2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ ആദര്‍ശത്തേക്കാള്‍ വലുതാണ് അധികാര രാഷ്ട്രീയം’; കാലം മായ്ക്കാത്ത കായംകുളത്തെ ചുമരെഴുത്ത്

മൂന്നര പതിറ്റാണ്ട് മുമ്പുള്ള രാഷ്ട്രീയസഖ്യം സംബന്ധിച്ച കൃത്യമായ അവബോധം വിളിച്ചോതുന്നുണ്ട് ഈ ചുമരെഴുത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ ഉയരുന്ന സമയത്ത് ചൂനാട് ചന്തയിലെ ചുമരെഴുത്തിന്റെ പ്രസക്തിയും വര്‍ധിക്കുകയാണ്.

താജുദ്ദീന്‍ ഇല്ലിക്കുളം

കായംകുളം: വള്ളിക്കുന്നിലെ കാലം മായ്ക്കാത്ത ചുമരെഴുത്ത് ശ്രദ്ധേയമാകുന്നു. ആദര്‍ശത്തേക്കാള്‍ വലുതാണ് അധികാര രാഷ്ട്രീയമെന്ന തിരിച്ചറിവിന്റെ മറക്കാനാവാത്ത ചുമരെഴുത്ത് കൂടിയാണിത്. വള്ളിക്കുന്നം ഇലിപ്പക്കുളം ചൂനാട് ചന്തയിലെ മാരൂര്‍ കെട്ടിടത്തിന് മുകളിലത്തെ നിലയിലെ ചുമരെഴുത്താണ് പുതിയ തലമുറക്ക് രാഷ്ട്രീയ അവബോധം പകര്‍ന്ന് നല്‍കുന്ന തരത്തില്‍ നില കൊള്ളുന്നത്. മൂന്നര പതിറ്റാണ്ട് മുമ്പുള്ള രാഷ്ട്രീയസഖ്യം സംബന്ധിച്ച കൃത്യമായ അവബോധം വിളിച്ചോതുന്നുണ്ട് ഈ ചുമരെഴുത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ ഉയരുന്ന സമയത്ത് ചൂനാട് ചന്തയിലെ ചുമരെഴുത്തിന്റെ പ്രസക്തിയും വര്‍ധിക്കുകയാണ്. തടിതട്ടിന്റെ ഓടുമേഞ്ഞ രണ്ടുനിലകെട്ടിടത്തിന്റെ മുകളില്‍ ഒരു കാലഘട്ടത്തിന്റെ ക്ഷുഭിതയൗവ്വനങ്ങള്‍ കോറിയിട്ട ഈ വരികള്‍ മാര്‍ക്കറ്റിലെത്തുന്ന ഏവരുടെയും ശ്രദ്ധ കവരുന്നു. രാഷ്ട്രീയം ആത്മാര്‍ത്ഥമായി ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു സംഘം കൗമാരക്കാരുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇന്ദിരാഗാന്ധിയുടെ പ്രസക്തിയാണ് ചുമരെഴുത്തിലുള്ളത്. 1980ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.പി സ്ഥാനാര്‍ഥിയായിരുന്ന തേവള്ളി മാധവന്‍പിള്ളയുടെ പ്രചരണാര്‍ഥമാണ് ഈ ചുമരെഴുത്ത് എഴുതിയത്. അന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി എ കോണ്‍ഗ്രസിലെ പ്രൊഫ: പി.ജെ. കുര്യനായിരുന്നു മല്‍സരിച്ചത്. ഇദ്ദേഹം വിജയിക്കുകയും ചെയ്തു. ‘ 80ല്‍ ഇന്ദിര ഇന്ത്യ ഭരിക്കും, അതുകണ്ട് നമ്പൂതിരി ഞെട്ടിവിറക്കും, എം.എന്‍ പിന്നെയും വാലാട്ടും ആന്റണി അതുകണ്ട് തൂങ്ങിമരിക്കും’ എന്ന മുദ്രവാക്യമാണ് ചുമരെഴത്തില്‍ ഇന്നും കാലം മായ്ക്കാതെ കിടക്കുന്നത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിര തന്നെ തുടരണമെന്ന് പറഞ്ഞ അന്തോണിയുടെ വിഴുപ്പ് ചുമക്കലാണോ മാര്‍ക്‌സിസം എന്നും എഴുതിയിട്ടുണ്ട്. തേവള്ളിക്ക് ആന ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനൊപ്പം നിരണം പടയുടെ തലവനായ പ്രൊഫ. പി.ജെ കുര്യനെ കെട്ടുകെട്ടിക്കാനും അഭ്യര്‍ഥിക്കുന്നുന്നത് ചുമരെഴുത്തില്‍ ഉണ്ട്. കാലം പിന്നിട്ടപ്പോള്‍ എന്‍.എസ്.എസിന്റെ പിന്‍ബലത്തില്‍ വളര്‍ന്ന എന്‍.ഡി.പി കേരള രാഷ്ട്രീയ ഭൂപടത്തില്‍ നിന്നുതന്നെ ഇല്ലാതായി.

 

മുദ്രവാക്യത്തില്‍ സ്ഥാനം പിടിച്ച ഇ.എം.എസും എം.എന്‍. ഗോവിന്ദന്‍ നായരും എന്‍.ഡി.പി സ്ഥാനാര്‍ഥിയായിരുന്ന തേവള്ളി മാധവന്‍പിള്ളയും കാലയവനികക്കുള്ളില്‍ മറഞ്ഞു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തിയ എ.കെ. ആന്റണി കേന്ദ്ര നേതൃത്വത്തിലെ കരുത്തനായി വിലസുന്നു. ഏറെക്കാലം മാവേലിക്കരയുടെ എം.പിയായിരുന്ന പി.ജെ കുര്യനും ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

റൊണാള്‍ഡ് ഷംസ്, കെ.എസ് മധു, സി.വി. രവീന്ദ്രന്‍പിള്ള, മണ്ണാമ്പറമ്പില്‍ ഹാരീസ്, ആദിക്കാട്ട് ജലാലുദ്ദീന്‍ തുടങ്ങിയവരാണ് അന്ന് ചുവരെഴുത്തിന് നേതൃത്വം നല്‍കിയത്. ഷംസായിരുന്നു ചിത്രകാരന്‍. അന്നത്തെ 20 വയസിന്റെ ആവേശമാണ് വലിയ കെട്ടിടത്തിന്റെ മുകളില്‍ ഇന്നും മായാതെ കിടക്കുന്ന ചുവരെഴുത്തിന് കാരണമായത്. മധുവും രവീന്ദ്രന്‍പിള്ളയും സി.പി.ഐ നേതാക്കളായി രാഷ്ട്രീയരംഗത്ത് ഇന്നും സജീവമായി നില്‍ക്കുന്നു. പിന്നീട് രാഷ്ട്രീയ വഴിയിലേക്ക് സഞ്ചരിക്കാതിരുന്ന ഷംസ് ബിസിനസുകാരനായി മാറുകയും ഹാരീസ് മരണപ്പെടുകയും ചെയ്തു. ജലാലുദ്ദീന്‍ കോണ്‍ഗ്രസ് അനുഭാവിയായി ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.