2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി(സ്വ)

  ഹംസ റഹ്മാനി കൊണ്ടിപറമ്പ്

നാളെ റബീഉൽ അവ്വൽ ഒന്ന്. മുഹമ്മദ് നബി(സ്വ)യുടെ മറ്റൊരു ജന്മദിനമാസംകൂടി സമാഗതമാവുകയാണ്. പ്രവാചക ജന്മത്തിന്റെ വസന്തം വിരിഞ്ഞ്, ഇതോടുകൂടി 1497 സംവത്സരങ്ങൾ പിന്നിടുകയാണ്. തിരുജന്മം നടന്ന് ഒന്നര സഹസ്രാബ്ദത്തോടടുക്കുന്ന ഇപ്പോൾ പ്രവാചക ജീവിതത്തിന്റെ സന്ദേശങ്ങളുടെ പ്രസക്തി പൊതുസമൂഹത്തെയടക്കം വ്യാപകമായി ബോധ്യപ്പെടുത്തുന്നതോടൊപ്പം പരമാവധി പ്രകീർത്തന സദസ്സുകളൊരുക്കി പ്രേമം പ്രകടിപ്പിക്കാനുള്ള സന്ദർഭങ്ങളൊരുക്കലാണ് ജന്മദിനമാസത്തിൽ സത്യവിശ്വാസികൾക്ക് നിർവഹിക്കാനുള്ള പ്രധാന അജൻഡ.

നീതി നീങ്ങുന്ന ലോകം; നീതി നിറഞ്ഞ തിരുനബി(സ്വ) എന്നതാണ് ഈ വർഷം സമസ്തയും പോഷക സംഘടനകളും റബീഅ് കാംപയിനിന്റെ ഭാഗമായി തെരഞ്ഞെടുത്തിരിക്കുന്ന പ്രമേയം. മുകളിൽ പരാമർശിച്ച പോലെ, പ്രാചീനതയോട് ആധുനികതയെ ചേർത്തുപിടിച്ച് പ്രവാചക സന്ദേശങ്ങളുടെ പ്രസക്തി സത്യസന്ധമായി സാക്ഷ്യപ്പെടുത്തുന്ന ചുമതല ഏതായാലും, ഇങ്ങനെയൊരു പ്രമേയ വിശകലനത്തിനുണ്ട്.

മനുഷ്യരുടെ നാഗരിക, സാംസ്‌കാരിക വളർച്ചയിലും സാന്നിധ്യത്തിലും മികവ് പുലർത്തിയ കാലമെന്ന് ഒരു ചരിത്രവിശകലനത്തിലും പ്രവാചകർ ജനിച്ച ആറാം നൂറ്റാണ്ടിലെ അറേബ്യക്കില്ല എന്നതാണ് അതിന്റെ ഭാഗമായ ഒന്നാമത്തെ കാര്യം. മാത്രമല്ല, ഏറെ പ്രാകൃതരും ലോകോത്തരമായി തന്നെ പാർശ്വവൽക്കരിക്കപ്പെട്ടവരുമെന്ന ഖ്യാതിയാണ് മിക്ക ചരിത്രകാരന്മാരും അവർക്ക് പതിച്ചുകൊടുത്തത്. നാല്, അഞ്ച്, ആറ് നൂറ്റാണ്ടുകളിൽ ജ്വലിച്ചുനിന്ന റോം, പേർഷ്യ അതിനും മുമ്പുള്ള ഗ്രീക്ക്, ഈജിപ്ത്, ഭാരതീയ സംസ്‌കാരങ്ങളോട് കിടപിടിക്കാവുന്ന യാതൊന്നും പ്രാചീന അറേബ്യക്കുണ്ടായിരുന്നില്ല. ഭാഷ, സാഹിത്യം, കല, ആചാരാനുഷ്ഠാനങ്ങൾ എന്നു മാത്രമല്ല അറേബ്യയുടെ ഭൂമി പോലും ആർക്കും ആവശ്യമുണ്ടായിരുന്നില്ല. എന്നിരിക്കെ, ലോകത്തിനു മുന്നിൽ നിൽക്കാവുന്ന പ്രാപ്തിയിലേക്കും പ്രലോഭനങ്ങളോ പ്രകോപനങ്ങളോ ഇല്ലാതെ പരകോടികളുടെ മാനസങ്ങളിൽ അനിയന്ത്രിത സ്വാധീനം ചെലുത്തിയ മഹാത്ഭുതത്തിലേക്കും മുഹമ്മദീയ സന്ദേശങ്ങൾ എങ്ങനെയെത്തി എന്ന സൂക്ഷ്മ അന്വേഷണമാണ് ഇതിൽ നിന്ന് ഉടലെടുക്കേണ്ടത്. സംഘർഷവും താൻപോരിമയും തജ്ജന്യമായ യുദ്ധഭ്രാന്തുമായിരുന്നു അക്കാലത്തെ അറേബ്യയെ വിശ്വോത്തരമായി വ്യതിരിക്തമാക്കിയ പ്രധാന ഘടകമെന്നു എല്ലാവരും പറഞ്ഞുവച്ചിട്ടുണ്ട്. അരുംകൊലകൾക്കോ നൂറ്റാണ്ടു നീണ്ടുനിന്ന ഗോത്ര യുദ്ധങ്ങൾക്കോ ആ കാലഘട്ടത്തിന്റെ ചരിത്രത്തിൽ അപരിചിതത്വമുണ്ടായിരുന്നില്ല. അടങ്ങാതെ നിലനിൽക്കുന്ന പകയുടെയോ കെടാത്ത വിദ്വേഷത്തിന്റെയോ അടിസ്ഥാനം ജീവിതത്തിന്റെ വിവിധ തുറകളിലുള്ള അനീതിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഈ നീതി ശൂന്യത എല്ലാ മേഖലകളിലും നിറഞ്ഞുനിന്നിരുന്നുതാനും!

