
റിയാദ്: സഊദിയിൽ നിന്നും ഇന്ന് രണ്ടു വിമാന സർവ്വീസുകളിലായി അറുന്നൂറോളം പ്രവാസികൾ കണ്ണൂരിൽ ഇറങ്ങും. കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നും എംബസിയുടെ കീഴിൽ ജംബോ വിമാനവും സ്വകാര്യ ചാർട്ടേഡ് വിമാനവുമാണ് കണ്ണൂരിലേക്ക് യാത്രയാകുക. രണ്ടു വിമാനങ്ങളിലുമായി അറുന്നൂറോളം യാത്രക്കാർ ഇന്ന് കണ്ണൂരിൽ ഇറങ്ങും.
വന്ദേ ഭാരത് മിഷന് പദ്ധതിയുടെ ഭാഗമായുള്ള എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റ് വിമാനത്തിന് പുറമെ കണ്ണൂര്‍ എക്സ്പാറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ചാർട്ട് ചെയത് ഗോ എയര്‍ വിമാനവുമാണ് സര്‍വീസ് നടത്തുക. വന്ദേഭാരത് മിഷന് പദ്ധതിക്ക് കീഴില്‍ എയര്‍ ഇന്ത്യയുടെ എ.ഐ 1390 നമ്പര്‍ ജംബോ വിമാനത്തിൽ 400 ഓളം യാത്രക്കാരാണ് പുറപ്പെടുക. യാത്രക്കുള്ള ഒരുക്കങ്ങൾ എംബസി പൂർത്തിയാക്കിയിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചതിന് ശേഷം ആദ്യമായാണ് കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നും കണ്ണൂരിലേക്ക് വിമാന സർവ്വീസ് നടത്തുന്നത്. അതെ സമയം, ചാർട്ടേഡ് വിമാന നിരക്കിനേക്കാൾ അധിക തുക വാങ്ങുന്ന എയർ ഇന്ത്യ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.