2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മാക്രോണിന്റെ ഇസ്‌ലാം വിരുദ്ധ നിലപാട്: അറബ് ലോകത്ത് പ്രതിഷേധം ശക്തം, ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം

സമൂഹങ്ങളില്‍ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ക്ക് മാത്രമാണിത് സഹായകരമാക്കുകയെന്ന്  സഊദിപണ്ഡിത സഭ

      റിയാദ്: പ്രവാചകനെ അധിക്ഷേപിക്കുന്ന കാർട്ടൂണുകൾ ഉപേക്ഷിക്കാൻ തയാറാകാതിരിക്കുകയും മുസ്‌ലിംകളെ വിമർശിക്കുകയും ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ പ്രസ്താവനയിൽ അറബ്, മുസ്‌ലിം ലോകത്ത് കനത്ത പ്രതിഷേധം. ഫ്രഞ്ച് അധ്യാപകൻ സാമുവൽ പാറ്റിയെ നിഷ്ഠുരമായി വധിച്ച സംഭവത്തെ മുസ്‌ലിം ലോകം അതിശക്തമായി എതിർക്കുന്നതിനിടെ ഇക്കാര്യത്തിൽ ഫ്രാൻസ് പ്രസിഡസിന്റ് ഇമ്മാനുവേൽ മാക്രോൺ കൈകൊണ്ട നിലപാടിനെതിരെയാണ് മുസ്‌ലിം ലോകം രംഗത്തെത്തിയിരിക്കുന്നത്. ഇസ്‌ലാമിനെ വിമർശിക്കാനും മുസ് ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണത്തിനുമാണ് ഫ്രഞ്ച് പ്രസിഡന്റ് അവസരം ഉപയോഗപ്പെടുത്തുന്നതെന്ന ആക്ഷേപമാണ് ഉയർന്നത്.   

     സംഭവത്തിൽ ഫ്രാൻസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നതടകമുള്ള ആഹ്വാനങ്ങളാണ് അറബ് ലോകത്ത് നിന്നും ഉയർന്നത്. ഇസ്‌ലാമിനെ തീവ്രവാദവുമായി ബന്ധപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി അപലപിക്കുന്നതായി ജോർദാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിരുത്തരപാദപരമായ പരാമർശങ്ങൾക്ക് മാക്രോൺ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട ജോർദാനിലെ പ്രതിപക്ഷ കക്ഷിയായ ഇസ്‌ലാമിക് ആക്ഷൻ ഫ്രണ്ട് പാർട്ടി ഫ്രാൻസിന്റെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു.

    സോഷ്യൽ മീഡിയ വഴിയും ആഹ്വാനം ശക്തമാണ്. ഖത്തർ, കുവൈത് എന്നീ രാജ്യങ്ങളും ഇതേ ആവശ്യവുമായി രംഗത്തെത്തി. നിരവധി കുവൈത്ത് സ്ഥാപനങ്ങൾ ഫ്രഞ്ച് ഉൽപന്നങ്ങൾ തങ്ങളുടെ ഷോറൂമിൽനിന്ന് നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി. ഖത്തറിലെ അൽമീര സൂപ്പർ മാർക്കറ്റ് ശൃംഖല ഫ്രഞ്ച് ഉൽപന്നങ്ങളായ സെന്റ് ദാഫർ ജാം, സാഫ് ഇൻസ്റ്റന്റ് യീസ്റ്റ് എന്നിവ ഷെൽഫുകളിൽനിന്ന് ഒഴിവാക്കി. അൽമീരക്ക് പുറമെ, സൂഖ് അൽബലദിയും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഫ്രാൻസിന്റെ ചരക്കുകൾ വിൽപന നടത്തില്ലെന്ന് നോട്ടീസ് ഇറക്കിയിട്ടുണ്ട്.  
 
      ജിസിസിയും ഒഐസിസി യും സംഭവത്തിൽ ഫ്രഞ്ച് സർക്കാറിന്റെ നടപടിയെ വിമർശിച്ചിരുന്നു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്‌റോൺ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന ലോകജനതക്കിടയിൽ വിദ്വേഷ സംസ്‌കാരത്തിന്റെ വ്യാപനം വർധിപ്പിക്കുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്‌റഫ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. തീവ്രവാദ ഗ്രൂപ്പുകൾ സ്വീകരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ കെണിയിൽ വീഴുന്നതിനു പകരം ലോകത്തെങ്ങുമുള്ള മുസ്‌ലിംകളുടെ വികാരങ്ങൾ മാനിക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.    

     പ്രവാചകനെതിരായ അവഹേളനം സമൂഹങ്ങളില്‍ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ക്ക് മാത്രമേ സഹായകമാവുകയുള്ളൂവെന്ന് സഊദി പണ്ഡിത സഭയും മുന്നറിയിപ്പ് നൽകി. ഇത്തരം നീച കൃത്യങ്ങളെ വിലക്കുകയാണ് വേണ്ടത്.  പ്രവാചകന്മാരെ അപമാനിക്കുന്നത് ഇസ്‌ലാം വിലക്കുന്നതായും തീവ്രവാദങ്ങൾക്കുള്ള സൗജന്യ സേവനമാണ് ഇതിലൂടെ സംഭവിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. അധ്യാപകനെ അനുസ്മരിച്ച ചടങ്ങില്‍ കാര്‍ട്ടൂണുകള്‍ ഉപേക്ഷിക്കില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയതിനെതിരെയാണ് പ്രതിഷേധം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.