ഇത്തരം ദുഷിച്ച സാമൂഹിക രീതിക്കെതിരേ സധൈര്യം പ്രതികരിച്ചാണ് മുഹമ്മദ് നബി(സ്വ) രംഗത്തുവന്നത്. എല്ലാ മേഖലകളിലുമുള്ള അനീതിക്കും ക്ഷന്തവ്യമല്ലാത്ത അസമത്വത്തിനുമെതിരേ പ്രവാചകർ ആർജവത്തോടെ ശബ്ദിച്ചു. സ്ത്രീ സമൂഹത്തിന് പ്രാചീന അറേബ്യയിൽ, പ്രത്യേകിച്ച് ചില ഗോത്രങ്ങളിൽ യാതൊരു വിലയുമുണ്ടായിരുന്നില്ല. സ്ത്രീയുടെ സ്വത്വം അംഗീകരിക്കാൻ പോലും മടികാണിച്ചവർ അവർക്കിടയിലുണ്ടായിരുന്നു. യഥാർഥത്തിൽ, ഇത് അക്കാലത്തെ നാഗരികസമൂഹമായി അംഗീകരിക്കപ്പെട്ട റോമാക്കാർക്കിടയിൽ പോലുമുണ്ടായിരുന്നുവെന്ന് ഇതിനോട് ചേർത്തുതന്നെ വായിക്കേണ്ടതാണ്. എന്നാൽ, ചില അറബി ഗോത്രക്കാർക്കിടയിൽ പെൺ ശിശുഹത്യ, അഥവാ ചോരപ്പൈതലിനെ ജീവനോടെ കുഴിച്ചുമൂടുന്ന കൊടുംക്രൂരത നിലനിന്നിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.’കുഴിച്ചുമൂടപ്പെടുന്ന (പെൺ) കുട്ടിയോട് ചോദിക്കപ്പെടുന്ന സന്ദർഭ ‘മെന്ന അത്തക്‌വീർ അധ്യായത്തിലെ 8ാം വചനം ഇതിലേക്കുള്ള വ്യക്തമായ സൂചനയാണ്.
സ്ത്രീയും പുരുഷനും സമൂഹത്തിന്റെ അവഗണിക്കപ്പെടാനാകാത്ത അവിഭാജ്യഘടകമാണെന്ന നീതി ബോധമാണ് മുഹമ്മദ് നബി(സ്വ) ഈ വിഷയത്തിലുണ്ടാക്കിയത്. സ്വത്വം നിരാകരിക്കപ്പെടുകയും ജീവിക്കാനുള്ള അവകാശം പോലും ഇളംനാളിലെ നിഷേധിക്കപ്പെടുകയും ചെയ്ത ഒരു വിഭാഗത്തോട് ഇതിലപ്പുറം എന്ത് നീതിയാണ് പ്രകടിപ്പിക്കേണ്ടത്. എന്നാൽ, പ്രവാചകർ അതിലും അവസാനിപ്പിച്ചില്ല. മകൾ, ഉമ്മ, പെങ്ങൾ, ഭാര്യ എന്നീ മേഖലകളിലെല്ലാം അനുയായികളിൽനിന്ന് ഏറ്റവും മികച്ച പരിഗണനയും ആദരവും ലഭിക്കുന്ന വിധം അവരെ ഉന്നതശ്രേണിയിൽ പ്രതിഷ്ഠിച്ചു. മാത്രമല്ല, ഈ പരിഗണനകളിലൂടെയെല്ലാം, പ്രത്യേക സാമ്പത്തിക പാക്കേജ് സൂക്ഷ്മപരിശോധനയിൽ ആവശ്യമില്ലെന്ന സാമൂഹികഘടനയും വ്യവസ്ഥയും നിലനിർത്തിതന്നെ, അനന്തരസ്വത്തിൽ അർഹമായ അവകാശം അവർക്ക് നൽകി. ഇംഗ്ലണ്ടിൽ പോലും സ്ത്രീക്ക് സ്വത്താവകാശം ലഭിച്ചത് 18ാം നൂറ്റാണ്ടിലായിരുന്നുവെന്ന വസ്തുത നിലനിൽക്കെയാണിത് എന്നത് കൂട്ടിവായിക്കണം.
അസമത്വത്തിന്റെ ഹേതുകമായി ഇന്നും നിലകൊള്ളുന്ന വർഗ, വർണ, ഭാഷ, ഗോത്ര, ജാതി പ്രതീകങ്ങളെ എല്ലാം പ്രവാചകർ കൃത്യമായ അവബോധത്തിനും ഉദ്‌ബോധനത്തിനും മാത്രമായി ഉപയോഗപ്പെടുത്തി. വേർതിരിവിന്റെ എക്കാലത്തെയും പ്രതീകങ്ങളായ അടിമ-ഉടമ സാമൂഹിക രീതികളെ പോലും പരമാവധി സമത്വം പുഷ്പിക്കുന്ന പൂങ്കാവനമായി പ്രവാചകർ പരിവർത്തിപ്പിച്ചു. വർത്തകപ്രമാണിയായ അബൂബക്കറും സമ്പന്നനായ ഉസ്മാനും ഗോത്ര പ്രമുഖനായ അബൂദർറും അടിമയായ ബിലാലും ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്ന രംഗം അക്കാലത്ത് മാത്രമല്ല സത്യത്തിൽ, എക്കാലത്തെയും ചരിത്രത്തിലെ മഹാത്ഭുതമല്ലേ? ഉപരിസൂചിതമെന്നപോലെ, വിവേചനങ്ങളുടെ രസതന്ത്രം ജീനിൽ പതിഞ്ഞ ഒരു സമൂഹത്തെയാണ് പ്രവാചകർ മാറ്റിയെടുത്തത് എന്നതുകൂടി ചേർത്തുവായിക്കേണ്ടതാണ്.

