃത്വം നല്‍കുമെന്നും അദ്ദേഹംപറഞ്ഞു.
സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണണമെന്നും വിശ്വാസികളായ വിദ്യാര്‍ഥിനികള്‍ക്ക് അവരുടെ മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളുകളില്‍ പഠിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.

ജില്ലാ ജനറല്‍ സെക്രട്ടറി പി. അലി അക്ബര്‍ മുക്കം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഒ.പി.എം അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വര്‍ക്കിങ് സെക്രട്ടറി റാഷിദ് കാക്കുനി, ട്രഷറര്‍ ഫൈസല്‍ ഫൈസി മടവൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, നിസാം ഓമശ്ശേരി, വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് മുസ്തഫ സംസാരിച്ചു.ത്വാഹ യമാനി നല്ലളം, റഫീഖ് മാസ്റ്റര്‍ പെരിങ്ങളം, പി.ടി മുഹമ്മദ് കാതിയോട്, സയ്യിദ് മുഹമ്മദ് മിര്‍ബാത്ത് ജമലുല്ലൈലി, ശറഫുദ്ധീന്‍ കൊട്ടാരാക്കോത്ത്, അനസ് മാടക്കര,അനീസ് വെള്ളിയാലില്‍, സഫീര്‍ അശ്അരി പേരാമ്പ്ര, ശഫീഖ് മുസ്ലിയാര്‍ നടുവണ്ണൂര്‍,ജുനൈദ് മാങ്കാവ്, നൗഷാദ് അസ്ഹരി കിനാലൂര്‍, ഷംസീര്‍ കാപ്പാട്, ആബിദ് ദാരിമി കോഴിക്കോട് നോര്‍ത്ത്, ഗഫൂര്‍ പന്തീരങ്കാവ് നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.