
റിയാദ്: കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ അടിയന്തിര വിമാന സർവ്വീസിന്റെ രണ്ടാം ഘട്ടത്തിൽ സഊദിയിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് വിമാനങ്ങൾ പുറപ്പെടും. റിയാദ്-കോഴിക്കോട്, ദമാം-കൊച്ചി വിമാനം ഇന്നും റിയാദ്-കണ്ണൂര്‍ നാളെയുമാണ് പുറപ്പെടുന്നത്. ഓരോ സർവ്വീസിലും 150 യാത്രക്കാർക്കാണ് അനുമതി. മൂന്ന് സർവ്വീസുകളിലായി 450 പ്രവാസികളെയാണ് എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കാനാകുക. കൂടാതെ, രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട ദമാം-ബംഗാളുരു- ഹൈദരാബാദ്, ജിദ്ദ-വിജയവാഡ-ഹൈദരാബാദ് നാളെയും റിയാദ്-ഹൈദരാബാദ്-വിജയവാഡ മെയ് 23 നും പുറപ്പെടും. കേരളത്തിലേക്കുള്ള മൂന്ന് സർവ്വീസുകൾ ഉൾപ്പെടെ ഇന്ത്യയിലേക്ക് ഈയാഴ്ച്ച ആറു സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
റിയാദില്‍ നിന്നും കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെക്കായി രണ്ടു സര്‍വ്വീസുകളും ദമാമില്‍ നിന്നും കൊച്ചിയിലേക്ക് ഒരു സര്‍വ്വീസുമടക്കം മൂന്ന് വിമാന സര്‍വ്വീസുകളാണ് കേരളത്തിലേക്ക് ഇടം നേടിയത്. കരിപ്പൂരിലേക്കുള്ള ആദ്യ വിമാനം എയർ ഇന്ത്യ എ ഐ 1906 ചൊവ്വാഴ്ച ഉച്ചക്ക് 12.45ന് റിയാദിൽ നിന്ന് പുറപ്പെട്ട് രാത്രി എട്ടു മണിയോടെ കരിപ്പൂരിലെത്തും. ഇതേ ദിവസം തന്നെ ദമാമിൽ നിന്നും കൊച്ചിയിലേക്ക് എ ഐ 1908 രാത്രി എട്ടു മണിയോടെ പുറപ്പെട്ട് രാത്രി എട്ടു മണിയോടെ കൊച്ചിയിലെത്തും. ബുധനാഴ്ച റിയാദിൽ നിന്ന് കണ്ണൂരിലേക്കുള്ള എ ഐ 1912 വിമാനം ഉച്ചക്ക് 12.45ന് പുറപ്പെട്ടു രാത്രി 20:30 നു നാട്ടിലെത്തും.
അതേസമയം, വളരെ കുറച്ച് പ്രവാസികൾക്ക് മാത്രമാണ് ഈയാഴ്ച്ചയും നാട്ടിലെത്താനാകുക. കേരളത്തിലേക്ക് മൂന്ന് വിമാനങ്ങളിലായി 450 ആളുകളും ഇന്ത്യയിലേക്കുള്ള മറ്റു മൂന്ന് വിമാനങ്ങളിലായി 450 പ്രവാസികൾക്കും മാത്രമാണ് യാത്രാ സൗകര്യം ലഭിക്കുക. ഏകദേശം ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് എംബസിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് .