2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്ഥിരീകരണമായി: വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ സഊദിയിൽ നിന്ന് കേരളത്തിലേക്ക് 11 സർവ്വീസുകൾ 

കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 3 സർവ്വീസുകൾ വീതവും കൊച്ചിയിലേക്ക് രണ്ടും സർവ്വീസുകളും 

അബ്ദുസ്സലാം കൂടരഞ്ഞി 

   

      റിയാദ്: വന്ദേ ഭാരത്‌ മിഷൻ നാലാം ഘട്ട വിമാന ഷെഡ്യൂളിൽ സഊദിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസിൽ സ്ഥിരീകരണമായി. റിയാദിലെ ഇന്ത്യൻ എംബസിയാണ് രാത്രിയോടെ പുതിയ ഷെഡ്യൂൾ ഔദ്യോഗികമായി പുറത്ത് വിട്ടത്. ഇതോടെ കേരളത്തിലേക്ക് സഊദിയിൽ നിന്നും പതിനൊന്ന് സർവ്വീസ് ഉണ്ടാകുമെന്ന് ഉറപ്പായി. 

     ജൂലൈ മൂന്ന് മുതൽ 10 വരെയുള്ള ഷെഡ്യൂളുകളിൽ റിയാദ്, ദമാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ നാല്  വിമാനത്താവളങ്ങളിലേക്കും ജിദ്ദയിൽ നിന്ന് കൊച്ചി ഒഴികെ മറ്റ് വിമാനത്താവളങ്ങളിലേക്കുമാണ് സർവിസുകൾ. 13 സര്‍വീസുകളാണ് ഇന്ത്യയിലേക്ക് സഊദിയിൽ നിന്നും നടത്തുന്നത്. ഇതിൽ 11 സർവ്വീസുകളും കേരളത്തിലേക്കാണ്. രണ്ട് സർവ്വീസുകൾ ഡൽഹിയിലേക്കും നടത്തും. 

     ജൂലൈ മൂന്നിന് ദമാം-കണ്ണൂർ, റിയാദ്-കോഴിക്കോട്, നാലിന് റിയാദ്-തിരുവനന്തപുരം, ദമാം-കോഴിക്കോട്, ജിദ്ദ-ഡൽഹി-ശ്രീനഗർ, അഞ്ചിന് ജിദ്ദ-കണ്ണൂർ, ആറിന് ദമാം-കൊച്ചി, ജിദ്ദ-കോഴിക്കോട്, ജിദ്ദ-ഡൽഹി, ഏഴിന് റിയാദ്-കണ്ണൂർ, എട്ടിന് ജിദ്ദ-തിരുവനന്തപുരം, ഒമ്പതിന് ദമാം-തിരുവനന്തപുരം, പത്തിന് റിയാദ്-കൊച്ചി എന്നിങ്ങനെയാണ് പുതിയ സർവ്വീസുകൾ. 

     വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട നാലാം ഘട്ട ഷെഡ്യൂളില്‍ സഊദിയിൽ നിന്ന് വന്ദേ ഭാരത് മിഷന്‍ സര്‍വീസിന്റെ വിവരം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിൽ സഊദിയിൽ നിന്നും ഒരു വിമാനം പോലും ലിസ്റ്റിൽ ഇടം പിടിച്ചിരുന്നില്ല. ഇതോടെയാണ് ഷെഡ്യൂളിൽ സംശയം ഉയർന്നിരുന്നത്. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.