ന്യൂഡല്‍ഹി: ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതു മാത്രമാണ് പ്രഥമപരിഗണനയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വിരുദ്ധ മതേതര സഖ്യം മാത്രമേ വിജയിക്കൂ. അതു എസ്.പിയാണോ ബി.എസ്.പിയാണോ കോണ്‍ഗ്രസ്സാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല- അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വോട്ട് പിളര്‍ത്താന്‍ തങ്ങള്‍ക്കു കഴിയുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഇതിനെ തള്ളപ്പറഞ്ഞ എസ്.പി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ്സ് യു.പിയില്‍ അത്ര വലിയ ശക്തിയല്ലെന്ന് പ്രതികരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് എസ്.പിയും ബി.എസ്.പിയും അടങ്ങുന്ന മഹാസഖ്യത്തിനെതിരെ കോണ്‍ഗ്രസ് മല്‍സരിക്കുന്നതിനെ ന്യായീകരിച്ചും പ്രിയങ്കയുടെ പ്രസ്താവനയെ പിന്തുണച്ചും രാഹുല്‍ രംഹത്തുവന്നത്.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കാനാണ് പ്രഥമ പരിഗണനനല്‍കേണ്ടതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിയങ്കയോടും ജ്യോതിരാദിത്യസിന്ധ്യയോടും പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സിന് ഒരിക്കലും വിജയിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ മഹാസഖ്യത്തെ പിന്തുണയ്ക്കും. അവസാനം മഹാസഖ്യവും കോണ്‍ഗ്രസ്സും സംസ്ഥാനം തൂത്തുവാരും. സംസ്ഥാനത്ത് എസ്.പിക്കും ബി.എസ്.പിക്കും കോണ്‍ഗ്രസ് ഒരു ഭീഷണിതന്നെയാണ്. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം മായവതിയും അഖിലേഷും അങ്ങേയറ്റം ആദരവുള്ള വ്യക്തികളാണ്. എസ്.പിയും ബി.എസ്.പിയുമായും സഖ്യം ഉണ്ടാക്കി വിജയിപ്പിച്ചെടുക്കാന്‍ കഴിയുന്ന സാഹചര്യമല്ല കോണ്‍ഗ്രസ്സിന് യു.പിയില്‍ ഉള്ളതെന്നും രാഹുല്‍ പറഞ്ഞു.
Comments are closed for this post.