2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രശാന്ത സമുദ്രതീരം കടന്നുചെന്ന മിഅ്‌റാജ്

മിഅ്‌റാജ് സ്വപ്ന ദര്‍ശനമാണെന്നഭിപ്രായപ്പെട്ടവരെ ഇമാം ത്വബ്‌രി പ്രമാണങ്ങളെ ഉദ്ധരിച്ചു തിരുത്തിയിട്ടുണ്ട്. ഇബുനുല്‍ ഖയ്യിം ശാരീരികമാണെന്ന പക്ഷത്താണുള്ളത്. ടോളമിയുടെ വാനശാസ്ത്രമാനമായിരിക്കണം ആത്മാവിന്റെ യാത്രയാണെന്നു പറഞ്ഞവരെ സ്വാധീനിച്ചിരിക്കുക.

സെയ്തുമുഹമ്മദ് നിസാമി

രണ്ടായിരത്തോളം കിലോമീറ്റര്‍ മക്കയില്‍ നിന്നു ദൂരമുള്ള ജറുസലേമിലേക്കും അവിടെനിന്നു വാനലോകത്തിലേക്കുമുള്ള രാപ്രയാണത്തിനാണ് ഇസ്രാഅ് മിഅ്‌റാജ് എന്നു പറയുന്നത്. പ്രപഞ്ചത്തിന്റെ അതിര്‍വരമ്പായ സിദ്‌റത്തുല്‍ മുല്‍തഹയും അതിനപ്പുറവും അല്ലാഹുവിന്റെ തിരുസവിധത്തിലുമെത്തി. രാത്രിതന്നെ തിരിച്ചുവന്ന ഈ മഹാസംഭവം ആരെയാണ് വിസ്മയിപ്പിക്കാതിരിക്കുക. റജബ് 26-ാം തിയതി തിങ്കളാഴ്ചയാണ് ഈ മഹാസംഭവം. അന്ന് 52-ാമത്തെ വയസായിരുന്നു പ്രവാചകന്. ഈ യാത്ര ലോകത്തിനൊരു സന്ദേശം നല്‍കുന്നു. ഇതിന്റെ പശ്ചാത്തലം ഗ്രഹിക്കുമ്പോള്‍ അതു വ്യക്തമാവും. മക്കയില്‍ പ്രബോധനത്തിനിടയില്‍ നിരന്തര ഭീഷണി, അപവാദ പ്രചാരണം, സാമ്പത്തിക സമ്മര്‍ദം, സമൂഹിക ബഹിഷ്‌കരണം, ശാരീരിക പീഡനം, കൊലവിളി തുടങ്ങി അക്രമ മര്‍ദനങ്ങളുടെ പെരുമഴ. എന്നാലിവിടെ പിതൃവര്യന്‍ അബൂത്വാലിബിന്റെ സഹകരണം ശത്രുക്കള്‍ക്കൊരു പ്രതിരോധമായിരുന്നു. അദ്ദേഹം മക്കക്കാരുടെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു. പിതാവിനു ശേഷം സംരക്ഷണം ഏറ്റെടുത്ത പിതൃതുല്യന്‍. ആജ്ഞാശക്തിയുള്ള ആ നേതാവിന്റെ വിയോഗം അസഹനീയമായനുഭവപ്പെട്ടു.

തൊട്ടടുത്ത ദിവസം സഹധര്‍മിണി ഖദീജ(റ)യുടെ വിയോഗവും കൂടിയായപ്പോള്‍ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു വ്യഥ. ഈ വര്‍ഷം പ്രവാചകനു ദുഃഖവര്‍ഷ (ആമുല്‍ഹുസുന്‍) മായിരുന്നു. താഇഫ് പ്രകൃതിരമണീയമായ പീഠഭൂമിയാണ്. മക്കക്കാരുടെ ഭൂസ്വത്തുക്കള്‍ അവിടുത്തെ കാര്‍ഷിക ഭൂമിയാണ്. അതൊരു സുഖവാസകേന്ദ്രവും കൂടിയായിരുന്നു. പ്രവാചകന്‍ സൈദുബ്‌നു ഹാരിസയോടൊപ്പം ചുരം കയറി അവിടെയെത്തി. സമ്പന്നരും പ്രമുഖരുമായ താഇഫുകാരെ ഇസ്‌ലാമിലേക്കു ക്ഷണിച്ചു. സഹായ അഭ്യര്‍ഥന നടത്തി. അവര്‍ കേട്ടില്ല. പ്രവാചകനെതിരെ ആഞ്ഞടിച്ചു. അങ്ങാടിപ്പിള്ളേരെ കൊണ്ടു തെറിവിളിപ്പിച്ചു. കല്ലെറിഞ്ഞു ഓടിച്ചു. നാട്ടിലെത്തുന്ന ഒരു വിദേശിക്കു ലഭിക്കുന്ന ആതിഥ്യമര്യാദ പോലും പ്രവാചകനു ലഭിച്ചില്ല. നിസ്തുലമായ സ്ഥൈര്യവും അചഞ്ചലമായ മനക്കരുത്തും പരിപക്വമായ ക്ഷമാശീലവും അല്ലാഹു നല്‍കിയതുകൊണ്ടു അദ്ദേഹം പതറിയില്ല. മനോവേദനയോടെ മക്കയിലേക്ക് തന്നെ മടങ്ങി.

