2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എന്തുകൊണ്ട് കുഞ്ഞിനെ കൊല്ലുന്ന അമ്മമാര്‍…? പേടിക്കണം പ്രസവാനന്തര വിഭ്രാന്തിയെ

2018 സെപ്റ്റംബര്‍ രണ്ട് ഞായറാഴ്ചയായിരുന്നു. അന്നു പുലര്‍ച്ചെയാണ് കോഴിക്കോട് ജില്ലയിലെ ആ ഗ്രാമമുണര്‍ന്നത് ദാരുണമായ കൊലപാതക വാര്‍ത്ത കേട്ടുകൊണ്ടണ്ടായിരുന്നു. കൊല്ലപ്പെട്ടത് നവജാത ശിശു. പ്രസവിച്ചയുടനെ കഴുത്തറുത്തു കൊലപ്പെടുത്തിയതാകട്ടെ നൊന്തുപെറ്റ മാതാവും.സംഭവത്തില്‍ മാതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൂട്ടിലങ്ങാടിയില്‍ നിന്ന് വീണ്ടും കേട്ടു, മറ്റൊരു ചോരപ്പൈതലിനെ കഴുത്തറുത്ത് കശാപ്പുചെയ്ത കഥ. കേസില്‍ അറസ്റ്റിലായതും മാതാവുതന്നെ. സെപ്റ്റംബര്‍ 17നു തൃശൂര്‍ ചേര്‍പ്പില്‍ ഒന്നര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണമായ സംഭവം വീണ്ടും നമുക്കു മുന്‍പിലെത്തി. പൊലിസ് പിടിയിലായത് 34 കാരിയായ മാതാവാണ്.

 

ഇങ്ങനെ സ്വന്തം കുഞ്ഞുങ്ങളെ പെറ്റമ്മമാര്‍ തന്നെ കൊല്ലുന്ന വാര്‍ത്തകള്‍ ധാരാളം കേള്‍ക്കുന്നു. പത്രങ്ങളില്‍ വലിയ വാര്‍ത്തകളാകുന്നു. പലപ്പോഴും ഇതിന്റെ പിന്നിലെ കാരണമെന്തന്നു മാത്രം നമ്മളറിയുന്നില്ല. എന്നാല്‍ പ്രസവശേഷം സ്ത്രീകളില്‍ കണ്ടുവരുന്ന ഒരു മാനസിക രോഗമായ പോസ്റ്റുപാര്‍ട്ടം ഡിപ്രഷനാണ് ചിലപ്പോഴെങ്കിലും പ്രതിസ്ഥാനത്തുണ്ടാകുന്നത്. ഇത്തരം സ്ത്രീകള്‍ കടുത്ത വൈകാരിക സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നു. അത് ആത്മഹത്യയിലേക്കും കുഞ്ഞിനെ അപായപ്പെടുത്തുന്ന അവസ്ഥയിലേക്കും എത്തിച്ചേരുന്നു. ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം കൂടുന്നതായാണ് മനോരോഗ വിദഗ്ധര്‍ നല്‍കുന്ന സൂചന. പലരുടെയും മരണകാരണമോ മാനസികരോഗമോ തിരിച്ചറിയപ്പെടാതെയും പോകുന്നുമുണ്ട്.

അമ്മയാവുക എന്നത് മാനസികമായും ശാരീരികമായും വൈകാരികമായും സ്ത്രീകളെ ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ചിലരൊക്കെ അതു ഈസിയായി തരണം ചെയ്യുന്നു. ചിലര്‍ കാലിടറി വീഴുന്നു. വേറെ ചിലര്‍ കഷ്ടിച്ച് കടന്നു കൂടന്നു. ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരുക്കുകളോടെ. ഇതിനിടയിലേക്കാണ് ചിലരിലേക്കു വിഷാദത്തിന്റെ മറ്റൊരു ഒഴിയാബാധപോലെ പോസ്റ്റുപാര്‍ട്ടം ഡിപ്രഷനും കടന്നുവരുന്നത്. അസുഖത്തിനുള്ള കാരണങ്ങള്‍ പലതാകാം.

