2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രതിഷേധം കടുക്കുന്നു; അപലപിച്ച് ജോര്‍ദാന്‍, ഇന്തോനേഷ്യ, മാലദ്വീപ് എന്നിവയടക്കം കൂടുതല്‍ രാജ്യങ്ങള്‍

  • ജോര്‍ദാന്‍, ഒമാന്‍, യു.എ.ഇ, ഖത്തര്‍, സഊദി, കുവൈറ്റും അടക്കമുള്ള രാജ്യങ്ങള്‍

 

   

ദുബായ്: പ്രവാചകനെ നിന്ദിച്ചുള്ള ബി.ജെ.പി നേതാക്കളുടെ വിവാദ പ്രസ്താവനയില്‍ വെട്ടിലായിരിക്കുകയാണ് ഇന്ത്യ. പ്രതിഷേധവുമായി അറബ് രാജ്യങ്ങള്‍ക്കു പറമേ മറ്റുരാജ്യങ്ങളും രംഗത്തുവരികയാണ്. വിവാദ പ്രസ്താവനയെ അപലപിച്ച് ഇന്തോനേഷ്യ, ജോര്‍ദാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങള്‍ കൂടി രംഗത്ത് വന്നു.  ഒമാനും യു.എ.ഇയും ഖത്തറും സഊദി അറേബ്യയും കുവൈറ്റും അടക്കമുള്ള വിവിധ രാജ്യങ്ങള്‍ രംഗത്തെത്തി.
അറബ് രാജ്യങ്ങള്‍ക്കിടയില്‍ നിന്നുള്ള പ്രതിഷേധവും കനക്കുകയാണ്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നതടക്കമുള്ള നടപടികളും ചിലയിടങ്ങളില്‍ കണ്ടു തുടങ്ങിയിരിക്കുന്നു.

അപകീര്‍ത്തി പരാമര്‍ശത്തെ അപലപിച്ച്  വിവിധ ജി.സി.സി രാജ്യങ്ങള്‍ വിവാദ പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് കൂടുതല്‍ രാജ്യങ്ങള്‍ പ്രതിഷേധമറിയിച്ചിരിക്കുന്നത്.

‘പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ രണ്ട് ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ അസ്വീകാര്യവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങളെ ഇന്തോനേഷ്യ ശക്തമായി അപലപിക്കുന്നു. ജക്കാര്‍ത്തയിലെ ഇന്ത്യന്‍ അംബാസഡറെ ഇക്കാര്യം അറിയിക്കുന്നു.’ -ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

പ്രവാചകനെ നിന്ദിച്ചുള്ള വിവാദ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി യു.എ.ഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

മാനുഷിക മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും വിരുദ്ധമായ എല്ലാത്തരം ആശയങ്ങളേയും പ്രസ്താവനകളേയും പ്രവൃത്തികളേയും യു.എ.ഇ തള്ളിക്കളഞ്ഞു.
മതവിശ്വാസങ്ങളെ ആക്രമിക്കാനും വിദ്വേഷ പ്രസംഗങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ ഒന്നിച്ചു നിന്ന് നേരിടണമെന്നും സഹിഷ്ണുതയുടേയും മാനുഷിക സഹവര്‍ത്തിത്വത്തിന്റേയും മൂല്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചു വരണമെന്നും പ്രസ്താവനയില്‍ യു.എ.ഇ ആവശ്യപ്പെട്ടു.

അതേ സമയം പ്രവാചക നിന്ദ പരാമര്‍ശത്തില്‍ കനത്ത പ്രതിഷേധവുമായി ഖത്തറും രംഗത്തെത്തി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ഔദ്യോഗിക സന്ദര്‍ശനവേളയിലാണ് ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തലിനെ വിളിച്ചു വരുത്തി ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചത്.
അതേസമയം, പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ച തീരുമാനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. എന്നാല്‍, ലോക മുസ്‌ലിംകളെ വേദനിപ്പിച്ച പ്രസ്താവന നടത്തിയതിന് പരസ്യക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ ഖത്തര്‍ വിശദീകരിച്ചു.
രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറുകയും ചെയ്തു.

പ്രവാചകനിന്ദക്കെതിരെ പ്രതികരണവുമായി ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹമ്മദ് അല്‍ ഖലീലിയും രംഗത്തെത്തി ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് പ്രവാചകനും പ്രിയ പത്‌നിക്കുമെതിരെ നടത്തിയ ധിക്കാരപരവും അശ്ലീലപരവുമായ പരാമര്‍ശം ലോകത്തുള്ള ഓരോ മുസ്‌ലിംകള്‍ക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാന്‍ ലോക മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചക നിന്ദ പ്രസ്താവനയെ സഊദി അറേബ്യയും അപലപിച്ചു. മുഹമ്മദ് നബിയെ അപമാനിക്കുന്ന ബി.ജെ.പി വക്താവിന്റെ പ്രസ്താവനകളെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. വിശ്വാസങ്ങളോടും മതങ്ങളോടും ബഹുമാനം ആവശ്യപ്പെടുന്ന രാജ്യത്തിന്റെ നിലപാട് ആവര്‍ത്തിച്ച്, വക്താവിനെ സസ്‌പെന്‍ഡ് ചെയ്ത ബി.ജെ.പി നടപടിയെ സ്വാഗതം ചെയ്യുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഗ്യാന്‍വാപി വിഷയത്തില്‍ ടെലിവിഷന്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ബി.ജെ.പി ദേശീയ വക്താവ്? നുപുര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.