2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രവാസി മടക്കം  പ്രതിസന്ധിയില്‍

 സ്വന്തം ലേഖകന്‍

 
തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് 48 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതോടെ നാടണയാന്‍ കാത്തുനില്‍ക്കുന്ന ഗര്‍ഭിണികളും കുട്ടികളുമടങ്ങിയ പതിനായിരക്കണക്കിന് പ്രവാസി മലയാളികള്‍ പെരുവഴിയില്‍. യു.എ.ഇയില്‍ പരിശോധനയ്ക്കു ശേഷമേ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കൂ എന്നതിനാലും ഖത്തറില്‍ പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും എഹ്‌തെരാസ് എന്ന മൊബൈല്‍ ആപ്പ് നിര്‍ബന്ധമാക്കിയതിനാലും ഈ രണ്ടു രാജ്യങ്ങളിലുള്ളവര്‍ക്ക് പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാതെ തന്നെ കേരളത്തിലെത്താം. എന്നാല്‍ മറ്റു രാജ്യങ്ങളിലുള്ളവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 
പ്രധാനമായും സഊദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലുള്ള പ്രവാസികളാണ് പെരുവഴിയിലായത്. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം നിശ്ചയിച്ച ട്രൂനാറ്റ് പരിശോധനയ്ക്ക് (ബ്ലഡ് റാപ്പിഡ് ടെസ്റ്റ്) സഊദി അറേബ്യയിലടക്കം നാലു ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
 സ്ട്രിപ്പില്‍ രക്തത്തുള്ളി പതിപ്പിച്ചുള്ള പരിശോധനയാണ് ട്രൂനാറ്റ്. അരമണിക്കൂറിനുള്ളില്‍ ഫലം കിട്ടുമെങ്കിലും കൃത്യതയില്ലെന്നാണ് സഊദിയുടെ നിലപാട്. സഊദിയില്‍ നിലവില്‍ പി.സി.ആര്‍ പരിശോധനയ്ക്കു മാത്രമാണ് സാധുതയുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആന്റിബോഡി ടെസ്റ്റിനും ട്രൂ നാറ്റ് ടെസ്റ്റിനും സഊദി ആരോഗ്യമന്ത്രാലയം അനുമതി നല്‍കില്ല എന്ന നിലപാടിലാണ്. മറ്റു രാജ്യങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. 
 
അതേസമയം, കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുള്ളവര്‍ വന്നാല്‍ മതിയെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന സര്‍ക്കാര്‍ ട്രൂനാറ്റ് പരിശോധന ഇപ്പോള്‍ കേന്ദ്രത്തിന്റെ തലയില്‍ വച്ച് കൈയൊഴിയുകയാണ്. കേന്ദ്രം ഇടപെട്ട് എംബസികള്‍ വഴി പരിശോധന നടത്തണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 
എന്നാല്‍ കേരളത്തിനായി മാത്രം ഇങ്ങനെയൊരു തീരുമാനം എംബസി വഴി നടത്താന്‍ കഴിയില്ലെന്ന് കേന്ദ്രവും പറയുന്നു. മറ്റു സംസ്ഥാനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാത്തതിനാല്‍ കേന്ദ്രം ഇതില്‍ ഇടപെടില്ലെന്നാണ് സൂചന. പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ കേരളം അനുമതി നല്‍കിയ 829 ചാര്‍ട്ടേഡ് വിമാനങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ടിക്കറ്റെടുത്ത ഗര്‍ഭിണികളടക്കമുള്ളവരുടെ യാത്രയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കാരണം മുടങ്ങുന്നത്.
ഗള്‍ഫില്‍ കൊവിഡ് -19 രോഗ ലക്ഷണങ്ങളുള്ളവര്‍ക്കു മാത്രമേ സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധന നടത്തൂ. സഊദി അറേബ്യയില്‍ 1,522 റിയാലും (30,900 രൂപ) കുവൈത്തില്‍ 113 ദിനാറും (28,000 രൂപ) ഒമാനില്‍ 75 റിയാലും (14,900 രൂപ) ബഹ്‌റൈനില്‍ 50 ദിനാറും (10,101രൂപ) യു.എ.ഇയില്‍ 370 ദിര്‍ഹവും (7700 രൂപ) ആണ് ഇപ്പോള്‍ പരിശോനയ്ക്ക് ഈടാക്കുന്നത്. ജോലി നഷ്ടമായും വിസ തീര്‍ന്നും മടങ്ങുന്ന പാവപ്പെട്ടവര്‍ക്ക് ഭാരിച്ച പരിശോധനാ ചെലവ് താങ്ങാനാവില്ല. കൈയില്‍ പണമുണ്ടെങ്കില്‍ തന്നെ സ്രവമെടുക്കാന്‍ ബുക്ക് ചെയ്ത് ദിവസങ്ങളോളം കാത്തിരിക്കണം. ഫലം കിട്ടാന്‍ 96 മണിക്കൂര്‍ വരെയെടുക്കും. എസ്.എം.എസായാണ് ഫലം കിട്ടുക. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വിധത്തില്‍ സര്‍ട്ടിഫിക്കറ്റ് മിക്കയിടത്തുമില്ല. ബഹ്‌റൈനില്‍ എട്ടു സ്വകാര്യാശുപത്രികള്‍ക്കു മാത്രമാണ് പരിശോധനാനുമതി. ഒമാനിലെ സലാലയില്‍ പരിശോധനാ സൗകര്യമില്ലാത്തതിനാല്‍ മസ്‌കത്തിലേക്ക് സാമ്പിളയയ്ക്കുകയാണ് ചെയ്യുന്നത്. 
 
കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്: 
തിയതി നീട്ടി
 
തിരുവനന്തപുരം: വിദേശത്തു നിന്ന് കേരളത്തിലേക്കു വരുന്ന പ്രവാസികള്‍ കോവിഡ് പരിശോധനക്ക് വിധേയരായിരിക്കണമെന്ന നിബന്ധന നടപ്പാക്കുന്നത് സര്‍ക്കാര്‍ 24 വരെ നീട്ടി. 25 മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കു പുറപ്പെടുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പരിശോധനയ്ക്കു വിധേയരായിരിക്കണം. 
ഇന്നു മുതല്‍ സംസ്ഥനത്തെത്തുന്ന എല്ലാ പ്രവാസികള്‍ക്കും കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പരിശോധനാ സംവിധാനമൊരുക്കാന്‍ സര്‍ക്കാരിനാവാത്തതിനാലാണ് തിയതി നീട്ടിയത്. നാലു ദിവസത്തിനുള്ളില്‍ ട്രൂ നാറ്റ് സംവിധാനം എല്ലാ രാജ്യങ്ങളിലെയും വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതു സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്നും ആവശ്യത്തിന് ട്രു നാറ്റ് കിറ്റ് സ്റ്റോക്കുണ്ടെന്നും കൊവിഡ് നെഗറ്റീവ് ആയവരെയും പൊസിറ്റീവ് ആയവരെയും വെവ്വേറെ കൊണ്ടുവരണമെന്ന തിന്റെ അടിസ്ഥാനത്തിലാണ് ഈ നിബന്ധന ഏര്‍പ്പെടുത്തിയതെന്നും പരിശോധനയ്ക്ക് സൗകര്യമൊരുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിവിധ പ്രവാസി സംഘടനകള്‍  ആവശ്യപ്പെട്ടതിനാലാണ് നിബന്ധന നടപ്പാക്കുന്നത് നാലു ദിസവം നീട്ടിയതെന്നും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍ അറിയിച്ചു. 
 
 
പ്രവാസികള്‍ക്ക് സൗജന്യ 
യാത്രയും ക്വാറന്റൈനുമില്ല;
നോര്‍ക്ക ഉത്തരവിറക്കി 
 
 
തിരുവനന്തപുരം: പ്രവാസികള്‍ക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്റൈനും അനുവദിക്കാനാവില്ലെന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ ഉത്തരവിറക്കി. പ്രവാസികള്‍ അതിഥിത്തൊഴിലാളികളല്ലെന്നും അവര്‍ക്കു നല്‍കുന്ന സംരക്ഷണം പ്രവാസികള്‍ക്കു നല്‍കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു. 
പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ഹരജികള്‍ ഹൈക്കോടതിയിലെത്തിയിരുന്നു. കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍, വിദേശത്തുനിന്ന് വരുന്നവരെ അതിഥിത്തൊഴിലാളികളായി പരിഗണിക്കാന്‍ കഴിയുമോ എന്ന് കോടതി ആരാഞ്ഞതിനെ തുടര്‍ന്നാണ് നോര്‍ക്ക സെക്രട്ടറി വഴി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിദേശത്തു നിന്ന് വരുന്നവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന അതിഥിത്തൊഴിലാളികളില്‍നിന്നു നിരവധി വ്യത്യാസങ്ങളുണ്ടെന്നും അവര്‍ക്കു നല്‍കുന്ന സംരക്ഷണം വിദേശത്തുനിന്ന് വരുന്നവര്‍ക്കു നല്‍കാനാകില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.