2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സൂക്ഷമത തന്നെ പ്രതിവിധി, തഖ്‌വയെന്ന വാക്‌സിനേഷന്‍ ഉറപ്പായും ഫലപ്രദം

(നിസാര്‍ അലങ്കാര്‍- കുവൈത്ത്)

സൂക്ഷിക്കണം..സൂക്ഷ്മത വേണം. ഡബ്യൂ.എച്ച്.ഒ മുതല്‍ താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വരെ നല്‍കുന്നൊരു ഉപദേശമാണിത്. ചൈനയില്‍ നിന്നും ജന്മമെടുത്ത് ലോകമാകെ പടര്‍ന്നു കൊണ്ടിരിക്കുന്ന നോവല്‍ കോറോണ വൈറസ്.കൊട്ടാരത്തിലെ രാജാക്കന്‍മാരെ മുതല്‍ കുടിലിലെ വേലക്കാരെ വരെ അതു ഭയപ്പെടുത്തുന്നു. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ ട്രിപ്പിള്‍ മ്യൂട്ടന്റ്’വകഭേദങ്ങള്‍, ശാസ്ത്ര ലോകത്തെ അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി പിടിതരാതെ വിഹരിക്കുകയാണ്.

ലോകക്രമങ്ങളെ അത് മാറ്റി മറിച്ചിരിക്കുന്നു. ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. നമ്മുടെയെല്ലാം മുന്‍ഗണനകളിലും പരിഗണനകളിലും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. ജനലക്ഷങ്ങള്‍ക്ക് ഉടയവരെ നഷ്ടപ്പെടുന്നു. ഉറ്റവരെ വേര്‍പിരിയേണ്ടി വരുന്നു. പ്രാണവായു തേടി അലയുന്നവര്‍ നൊമ്പരകാഴ്ചകളായി മാറുന്നു. ദേവാലയങ്ങള്‍ ആതുര സേവനകേന്ദ്രങ്ങളായി സമാശ്വാസം പകരുന്നു.
പള്ളി പൊളിക്കാന്‍ നടന്നവര്‍ അതേ പള്ളിയില്‍ ചികിത്സയില്‍ കഴിയുന്നു.. കൊന്നുകളയണം എന്ന് വിചാരിച്ചവരില്‍ നിന്നു തന്നെ പരിചരണവും അഭയവും ലഭിക്കുന്നു.

സൂക്ഷമതയാണ് പരിഹാരം. കയ്യും കാലും കണ്ണും മൂക്കും വായയുമെല്ലാം സൂക്ഷിക്കണം…പോക്കിലും വരവിലും ഇടപഴകലിലുമെല്ലാം നിയന്ത്രണം വേണം. കോവാക്‌സിനും കോവിഷീല്‍ഡുമൊക്കെ തുണയാകണം. മരിക്കാന്‍ കാരണം പലതുമുണ്ട്. അതൊന്നുമില്ലാതെയും ആത്മാവ് ഈ ഉടലിനെ പിരിഞ്ഞ് പോകാം. എങ്കിലും മരണഭയം വിട്ടുമാറുന്നില്ല. സഹജീവികളെ വൈറസ് വാഹകരായ മരണദൂതന്‍മാരായി കാണേണ്ടി വരുന്നൊരു ദുര്യോഗം.

എന്തിനും തയ്യാറാണ്. ഈ ദുരവസ്ഥ ഒന്ന് മാറി കിട്ടണം. അന്ത്യം അതെങ്ങിനെ സംഭവിച്ചാലും ടെസ്റ്റ് റിസല്‍റ്റ് നെഗറ്റീവാകണേ..ഉള്ളുരുകിയുളള പ്രാര്‍ത്ഥനയാണ്. കാരണം പിന്നെ മയ്യിത്ത് വീട്ടില്‍ പോലും കയറ്റില്ല. കൂടെ ജീവിച്ചവര്‍ക്ക് അവസാനമായി ഒന്നും കാണാന്‍ പോലും അവസരം ലഭിച്ചെന്നു വരില്ല. എന്തായാലും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

പുണ്യ റമദാന്റെ ലക്ഷ്യമായി പടച്ചവന്‍ കല്‍പിച്ചതും അതു തന്നെയാണ്. നോമ്പെടുത്ത് നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകണം. പിശാചിനെയും ദേഹേഛയെയും നല്ലോണം സൂക്ഷിക്കണം. ആത്മാവിനെയത് കയറിപ്പിടിച്ചാല്‍ ജീവിതം കുടുസ്സാകും.

നന്മകള്‍ക്ക് തടസ്സമാകും. അതുകൊണ്ട്
കയ്യും കാലും കണ്ണും കാതും വായയുമെല്ലാം സൂക്ഷിക്കണം. പോക്കിലും വരവിലും ഇടപഴകലിലുമെല്ലാം നിയന്ത്രണം വേണം. തഖ്‌വയെന്ന വാക്‌സിനേഷന്‍ തുണയാകുമെന്നതില്‍ സംശയമില്ല. കാരണം അതു ലോകരക്ഷിതാവിന്റെ ഉറപ്പാണ്.

നശ്വരമായ ഈ ശരീരത്തെ വൈറസുകളില്‍ നിന്നും സംരക്ഷിക്കുന്നത് സൂക്ഷ്മതയെന്ന കവചമാണ്. അനശ്വരമായ ആത്മാവിനെ പരിരക്ഷിക്കുന്നതും തഖ്‌വയെന്ന വാക്‌സിനേഷന്‍. ഹൃദയത്തെ ഹറാമുകളില്‍ നിന്നും സംരക്ഷിക്കുന്ന ആത്മീയ കവചം. ദുന്‍യാവിനെയൊന്ന് ചെറുതാക്കി, പരലോകത്തെ കുറിച്ചൊന്ന് വലുതാക്കി ചിന്തിച്ചാല്‍ തീരാവുന്ന ബേജാറും പ്രശ്‌നങ്ങളുമേ നമുക്കൊക്കെയുള്ളൂ.

ജീവിതവും മരണവും തമ്മിലുളള ദൂരം അറുപത് സെകന്റുകള്‍ മാത്രം നീളുന്ന ഒരു സ്തംഭനം മാത്രമാണ്. ഹൃദയം ശുദ്ധവും ജീവിതം നന്മയിലുമാണെങ്കില്‍ പിന്നെ ആത്മാവിന് മരണം സ്വാതന്ത്ര്യമാണ്. സ്വര്‍ഗ്ഗീയമായൊരു അനുഭൂതിയാണ്.

‘ഭൂമിയിലോ നിങ്ങളുടെ സ്വന്തത്തില്‍ തന്നെയോ ഏല്‍ക്കുന്ന ഏതൊരു വിപത്തും, അതു സൃഷ്ടിക്കും മുമ്പ് തന്നെ ഒരു ഗ്രന്ഥത്തില്‍ ഉണ്ടായേ തീരൂ; അല്ലാഹുവിന്നത് സുഗമമാണ്. നിങ്ങള്‍, നഷ്ടപ്പെട്ടവയുടെ പേരില്‍ ദുഃഖിക്കാതെയും കിട്ടിയതിന്റെ പേരില്‍ ആഹ്ലാദിക്കാതെയുമിരിക്കാനാണത്.’
(വിഃഖു 57:22-23)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.