ഭൗതികമായ പ്രലോഭനങ്ങളും നിക്ഷിപ്ത താൽപര്യങ്ങളും ഒളിപ്പിച്ചുവച്ച് പേരെടുക്കാൻ ചെയ്യുന്ന കാര്യങ്ങളായല്ല പ്രവാചകർ ഇവയെയൊന്നും സാധിപ്പിച്ചെടുത്തത്. പ്രത്യുത, ആത്യന്തിക ജീവിത വിജയത്തിന്റെ അടിസ്ഥാനാധാരമായ ആത്മീയതയെ ഊതിക്കാച്ചിയെടുത്തായിരുന്നു. ‘ഇപ്രകാരം നാം നിങ്ങളെ ഉത്തമ സമുദായമാക്കായിരിക്കുന്നു’വെന്ന (വി ഖു 2:143) വചനവും ‘ഒരു ജനതയോടുള്ള വിദ്വേഷം നിങ്ങൾക്ക് അനീതി പ്രവർത്തിക്കാൻ പ്രേരണയാകരുത്; നിങ്ങൾ നീതി ചെയ്യുക,(കാരണം) ദൈവഭക്തിയോട് ഏറെ അടുപ്പമുള്ളത് അതാണെന്നുമുള്ള'(വി.ഖു 5:8) വചനവും ഖുർആൻ വിഭാവനം ചെയ്യുന്ന സമൂഹത്തിന് ഒരു കാലത്തും അനീതിയോട് സഹയാത്ര നടത്താൻ കഴിയില്ലെന്ന പ്രഖ്യാപനം പ്രയോഗവൽക്കരിച്ചതുകൊണ്ട് കൂടിയായിരുന്നു.