വഴിയില്‍ യമനില്‍ നിന്നു വന്ന ജിന്നുകള്‍ പ്രവാചകന്റെ ഖുര്‍ആന്‍ പാരായണം ശ്രവിച്ചു. ഇസ്‌ലാം മതം സ്വീകരിച്ചു. അവര്‍ തങ്ങളുടെ സമൂഹത്തിലേക്ക് മടങ്ങി പ്രബോധനം നടത്തിയ വിവരം ഖുര്‍ആന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നബി (സ)യുടെ മനസിനേറ്റ വ്യഥ തീര്‍ത്തും പരിഹരിക്കാനുള്ള ആശ്വാസത്തിന്റെ തീര്‍ത്ഥാടനമായിരുന്നു ഇസ്രാഉം മിഅ്‌റാജും. മക്കയിലുള്ളവര്‍ അങ്ങയെ അവഹേളിച്ചാലും പ്രവാചകന്മാരഖിലം സ്വാഗതം ചെയ്യാന്‍ ഒരുക്കമാണെന്നു നേരിട്ടു കാണിച്ചു കൊടുക്കുന്നു. മലക്കുകളെ സാക്ഷാല്‍ രൂപത്തില്‍ കാണുന്നു. സ്വര്‍ഗ നരകങ്ങളുടെ മുഖങ്ങള്‍ ലൈവായി കാണുന്നു. ജിബ്‌രീലിന്റെ അറുനൂറു ചിറകു നിവര്‍ത്തി പ്രപഞ്ചമഖിലം കുടക്കീഴില്‍ നിര്‍ത്തിയ ദൃശ്യാവിഷ്‌കാരം നഗ്നദൃഷ്ടിക്കു വിധേയമാവുന്നു. പ്രപഞ്ചത്തിന്റെ നിഗൂഢതകളോരോന്നും ജിബ്‌രീല്‍ പറഞ്ഞു കൊടുക്കുന്നു. പ്രപഞ്ചത്തിന്റെ അതിര്‍ത്തിയായ സിദ്‌റത്തുല്‍ മുല്‍തഹയില്‍ വച്ചു ജിബ്‌രീലിന്റെ സാക്ഷാല്‍ രൂപം പ്രകടമാവുന്നു. അന്നേരം സിദ്‌റത്തിനെ മഹത്തായത് ആവരണം ചെയ്തപ്പോള്‍ കണ്ണഞ്ചിപ്പോയില്ല. അവാച്യവും അവിസ്മരണീയവുമായ ഒരു സാഹചര്യമായിരുന്നു അത്. അതിന്റെ സമീപത്താണ് സ്വര്‍ഗം.

