2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: മൂന്നു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

  • ഒളിവിലുള്ള സുജിത് കുമാറിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി:വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. വധശ്രമത്തിനായിരുന്നു ഇവര്‍ക്കെതിരേ വലിയതുറ പൊലിസ് കേസെടുത്തിരുന്നത്. ഇവര്‍ 50,000 രൂപ കെട്ടിവയ്ക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴല്ലാതെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുത് എന്ന ഉപാധികളോടെയാണ്  ജാമ്യം അനുവദിച്ചത്.

മറ്റൊരു പ്രതിയായ സുജിത് കുമാറിന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിട്ടുണ്ട്. സുജിത് കുമാര്‍ ഒളിവിലായിരുന്നു. വലിയ വിവാദമുണ്ടാക്കിയ കേസിലാണ് ഹൈക്കോടതിയുടെ നടപടി.

വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് പ്രതികള്‍ ജാമ്യഹരജിയില്‍ വ്യക്തമാക്കിയത്. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ രണ്ട് വട്ടം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികള്‍ അറിയിച്ചു.

മുഖ്യമന്ത്രി കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ.നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവര്‍ ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയത്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഇവരെ സീറ്റുകള്‍ക്കിടയിലേക്കു തള്ളിയിട്ടു.

പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുവരെയും വലിയതുറ പൊലിസിനു കൈമാറി. സുജിത്കുമാര്‍ ഒളിവില്‍ പോയി. മര്‍ദനത്തില്‍ പരുക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പി.എയും ഗണ്‍മാനും നല്‍കിയ പരാതിയില്‍ വധശ്രമത്തിന് പൊലിസ് കേസെടുത്തിരുന്നു. അതിനിടെ ഫര്‍സീന്‍ മജീദിനെതിരേ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ഇദ്ദേഹത്തെ മുട്ടന്നൂര്‍ എ.യു.പി. സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.