ഒരു രോഗാവസ്ഥയായി കണക്കാക്കാനും ചികിത്സിക്കാനും ബുദ്ധിമുട്ടുള്ളതാണ് ഈ രോഗം. പലപ്പോഴും ഇവരുടെ പെരുമാറ്റം മറ്റുള്ളവര്‍ക്ക് അസഹ്യമായി അനുഭവപ്പെടും. മാനസികസംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ ഇവര്‍ ഒരുപക്ഷേ മാനസികരോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു.
പ്രധാനമായും രണ്ടുമൂന്നുതരം വ്യക്തിത്വവൈകല്യങ്ങളുള്ളവരാണ് ആത്മഹത്യപോലും ചെയ്യുന്നത്. തുടരെ തുടരെയുണ്ടായ ചില നഷ്ടങ്ങളാവാം ചില സ്ത്രീകളെ അലട്ടുന്നത്. അതുണ്ടാക്കിയ മാനസികവും ശാരീരികവുമായ മുറിവുകളുമാവാം.

സന്തോഷം നിറയേണ്ടുന്ന നാളുകളില്‍ പലര്‍ക്കും സംഭവിക്കുന്നത് അതല്ല. മുന്‍കാല മുറിവുകള്‍ ഒരു ഒഴിയാബാധ പോലെ പിടികൂടുന്നു. ഓരോ സെക്കന്‍ഡിലും ഭയം മാത്രം. തീയിലൂടെ നടക്കുന്നതുപോലെയാണ് ചിലര്‍ക്കനുഭവപ്പെടുന്നത്. പിടിവിട്ടുപോകുന്ന ചിന്തകളെ അതിജീവിക്കാന്‍ സാധിച്ചെന്നുവരില്ല. കൂടുതല്‍ ജോലികളേറ്റെടുത്തു ചെയ്താല്‍ ഒരുപക്ഷേ സാധിച്ചേക്കും. പക്ഷെ അവര്‍ക്കുതന്നെ തീരെ പരിചയമില്ലാത്ത മറ്റൊരാളായി മാറാറാണ് പലരും. ആ മറ്റൊരാളുമായി പൊരുത്തപ്പെട്ടുപോകാന്‍ അവര്‍ നന്നായി ബുദ്ധിമുട്ടുന്നു.

ആരും ഫോഴ്‌സ് ചെയ്യുന്നതല്ല. കുഞ്ഞിനെപറ്റിയുള്ള, ഒരു പക്ഷെ തികച്ചും അനാവശ്യമായ കരുതല്‍ കാരണമാകാം. ഇതൊന്നും കുഞ്ഞിനോടുള്ള സ്‌നേഹത്തിന് കുറവുണ്ടായിയിട്ടില്ല. എന്നാല്‍ സംഭവിക്കുക പലപ്പോഴും മറ്റൊന്നാകും.

കുഞ്ഞുണ്ടായിക്കഴിഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണു ചെയ്യുന്നത്. ഒരു രക്ഷയുമില്ലാത്ത വല്ലാത്തൊരവസ്ഥ. വല്ലാതെ കെട്ടിയിടപ്പെട്ടപോലെ. ഒരുപാടു സന്തോഷിക്കേണ്ട സമയത്ത് ഇങ്ങനൊക്കെ തോന്നുന്നു. കാത്തിരുന്ന് ഒടുക്കം ഒരു കുഞ്ഞിനെ കിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നതിനു പകരം തൊട്ടടുത്ത സെക്കന്‍ഡില്‍ കുഞ്ഞിന്റെയും അമ്മയുടെയും ജീവിതം നരകതുല്യമാകുന്നു.
ആരിലെങ്കിലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഓരോ ആഴ്ചയിലും കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പു വരുത്തേണ്ടതുണ്ട്. മനോവിദഗ്ധരുടെ ചികിത്സയും ഉപദേശവും സ്വീകരിക്കേണ്ടതുമുണ്ട്. ഇല്ലെങ്കില്‍ അപകടത്തിലേക്കാണത് ചെന്നെത്തുക.

ഇതാ ഒരു ഡോക്ടറായ വീണ ജെ.എസിന്റെ അനുഭവം കേള്‍ക്കൂ…

ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ വര്‍ഷങ്ങള്‍ ഏതെന്നു ചോദിച്ചാല്‍ രണ്ടുത്തരങ്ങള്‍ റെഡി ആണ്.
ഒന്നാമത്തേത് പറയാന്‍ സമയം ആയിട്ടില്ല. രണ്ടാമത്തേത് ഗര്‍ഭദിനങ്ങള്‍ തൊട്ടു കുഞ്ഞ് ജനിച്ചു ആറേഴ് മാസങ്ങള്‍ ആവും വരെയുള്ള സമയം. കാരണം ഒന്നും കണ്ടുപിടിക്കാന്‍ പറ്റാത്ത വിധത്തില്‍
ഭര്‍ത്താവിനോട് വല്ലാത്ത ദേഷ്യം ആയിരുന്നു. ഞങ്ങള്‍ രണ്ടുപേരും മാത്രമുള്ള വീടായതുകൊണ്ട് മറ്റാരും അറിഞ്ഞില്ലെന്നു വേണം കരുതാന്‍ :(യാതൊരു പ്രകോപനവും കൂടാതെ കരച്ചില്‍ വരും, ഭര്‍ത്താവിനോട് കടുത്ത വെറുപ്പ് തോന്നും അങ്ങനെയങ്ങനെ. സെബാന്‍ ഹസ്ബന്‍ഡ് സഹിച്ചു.

