2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പോപ്പുലര്‍ ഫ്രണ്ടിന് 5 വര്‍ഷത്തേക്ക് നിരോധനം സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് കുറ്റകരം

ന്യൂഡല്‍ഹി: ദേശീയ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം. 5 വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറക്കി. പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമാണ്. കാമ്പസ് ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍,ഓള്‍ ഇന്ത്യാ ഇമാംമ്‌സ് കൗണ്‍സില്‍,നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്‌സ് ഓര്‍ഗനൈസെഷന്‍,നാഷണല്‍ വുമണ്‍സ് ഫ്രണ്ട്,ജൂനിയര്‍ ഫ്രണ്ട് എന്നിവയാണ് നിരോധിക്കപ്പെട്ട് അനുബന്ധ സംഘടനകള്‍. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഭീകര പ്രവര്‍ത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകള്‍ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം . രണ്ട് തവണയാണ് പോപ്പുലര്‍ ഫണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്

എന്‍ ഐ എയും ഇ ഡിയും ആണ് പരിശോധന നടത്തിയത്. ഭീകര പ്രവര്‍ത്തനം നടത്തി , ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കി ,ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയാണ് നിരോധനം.

യുപി,കര്‍ണാടക,ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശിപാര്‍ശ കൂടി കണക്കിലെടുത്താണ് നടപടി. രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്,ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്

കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തുടനീളം പി.എഫ്.ഐ കേന്ദ്രങ്ങളിലും നേതാക്കന്‍മാരുടെ വീടുകളിലും എന്‍.ഐ.എയുടെയും ഇ.ഡിയുടെയും നേതൃത്വത്തില്‍ വന്‍ റെയ്ഡ് നടന്നിരുന്നു. 15 സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിന് പിന്നാലെ ദേശീയ നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്.

എട്ട് സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. 78 പേര്‍ അറസ്റ്റില്‍. ഡല്‍ഹി, അസം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ‘ഓപറേഷന്‍ ഒക്ടോപസ്’ എന്ന് പേരിട്ട റെയ്ഡില്‍ അതാത് സംസ്ഥാനങ്ങളിലെ പൊലിസ് ആണ് പരിശോധന നടത്തിയത്. കര്‍ണാടകയില്‍ 45 പേരെയും മഹാരാഷ്ട്രയില്‍ 12 പേരെയും അസമില്‍ 21 പേരെയും ഡല്‍ഹിയില്‍ നാലു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അസമിലെ നഗര്‍ബേരയില്‍ നിന്നാണ് നാലു പേരെ അറസ്റ്റ് ചെയ്തത്. പോപുലര്‍ ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും തീവ്രവാദ പ്രവര്‍ത്തനത്തിന് പണമിറക്കിയെന്നും ആയുധ പരിശീലനം നടത്തിയെന്നും നിരോധിത സംഘടനകളില്‍ ചേരുന്നതിന് ആളുകളെ തീവ്രവാദിയാക്കിയെന്നുമാണ് എന്‍.ഐ.എയുടെ ആരോപണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.