2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പ്രവാസി മടക്കം: വിമാനങ്ങളിൽ അനർഹർ കയറിപ്പറ്റുന്നത് തടയണം: എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറം

         ദമാം: കൊറോണരോഗബാധ കാരണം ദുരിതത്തിലായ പ്രവാസി ഇന്ത്യക്കാരെ വിദേശങ്ങളിൽ നിന്നും നാട്ടിലെത്തിയ്ക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി സഊദിയിൽ നിന്നും പോകുന്ന ഫ്‌ളൈറ്റുകളിൽ അനർഹരായ യാത്രക്കാർ കയറിപ്പോകുന്നതായി വ്യാപകമായ പരാതി ഉയരുന്നു. തെറ്റായ ഈ നടപടിക്കെതിരെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സംഘടനകളുടെ സംയുക്തവേദിയായ എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറവും, നോർക്ക ഹെൽപ്പ്ഡെസ്‌ക്കും പ്രതിഷേധം പ്രകടിപ്പിച്ചു. ഗർഭിണികൾ, കാലാവധി അവസാനിയ്ക്കാൻ പോകുന്ന വിസിറ്റ് വിസയിൽ ഉള്ളവർ, മറ്റു ഗുരുതര രോഗികൾ, വൃദ്ധർ എന്നിവർക്ക് നാട്ടിലേക്കുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആദ്യപരിഗണന നൽകുമെന്നായിരുന്നു കേന്ദ്രവിദേശകാര്യ മന്ത്രാലയവും, ഇന്ത്യൻ എംബസ്സിയും അറിയിച്ചിരുന്നത്.

       എന്നാൽ ഈ വിഭാഗത്തിൽ ഒന്നും പെടാത്തവരും, റീ എൻട്രി വിസയിൽ പോകുന്നവരും അടക്കം അനർഹരായ പലരും മെയ് 12 ന് ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പോയ ആദ്യവിമാനത്തിൽ ഉണ്ടായിരുന്നു. ഇന്ത്യൻ എംബസ്സിയിലെ ഉദ്യോഗസ്ഥബന്ധങ്ങളും, രാഷ്ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തിയാണ് ഇങ്ങനെ അനർഹരായ ആളുകൾ യാത്രലിസ്റ്റിൽ കയറിപ്പറ്റുന്നത് എന്നാണ് ആരോപണം ഉയരുന്നത്. അനർഹരായ ആളുകൾ എംബസ്സി തയ്യാറാക്കുന്ന യാത്രക്കാരുടെ ലിസ്റ്റിൽ കയറിപ്പറ്റുമ്പോൾ, മാസം തികയാറായ ഗർഭിണികളും, ഗുരുതരമായ അസുഖങ്ങൾ ഉള്ളവരുമൊക്കെ നാട്ടിൽ പോകാനാകാതെ മാനസികസമ്മർദ്ദത്തിൽ കഴിയുകയാണ്. ഗുരുതരമായ സ്ഥിതി വിശേഷമാണിത്.

      എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറം പ്രവർത്തകർ നിരന്തരമായി എംബസ്സിയെ ബന്ധപ്പെടുകയും, എംബസ്സിയിൽ രജിസ്റ്റർ ചെയ്ത, നാട്ടിലേയ്ക്ക് അത്യാവശ്യമായി മടങ്ങേണ്ട ഗുരുതരമായ സ്ഥിതിവിശേഷം നേരിടുന്ന പ്രവാസികളെ കണ്ടെത്തി അവരുടെ കാര്യങ്ങൾ പലതവണ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാൽ അത്തരം അപേക്ഷകളൊന്നും പരിഗണിയ്ക്കപ്പെടുന്നില്ല. എംബസ്സി വോളന്റീർമാരുടെയും, സാമൂഹ്യപ്രവർത്തകരുടെയും, എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറം പ്രവർത്തകരുടെയും സഹായത്തോടെയാണ്, അടിയന്തരയാത്ര ആവശ്യമുള്ളവരുടെ മുൻഗണന ലിസ്റ്റ് തയ്യാറാക്കി നോർക്ക ഹെൽപ്പ്ഡെസ്ക്ക് ഔദ്യോഗികമായി ഇന്ത്യൻ എംബസിയ്ക്ക് കൈമാറിയത്. ഈ ലിസ്റ്റിലുള്ളവർക്ക് മുൻഗണനക്രമത്തിൽ യാത്രസൗകര്യം നൽകണമെന്ന് ആവശ്യപ്പെട്ട് എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറം ഭാരവാഹികൾ സഊദിയിലെ ഇന്ത്യൻ എംബസ്സിഡർക്ക് നിവേദനം നൽകി.

     അതോടൊപ്പം ഇന്ത്യൻ എംബസ്സി നിലവില്ലാത്ത കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ മടക്കയാത്ര സംബന്ധമായ കാര്യങ്ങൾ നിയന്ത്രിയ്ക്കാൻ, എംബസ്സിയിൽ നിന്നുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥനെ മുഴുവൻസമയ പ്രതിനിധിയായി നിയമിയ്ക്കണമെന്നും എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറം ഭാരവാഹികളായ ബിജു കല്ലുമല, പവനൻ മൂലയ്ക്കൽ, അലികുട്ടി ഒളവട്ടൂർ, എം.എ.വാഹിദ്, ആൽബിൻ ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.