‘ജോലിക്കുപോകാതെ ഇരിക്കുന്നതിന്റെ ഡിപ്രഷന്‍ ആകും വീണാ’എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു. പ്രസവം കഴിഞ്ഞു. വേദന കുറച്ചൊക്കെ ഉണ്ടായിരുന്നു. അതിലും വേദന കുഞ്ഞ് പാല്‍ കുടിക്കുന്ന സമയത്തായിരുന്നു. വളരെ ശക്തിയോടെയാണ് കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കുക. ആദ്യത്തെ കുറച്ചുനാളുകള്‍ ചിലര്‍ക്ക് മുലെഞെട്ടിലെ സുഷിരങ്ങളൊക്കെ ഒന്ന് തുറക്കും വരെ വേദന ഉണ്ടാകാം. കുഞ്ഞ് കരയുന്നത് കാണുമ്പോള്‍ തന്നെ പേടിയാവുമായിരുന്നു എനിക്ക്.
‘ഹോ, ഇങ്ങനെയുണ്ടാവുമോ അമ്മമാര് ‘

എന്ന് എന്റെ അമ്മ ഇടക്കൊരീസം പറഞ്ഞതിനുശേഷം അമ്മയോട് എനിക്കു വെറുപ്പ് തുടങ്ങി. തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം. അതിനിടയില്‍ പ്രസവസമയം ഇടുന്ന സ്റ്റിച്ചിന്റെ വേദന വേറെയും. രാത്രിയിലെ ഉറക്കക്കുറവ്, രാവിലത്തെ വേദനകള്‍, ആശുപത്രിവാസം (കുഞ്ഞിനു പനിയുണ്ടായിരുന്നു ജനിച്ചപ്പോള്‍. അവളെ അഡ്മിറ്റ് ആക്കിയിരിക്കുമ്പോ എനിക്കും നിന്നല്ലേ പറ്റൂ. പാല്‍ കൊടുക്കണ്ടേ, അമ്മക്കല്ലേ പാലുള്ളൂ?) അങ്ങനെ സ്‌ട്രെസ് ഓരോ വിധം. കുറേ നേരം മുറിയില്‍ ഇരുന്നു മുഷിയുമ്പോള്‍ ഭര്‍ത്താവ് പുറത്തുപോകും. അതുകാണുമ്പോ വരെ എനിക്ക് ദേഷ്യമായിരുന്നു .
എല്ലാം കഴിഞ്ഞു പത്താംനാള്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തി. കുറച്ച് ദിവസം അവിടെ താമസിച്ചു.
ദേഷ്യത്തിനു ഒരു കുറവും ഇല്ലാ. സെബാന്റെ അമ്മയെ കാണുന്നത് പോലും ദേഷ്യമുണ്ടാക്കി.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആന്റി തന്നെ ഭര്‍ത്താവിനോട് ചോദിച്ചു ‘വീണക്ക് എന്തേലും ബുദ്ധിമുട്ടുണ്ടോ എന്നോട്’ എന്ന്. ആന്റി ഒരുപാട് വര്‍ഷം നഴ്‌സ് ആയിരുന്നു. പ്രസവശേഷം എന്റെ അമ്മയെപ്പോലെ ആന്റിയും ശുശ്രൂഷിച്ചിരുന്നു. എന്നിട്ടും അകാരണദേഷ്യം. ഒടുവില്‍ ഞാന്‍ ആന്റിയോട് സംസാരിച്ചു. ‘എന്താണെന്നൊന്നും അറിയില്ല, എനിക്ക് വെറുപ്പാണെ’ന്നു തുറന്നു പറഞ്ഞു. ആന്റിയുടെ മറുപടി ഇതായിരുന്നു. ‘സാരമില്ല, കുറച്ചുദിവസം കൂടെ നോക്കാം, കൂടുതല്‍ വെറുപ്പിലോട്ടു പോകുന്നെങ്കി ഒരു കൗണ്‍സിലിങ് ചെയ്യാം. മിക്ക സ്ത്രീകള്‍ക്കും ഇത് കണ്ടുവരാറുണ്ട്’.
ആകെ ഞെട്ടലായിരുന്നു എനിക്ക്. പോസ്റ്റ് പാര്‍ട്ടം ബേബി ബ്ലൂ ആയിരുന്നു എന്റെ പ്രശ്‌നമെന്ന് ഒരു ഡോക്ടറായിരുന്നിട്ടുകൂടെ എനിക്ക് മനസിലാക്കാന്‍ പറ്റിയില്ല. പിന്നീടുള്ള ദിവസങ്ങള്‍ ഒരുപാടു പണിപ്പെട്ട് ഇതിനെ തരണം ചെയ്യാന്‍ ശ്രമിച്ചു. ആള്‍ക്കാരോട് കൂടുതല്‍ സമയം പങ്കിടാന്‍ ശ്രമിച്ചു. കുഞ്ഞിന്റെ അടുത്തുനിന്നു മാറി കുറച്ചുനേരമെങ്കിലും ഇരിക്കാന്‍ ശ്രദ്ധിച്ചു. ഇടയ്ക്കു നടക്കാന്‍ ഇറങ്ങി. ചെറിയ ജോലികളില്‍ മുഴുകി. കൂടുതല്‍ ബുദ്ധിമുട്ടിലോട്ടുനീങ്ങിയാല്‍ ഡോക്ടറെ സമീപിക്കുമെന്നുറപ്പിച്ചു.
എന്തായാലും, പതുക്കെ പ്രശ്‌നങ്ങള്‍ മാറിക്കിട്ടി.
വീണ്ടും ഇതോര്‍ക്കാന്‍ കാരണം ഈ അടുത്ത് പഴയ ഒരു പത്രത്തില്‍ കണ്ട വാര്‍ത്തയാണ്. നാട്ടില്‍ ഒരമ്മ മൂന്നുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മുഖത്തു തുണിയിട്ടമര്‍ത്തി കൊന്നു. അടുത്തൊരു കൂട്ടുകാരിയെ വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇപ്രകാരം.