ഈ യാത്രക്ക് മേത്തരം വാഹനമായ ബുറാഖിനെ ജിബ്‌രീല്‍ കൊണ്ടുവന്നിരിക്കുന്നു. (സഹീഹ് മുസ്‌ലിം) പ്രകാശത്തേക്കാള്‍ വേഗതയുള്ള വാഹനം. മിന്നല്‍ എന്നര്‍ഥമുള്ള ബര്‍ഖില്‍ നിന്നാണ് ബുറാഖ് എന്ന പേര് ആ വാഹനത്തിനു ലഭിക്കുന്നത്. ബൈത്തുല്‍ മുഖദ്ദസിലെത്തിയപ്പോള്‍ പ്രവാചകന്മാരഖിലം അവിടെ ഒത്തുകൂടിയിരിക്കുന്നു. അവര്‍ പ്രവാചകനെ ഇമാമാക്കി നിസ്‌കരിച്ചു. പ്രവാചകന്മാരഖിലം തന്റെ പിന്നില്‍. ഈ അവിസ്മരണീയ സംഗമം ശത്രുക്കളുണ്ടാക്കിയ ഉടക്കു തീര്‍ക്കാന്‍ സഹായകരമായി. മനസില്‍ സന്തോഷവും നിതാന്ത ജാഗ്രതയും വര്‍ധിച്ചു. പ്രബോധന പാതയുടെ തിളക്കം പതിന്മടങ്ങു ജ്വലിച്ചു. അല്ലാഹു നല്‍കിയ തസ്‌ലിയത്തായിരുന്നു (ആശ്വാസം) ഇസ്രാഉം മിഅ്‌റാജും. വന്‍ ശക്തിയായ റോം ചക്രവര്‍ത്തി ഹെര്‍ക്കുലിസിനെ ഏഴാം വര്‍ഷം (ക്രി:628) ഇസ്‌ലാമിലേക്കു ക്ഷണിച്ചു പ്രവാചകന്‍ കത്തെഴുതുകയുണ്ടായി. പ്രവാചകനേയും ഇസ്‌ലാമിനേയും പറ്റി വിശദമായി അറിയാന്‍ അന്നു സിറിയയിലുണ്ടായിരുന്ന ഖുറൈശി പ്രമുഖരെ ഹിര്‍ക്കല്‍ കൊട്ടാരത്തിലേക്കു ക്ഷണിച്ചു. അബൂ സുഫ്‌യാന്റെ നേതൃത്വത്തിലുള്ള സംഘമാണ് വന്നത്. ആ സമയത്ത് ബൈത്തുല്‍ മഖ്ദിസിലെ പ്രധാന പുരോഹിതനായ പാത്രിയാര്‍ക്കീസും കൊട്ടാരത്തില്‍ അതിഥിയായി ഉണ്ടായിരുന്നു. അബൂ സുഫ്‌യാന്റെ പരിഹാസം കലര്‍ന്ന സംസാരത്തിനിടയില്‍ ഇസ്രാഇനെ പറ്റിയുള്ള പരാമര്‍ശവും വന്നപ്പോള്‍ കേട്ടിരുന്ന പാത്രിയാര്‍ക്കീസു പറഞ്ഞു. ‘അതു ശരിയാണ്. അന്നു രാത്രി ബൈത്തുല്‍ മഖ്ദിസ് അടക്കാന്‍ രാത്രി വന്നപ്പോള്‍ വാതിലടക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു. മേല്‍ ഭാഗവുമായി വാതില്‍ ജാമായി നില്‍ക്കുന്നു. പിറ്റേന്നു രാവിലെ ആശാരിമാരെ കൊണ്ടുവന്നു ശരിപ്പെടുത്താമെന്നു കരുതി ഞാന്‍ പോയി. വാതില്‍ തുറന്നു കിടന്നു. പിറ്റേന്നു രാവിലെ വന്നപ്പോള്‍ വാതിലിനു യാതൊരു തകരാറുമുണ്ടായിരുന്നില്ല. അടക്കാനും തുറക്കാനും കഴിഞ്ഞു. മറുഭാഗത്തുള്ള വാതിലിന്റെ വട്ടക്കണ്ണിയില്‍ കുതിരകളെ കെട്ടിയ അടയാളങ്ങളും കാണാന്‍ കഴിഞ്ഞു. തലേന്നു രാത്രി വലിയൊരു സംഘം അവിടെ സന്നിഹിതരായിട്ടുണ്ടെന്ന അടയാളമായിരുന്നു കാണാന്‍ കഴിഞ്ഞത്. ഇവര്‍ പറഞ്ഞ പ്രവാചകന്റെ വരവ് പരിഗണിച്ചുള്ള ഒരുക്കങ്ങളായിരിക്കണം അതെല്ലാം,പാത്രിയാര്‍ക്കീസ് പറഞ്ഞു.

