2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ: ഉത്തരവ്, ക്രമസമാധാന നില തടസപ്പെടാനുളള സാധ്യത മുന്നില്‍ കണ്ട്

  • നിരോധനാജ്ഞ ഈ മാസം 20ന് വൈകീട്ട് ആറ് മണി വരെ

പാലക്കാട്: പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറും ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടതോടെയാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഏപ്രില്‍ 20ന് വൈകീട്ട് ആറ് മണി വരെയാണ് നിരോധനാജ്ഞ. മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് ഉത്തരവ്. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ മണികണ്ഠനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.
അതേ സമയം ക്രമസമാധാനം ഉറപ്പാക്കാന്‍, സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി വിജയ് സാഖറെയെ പാലക്കാടേക്ക് വിട്ടു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേല്‍നോട്ടം വഹിക്കാനാണ് നിര്‍ദ്ദേശം.

ഇന്ത്യന്‍ ആയുധ നിയമം സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്‌ഫോടക വസ്തു നിയമം 1884 ലെ സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.