കോഴിക്കോട്: വയനാട് വന്യജീവി സങ്കേതത്തിലെ സ്വാഭാവിക വനത്തിന് ദോഷം ഉണ്ടാക്കുന്ന സസ്യങ്ങൾ നീക്കം ചെയ്യാൻ ആരംഭിച്ചു. അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നബാർഡ് സഹായത്തോടെയുള്ള പദ്ധതിക്ക് തുടക്കമായി. 1,672 ഹെക്ടർ പ്രദേശത്താണ് ഇത് നടപ്പാക്കുന്നത്. 5.31 കോടി രൂപയാണ് ചെലവ്.
മുത്തങ്ങ, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളിൽ ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വയനാട് വൈൽഡ് ലൈഫ് ഡിവിഷനില്‍ 12300 ഹെക്ടര്‍ വനഭൂമിയില്‍ വ്യാപിച്ചു കിടക്കുകയാണ് അധിനിവേശ സസ്യങ്ങൾ. മുത്തങ്ങ, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളിലാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.
മഞ്ഞക്കൊന്ന അടക്കമുള്ള സസ്യങ്ങളെയാണ് നീക്കം ചെയ്യുന്നത്. സസ്യഭുക്കുകളായ വന്യജീവികൾക്ക് ഉപയോഗപ്രദമല്ലാത്തതും തദേശയിനം വൃക്ഷങ്ങളെ വളരാന്‍ അനുവദിക്കാത്തതുമായ മഞ്ഞക്കൊന്ന കാടിന്റെ ജൈവ സമ്പത്തിനും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാണ്. പത്ത് സെ.മീറ്ററിന് മുകളിൽ വണ്ണമുള്ള തൈകൾ നെഞ്ച് ഉയരത്തിൽ തൊലി നീക്കം ചെയ്ത് അവ ഉണക്കി കളയുകയാണ് ചെയ്യുന്നത്. പത്ത് സെ.മീറ്ററിൽ താഴെ വണ്ണമുള്ളവ പിഴതു കളയും.
Comments are closed for this post.