ലിംഗസമത്വത്തിന്റെ പേരിലുള്ള മുറവിളി ചില ഭാഗത്ത് നിന്നെങ്കിലും ശക്തിപ്രാപിച്ച് വരുന്നതിനിടയിലാണ് ഈ വർഷത്തെ നബി ജന്മദിനാഘോഷം സമാഗതമാകുന്നതെന്ന പ്രത്യേകതകൂടിയുണ്ട്. മുഹമ്മദ് നബി (സ്വ)വിഭാവനം ചെയ്ത സമൂഹത്തിൽ ലിംഗ വിവേചനത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മുകളിൽ പരാമർശിച്ച പോലെ സുവ്യക്തമാണ്. മാത്രമല്ല, ശാരീരികമോ മാനസികമോ ആയ വൈകല്യത്തിന്റെ പേരിൽ സമൂഹത്തിലുണ്ടാകുന്ന ഭിന്നലിംഗക്കാരെ മാനുഷിക പരിഗണനയോടെ ചേർത്തുപിടിച്ച പാരമ്പര്യം കൂടി വിശുദ്ധ ഇസ്‌ലാമിനുണ്ട്. അഥവാ, ഭിന്നലിംഗക്കാരനായതിനാൽ ലിംഗ അസ്തിത്വം നഷ്ടപ്പെടാൻ ഒരു കാരണവശാലും ഇസ്‌ലാം അനുവദിക്കുന്നില്ല. പ്രകടമായ ശാരീരിക ലക്ഷണങ്ങൾകൊണ്ട് ലിംഗസ്വത്വം തിരിച്ചറിയാൻ കഴിയുമെങ്കിൽ ആ അവലംബത്തിലൂടെ ഇവരുടെ ജെൻഡർ വ്യക്തിത്വം വകവെച്ചു കൊടുക്കണമെന്നതാണ് ഇസ്‌ലാമിക പ്രമാണം. ശാരീരിക അടയാളങ്ങൾകൊണ്ട് ഒരു തരത്തിലും വ്യക്തത വരുന്നില്ലെങ്കിൽ കളങ്കമുക്തമായ അഭിരുചിയിലൂടെയെങ്കിലും ലിംഗവ്യക്തിത്വം വകവെച്ചുകൊടുക്കണം. ഏറെ, വിരളമായുണ്ടാകുന്ന ഇത്തരം സാമൂഹിക-ജൈവ പ്രതിസന്ധികളിൽ പോലും ലിംഗ വിവേചനമോ ലിംഗ ചൂഷണമോ അനുവർത്തിക്കുന്ന പ്രവണതക്ക് വിശുദ്ധ മതം അവസരം കൊടുക്കുന്നില്ല. ലിംഗനീതിയുടെ അതി സൂക്ഷ്മ പ്രതലങ്ങളിൽ പോലും മുഹമ്മദ് നബി (സ്വ) യുടെ ദർശനങ്ങൾക്ക് കാലഭേദങ്ങൾക്കതീതമായ പ്രഭയുണ്ട് എന്നാണ് ഈ നിലപാടുകളും സൂചിപ്പിക്കുന്നത്.

(എസ്.വൈ.എസ് റബീഅ് കാംപയിൻ
സംസ്ഥാന കൺവീനറാണ് ലേഖകൻ)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News