ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി നാലുവര്‍ഷം പൂര്‍ത്തിയാക്കി. അദ്ദേഹം രാഷ്ട്രപതിയായിട്ട് ഇന്നലെയാണ് നാലു വര്‍ഷം പൂര്‍ത്തിയായത്. 2012 ജൂലൈ 25നാണ് പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി അധികാരമേറ്റത്.
അതേസമയം, രാഷ്ട്രപതിഭവനില്‍ ചരിത്രം പങ്കുവയ്ക്കുന്ന പുതിയ മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയുടെ 13 രാഷ്ട്രപതിമാരുടെ ഭരണനേട്ടങ്ങളും ജീവിതരീതിയും മ്യൂസിയം പങ്കുവയ്ക്കും.
ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ ലോകോത്തര നിലവാരത്തിലാണു മ്യൂസിയം. ആദ്യരാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് മുതല്‍ പ്രണബ് മുഖര്‍ജി വരെയുള്ളവരുടെ ഹോളോഗ്രാഫിക് ത്രീഡി പ്രൊജക്ഷന്‍ ഇവിടെയുണ്ട്. അടുത്തുനിന്ന് ഇവരെ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അനുഭവമാണ് ഹോളോഗ്രാഫിക് പ്രൊജക്ഷന്‍ നല്‍കുന്നത്.
രാഷ്ട്രപതിമാര്‍ക്കു വിദേശങ്ങളില്‍നിന്നു ലഭിച്ച അമൂല്യ സമ്മാനങ്ങളുടെ വലിയ ശേഖരമാണ് മ്യൂസിയത്തിലെ രണ്ടാം ബേസ്‌മെന്റിലുള്ളത്. ഒക്ടോബര്‍ രണ്ടു മുതല്‍ പൊതുജനങ്ങള്‍ക്കും മ്യൂസിയത്തില്‍ പ്രവേശനം അനുവദിക്കും.
Comments are closed for this post.