കൊച്ചി: പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണിന്‍റെ അവസാനഘട്ട മത്സരങ്ങള്‍ വെള്ളിയാഴ്ച മുതല്‍ കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കും. കേരളത്തിൽ നിന്നുള്ള കാലിക്കറ്റ് ഹീറോസ് ഉൾപ്പെടെ നാല് ടീമുകളാണ് സെമി ഫൈനലിൽ മാറ്റുരക്കുക. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, കാലിക്കറ്റ് ഹീറോസ്, ബെംഗളൂരു ടോര്‍പ്പിഡോസ് എന്നിവയാണ് സെമി ഫൈനലിൽ എത്തിയ ടീമുകൾ.
ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചെണ്ണവും വിജയിച്ച അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ആണ് ലീഗിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് 10 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ് ഉള്ളത്. എട്ട് പോയിന്റുള്ള കാലിക്കറ്റ് ഹീറോസാണ് മൂന്നാമത് ഉള്ളത്. അത്രയും തന്നെ പോയിന്റോടെ ബെംഗളൂരു ടോര്‍പ്പിഡോസ് നാലാം സ്ഥാനത്താണ്.
വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ആദ്യ സെമിഫൈനല്‍ നടക്കും. രണ്ടാം സെമിഫൈനല്‍ ശനിയാഴ്ച വൈകിട്ട് ഏഴിനാണ്. ഞായറാഴ്ച വൈകിട്ട് ഏഴിനാണ് ഫൈനല്‍. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം കാണാം. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെയും മത്സരങ്ങള്‍ തത്സമയം കാണാനാവും
Comments are closed for this post.