കൊച്ചി: കുപ്പിവെള്ളത്തിന്റെ വില കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. 20 രൂപയില്‍നിന്ന് 13 രൂപയായി കുറച്ച ഉത്തരവാണ് തടഞ്ഞത്. കുപ്പിവെള്ളത്തിന്റെ ഉത്പാദകര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. വിലനിര്‍ണയത്തില്‍ കേന്ദ്രനിലപാട് തേടിയ കോടതി, ഇതിന് അവലംബിക്കേണ്ട നടപടി അറിയിക്കാനും നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് പലയിടങ്ങളില്‍ കുപ്പിവെള്ളത്തിന് പല വിലയാണെന്ന് കാട്ടി കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ച്വേഴ്‌സ് അസോസിയേഷന്‍ നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയുണ്ടായത്. മിതമായ നിരക്കില്‍ കുപ്പിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനാണ് അവശ്യ സാധന നിയന്ത്രണ നിയമത്തില്‍ ഉള്‍പ്പെടുത്തി വില നിശ്ചയിച്ചതെന്നായിരുന്നു സര്‍ക്കാര്‍ ന്യായം.
പാക്കേജ്ഡ് കമോഡിറ്റീസ് കേന്ദ്രസര്‍ക്കാരിന്റെ പരിധിയിലാണ് വരുന്നതെന്നും സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. തങ്ങളെ കേള്‍ക്കാതെയും മാനദണ്ഡങ്ങള്‍ പരിഗണിക്കാതെയുമാണ് സര്‍ക്കാര്‍ വില കുറച്ചതെന്നും ഹരജിക്കാര്‍ വാദിച്ചു.
കുപ്പിവെള്ളത്തെ അവശ്യസാധനപട്ടികയില്‍ ഉള്‍പ്പെടുത്തി അവശ്യസാധന നിയമപ്രകാരമാണ് സര്‍ക്കാര്‍ വില കുറച്ചത്. ഭക്ഷ്യസുരക്ഷാനിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും വിലനിര്‍ണയത്തിന് സംസ്ഥാനത്തിന് അധികാരമില്ലെന്നും കോടതി പറഞ്ഞു.
Comments are closed for this post.