2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫലസ്തീൻ: സത്യവിശ്വാസിയുടെ ആയുധം പ്രാർത്ഥന, സമസ്ത പ്രാർഥനാ സമ്മേളനങ്ങൾ നാളെ

ഉമർ ഫൈസി മുക്കം

സത്യവിശ്വാസിയുടെ ആയുധം പ്രാർത്ഥന

ഏതു പ്രതിസന്ധി ഘട്ടങ്ങളെയു൦ തരണം ചെയ്യാനുള്ള വിശ്വാസിയുടെ ശക്തമായ ആയുധമാണ് പ്രാർത്ഥന എന്ന് മുഹമ്മദ് നബി (സ) പറഞ്ഞിരിക്കുന്നു. അത് രക്ഷയുടെ കവചമാണ്. ലക്ഷ്യ പ്രാപ്തിയിലേക്കുള്ള ഊട് വഴിയാണ്. സജ്ജനങ്ങളുടെ വാഹനമാണ്. മർദ്ദിതരുടെ നിർഭയ താവളമാണ്. അശരണരുടെ ആശാ കേന്ദ്രമാണ്. എല്ലാറ്റിലുമുപരി പ്രാർത്ഥന ആരാധനയാണ്. ആരാധനയുടെ മജ്ജയാണ് എന്നാണ് നബി( സ) പ്രവചിച്ചത്. പ്രാർത്ഥനാ നിരാസം അഹങ്കാരമാണ്. ” നിങ്ങളുടെ നാഥൻ പറഞ്ഞു എന്നോട് നിങ്ങൾ പ്രാർത്ഥിക്കുക ,ഞാൻ നിങ്ങൾക്ക് ഉത്തരം ചെയ്യും, എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നവർ നരകത്തിൽ നിന്ദ്യരായി പ്രവേശിക്കുന്നതാണ് “(വി.ഖു)
പ്രയാസ ഘട്ടങ്ങളിലൊക്കെ പ്രവാചകൻമാർ സ്വീകരിച്ച മാർഗ്ഗമാണ് പ്രാർത്ഥന .

പ്രസിദ്ധമായ ബദർ രണാ൦കളത്തിൽ സകല സായുധ സജ്ജരായ ആയിരത്തിൽ പരം മല്ലന്മാരോട് നിരായുധരും നിരാലംബരുമായ മുന്നൂറ്റി പതിമൂന്നു പട്ടിണിപ്പാവങ്ങൾ നേരിട്ടു ര൦ഗ൦ രൂക്ഷമായപ്പോൾ പ്രവാചകർ കൈ ഉയർത്തിക്കൊണ്ട് ” അല്ലാഹുവേ നീ എന്നോട് കരാർ ചെയ്ത വാഗ്ദത്തം നടപ്പാക്കി തരേണമേ, ഈ ചെറു സംഘം ഇവിടെ പരാജയപ്പെട്ടാൽ പിന്നീട് ഭൂമിയിൽ നിന്നെ ആരാധിക്കുന്നവർ ഉണ്ടാവുകയില്ല, അതുകൊണ്ട് നിൻറെ സഹായം അടിയന്തരമായി ഉണ്ടാവേണമേ ” രണ്ടു കൈയും മേലോട്ട് ഉയർത്തിക്കൊണ്ട് കണ്ണീരൊലിപ്പിച്ചുകൊണ്ടുള്ള ആ പ്രാർത്ഥന ആകാശ കവാടം തുറക്കാൻ കാരണമാവുകയും ദൃഷ്ടികൾക്ക് ഗോജരിഭവിക്കാത്ത സഹായം ലഭിക്കുകയും ചെയ്ത ചരിത്രം പ്രസിദ്ധമാണല്ലോ.

ആദം നബിയുടെയും നൂഹ് നബി യുടെയും അയ്യൂബ് നബിയുടെയു൦ ഇബ്രാഹിം നബിയുടെയും യൂനുസ് നബിയുടെയും അതു പോലെ പല അമ്പിയാക്കന്മാരുടെയും ദുരിത ഘട്ടങ്ങളിലെ പ്രാർത്ഥനയും തുടർന്ന് അവർക്ക് ലഭിച്ച സഹായവും ഖുർആനിൽ വിവരിച്ചിട്ടുണ്ട്. മർദ്ദിതരുടെ പ്രാർത്ഥന പെട്ടെന്ന് ഉത്തരം ലഭിക്കുന്നതാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ” മർദ്ദിതന്റെ പ്രാർത്ഥനയെ സൂക്ഷിക്കുക അതിന്റെയും അല്ലാഹുവിൻറെയും ഇടയിൽ യാതൊരു മറയുമില്ല” എന്നാണ് തിരുവചനം.
ഫലസ്തീനിലെ പാവപ്പെട്ട ജനങ്ങൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ സമാനത ഇല്ലാത്തതാണ്.

   

ഇസ്രായേൽ അവിടെ വംശഹത്യ നടക്കുകയാണ. കുരുന്നു കുഞ്ഞുങ്ങളെയും സ്ത്രീകളെയും രോഗികളെയും വരെ നിഷ്ടൂര കൊലയ്ക്ക് വിധേയമാക്കൊണ്ടിരി ക്കുകയാണ്. വീടുകളും പള്ളികളും ആശുപത്രികളും എല്ലാം ബോംബിട്ട് തരിപ്പണമാക്കുകയാണ്. കുടിക്കാൻ വെള്ളമില്ല ഭക്ഷിക്കാൻ ആഹാരം ഇല്ല വെളിച്ചമില്ല വൈദ്യുതി ഇല്ല പുറം രാജ്യവുമായി ബന്ധപ്പെടാനുള്ള മാർഗങ്ങൾ ഇല്ല വാർത്താവിനിമയ സരണികളൊക്കെ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ലോകരാഷ്ട്രങ്ങളിൽ ഏതാനും കണ്ണിൽ ചോരയില്ലാത്ത ചില രാജ്യങ്ങൾ ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളും പ്രതിഷേധിച്ചിട്ടും ഒരു വിലയും കൽപ്പിക്കാതെ ക്രൂരത തുടരുകയാണ്. ഇത് കാണുമ്പോഴും കേൾക്കുമ്പോഴും നമ്മുടെ മനസ്സ് വേദനിക്കുന്നില്ലേ, വിശ്വാസിയുടെ മനസ്സ് വേദനിക്കാതിരിക്കില്ല. ഇവരെ സഹായിക്കാൻ നമ്മുടെ അടുക്കലുള്ള ആയുധ൦ പ്രാർത്ഥനയാണ്. എല്ലാ ജില്ലകളിലും ദുആ സദസ്സുകൾ ഉണ്ടാക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ആവശ്യപ്പെട്ടത് പ്രകാരം നാളെ ( ചൊവ്വാഴ്ച) വൈകുന്നേരം എല്ലാ ജില്ലകളിലും പ്രാർഥനാ സമ്മേളനങ്ങൾ നടക്കുകയാണ്. പരിപാടികൾ വൻ വിജയമാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.