അവിടെനിന്നു വാനലോകത്തെ അത്ഭുതപ്രപഞ്ചത്തിലേക്കാണ് സന്ദര്‍ശനം. അങ്ങനെ ഏഴ് ആകാശവും അവിടെയുള്ള പ്രവാചകന്മാരുമായി പരിചയപ്പെട്ടു. അത്ഭുതക്കാഴ്ചകള്‍ കണ്ടു. കൂടെ ജിബ്‌രീല്‍ (അ) കാഴ്ചകളെല്ലാം വിശദീകരിച്ചു. അല്ലാഹുവിന്റെ തിരുസവിധത്തിലേക്കാണ് ക്ഷണം. സിദ്‌റത്തുല്‍ മുന്‍തഹയിലെത്തിയപ്പോള്‍ ജിബ്‌രീല്‍ (അ) വിട പറഞ്ഞു. പ്രപഞ്ചത്തിന്റെ അതിര്‍ത്തിയാണത്. അതിനുമപ്പുറത്തേക്കുള്ള യാത്ര ഒരാള്‍ക്കു മാത്രമാണ് അല്ലാഹു അനുവദിച്ചത്. അത് നബി(സ)ക്ക് മാത്രമാണ്. ജിബ്‌രീലിന് ഇവിടെ നിന്ന് ഒരടി മുന്നോട്ടു പോവാന്‍ പറ്റില്ല. പ്രവാചകന്‍ പ്രശാന്തസമുദ്രവും കഴിഞ്ഞു. അല്ലാഹുവുമായി മറയില്ലാതെ സംഭാഷണം നടത്തി. ഉല്‍കൃഷ്ടങ്ങളായ സമ്മാനങ്ങള്‍ ലഭിച്ചു. അതില്‍പെട്ടതാണ് അഞ്ചു നേരത്തെ നിസ്‌കാരം. മനുഷ്യാരംഭം മുതല്‍ ലോകത്ത് നിലനിന്നിരുന്ന ആരാധനയാണ് നിസ്‌കാരം. അതാണ് ഇസ്‌ലാമിന്റെ ചിഹ്നം. ഈ യാത്ര ശാരീരികമോ സ്വപ്നമോ എന്ന കാര്യത്തില്‍ ഭിന്ന വീക്ഷണമുണ്ട്. ശാരീരികമെന്നാണ് പ്രബലമായ വീക്ഷണം. അഹ്‌ലുസുന്നത്തു വല്‍ ജമാഅത്തിന്റെ വീക്ഷണവും അതുതന്നെ. സ്വപ്നമായിരുന്നെങ്കില്‍ ശത്രുക്കള്‍ പരിഹസിക്കുമായിരുന്നില്ല.
മിഅ്‌റാജ് സ്വപ്ന ദര്‍ശനമാണെന്നഭിപ്രായപ്പെട്ടവരെ ഇമാം ത്വബ്‌രി പ്രമാണങ്ങളെ ഉദ്ധരിച്ചു തിരുത്തിയിട്ടുണ്ട്. ഇബുനുല്‍ ഖയ്യിം ശാരീരികമാണെന്ന പക്ഷത്താണുള്ളത്. ടോളമിയുടെ വാനശാസ്ത്രമാനമായിരിക്കണം ആത്മാവിന്റെ യാത്രയാണെന്നു പറഞ്ഞവരെ സ്വാധീനിച്ചിരിക്കുക.

ഈ യാത്രയില്‍ പ്രവാചകന്‍ അല്ലാഹുവിനെ കണ്ടിട്ടുണ്ടോ എന്ന വിഷയത്തില്‍ മുന്‍ഗാമികളും പിന്‍ഗാമികളും ഭിന്ന വീക്ഷണം രേഖപ്പെടുത്തുന്നു. ആഇശ(റ),അബൂഹുറൈറ, ഇബ്‌നു അബ്ബാസ്(റ), അബൂദര്‍(റ), കഅ്ബ് (റ),ഹസന്‍(റ) തുടങ്ങിയവര്‍ കണ്ടിട്ടുണ്ടെന്നാണഭിപ്രായപ്പെട്ടത്. ഇമാം നവവി ഇബ്‌നു അബ്ബാസിന്റെ അഭിപ്രായത്തെയാണ് പ്രബലമാക്കിയത്. കണ്ടില്ലെന്നു പറയുന്നവര്‍ ഇജ്തിഹാദനുസരിച്ചും കണ്ടുവെന്നഭിപ്രായം പ്രമാണ നിബദ്ധവുമാണ്. ഇബ്‌നു അബ്ബാസിന്റെ അഭിപ്രായത്തോടാണ് ഭൂരിപക്ഷം സഹാബികളും യോജിക്കുന്നത്. അഹ്‌ലുസുന്നത്തിന്റെ വീക്ഷണവും അതുതന്നെ.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.