
റിയാദ്: കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ അടിയന്തിര വിമാന സർവ്വീസിന്റെ രണ്ടാം ഘട്ടത്തിൽ സഊദിയിൽ നിന്ന് ഇന്ന് കേരളത്തിലേക്ക് രണ്ടു വിമാനങ്ങൾ പുറപ്പെട്ടു. കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ നിന്നും കൊച്ചിയിലേക്കും തലസ്ഥാന നഗരിയായ റിയാദിൽ നിന്നും കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ യാത്ര തിരിച്ചത്. രണ്ടു വിമാനങ്ങളിലുമായി 295 യാത്രക്കാരാണ് നാട്ടിലെത്തുക. ദമാം-കൊച്ചി യവിമാനത്തിൽ രണ്ടു കുട്ടികളടക്കം 143 പേരാണ് ഉച്ചക്ക് 12.45 നു ദമാമില്‍നിന്നു പുറപ്പെട്ട വിമാനം രാത്രി എട്ടിന് കൊച്ചിയില്‍ ഇറങ്ങും. റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ 152 യാത്രക്കാരാണ് ഇടം നേടിയത്. റിയാദിൽ നിന്ന് തന്നെ നാളെ മറ്റൊരു വിമാനം കൊച്ചിയിലേക്ക് പോകുന്നുണ്ട്.
Passengers share their experience on #VandeBharathMission pic.twitter.com/T1Jn8VSQSE
— India in SaudiArabia (@IndianEmbRiyadh) May 19, 2020
ഗർഭിണികൾ, വിസാകാലാവധി കഴിഞ്ഞവർ, തൊഴിൽ നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ളവരാണ് യാത്രയിൽ ബഹു ഭൂരിഭാഗവും. എന്നാൽ, അനർഹർ കയറിപ്പറ്റിയെന്ന ആക്ഷേപം ഇത്തവണയും ഉയർന്നിട്ടുണ്ട്. കടുത്ത രോഗികളും, തുടര്‍ചികിത്സ ആവശ്യമുള്ളവരും ഗര്‍ഭിണികളും സന്ദര്‍ശക വിസയിലെത്തി കാലാവധി കഴിഞ്ഞു ഇവിടെ കുടുങ്ങിയ പ്രായമായവരുമാണ് മുന്‍ ഗണനാ പട്ടികയില്‍ ഇടം പിടിക്കേണ്ടവരെങ്കിലും ഈ ഗണത്തിലൊന്നും പെടാത്ത ഏതാനും പേർ ദമാം-കൊച്ചി യാത്രയിൽ ഇടം നേടിയതായാണ് വിവരം. ഒരു പ്രമുഖ കമ്പനിയിലെ മാനേജരും കുടുംബവും അവസാന നിമിഷത്തില്‍ ഈ വിമാനത്തില്‍ ഇടം നേടിയത് പരാതിക്കിടയാക്കിയിട്ടുണ്ട്.
വിമാനത്താവളങ്ങളിൽ മണിക്കൂറുകൾക്കു മുമ്പേ തന്നെ യാത്രക്കാർ എത്തിച്ചേർന്നിരുന്നു. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് നടപടികൾ പൂർത്തീകരിച്ചത്. എംബസി, നോർക്ക ഹെൽപ്പ് ഡെസ്ക് അധികൃതർ, കെഎംസിസി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ തുടങ്ങിവർ യാത്രക്കാരുടെ സഹായത്തിനായി ദമാം, റിയാദ് വിമാനത്താവളങ്ങളിൽ എത്തിച്ചേർന്നിരുന്നു.