രോഗിക്കു ചികിത്സ, കൂടെയുള്ളവര്‍ക്കു കൗണ്‍സലിംഗ്

‘പ്രസവശേഷം ആകെ ബഹളം ആയിരുന്നു അവള്‍. കുഞ്ഞിന് പാല്‍ കൊടുക്കാന്‍ പോലും മടി. ഇടക്കൊന്നു രണ്ടു തവണ കുഞ്ഞിനെയെടുത്തെറിയാന്‍ പോലും ശ്രമിച്ചു. ഭര്‍ത്താവിനോട് വെറുപ്പായിരുന്നു പ്രസവശേഷം. ഇനി ജോലിക്കൊന്നും പോകാന്‍ സമ്മതിക്കില്ലെന്നുപറഞ്ഞു കുറേ കരയുമായിരുന്നു. എന്തായാലും, ഈ സംഭവത്തിനുശേഷം അവര്‍ മാനസിക ആശുപത്രിയില്‍ ആയി. പക്ഷെ, എല്ലാര്‍ക്കും അറിയാം അവള്‍ക്കു ജോലിക്ക് പോകാന്‍ പറ്റാത്തതിലുള്ള വിഷമം ആണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ കാരണം എന്ന്. ജോലിയുള്ള പെണ്ണ് വേണ്ടെന്നു എത്ര തവണ അവനോടു എല്ലാവരും പറഞ്ഞതാ എന്നറിയുമോ?’
കേട്ടിട്ടാകെ വിഷമം തോന്നി. ചികിത്സ കൊണ്ട് പൂര്‍ണമായും മാറുമായിരുന്നു, മാരകമായ പോസ്റ്റുപാര്‍ട്ടം സൈകോസിസ് ആയിരുന്നു അവള്‍ക്ക്.
പലകാരണങ്ങള്‍ ഉണ്ട് ഇത്തരം മാനസിക ബുദ്ധിമുട്ടുകള്‍ക്ക്.

 

ഭാര്യക്കു മാത്രമല്ല, ഭര്‍ത്താവിനും വരാം രോഗം

റി പ്രൊഡക്ടീവ് വര്‍ഷങ്ങളില്‍ ആണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ മാനസിക രോഗങ്ങള്‍ക്ക് അടിമകള്‍ ആവുന്നത്. സ്ത്രീശരീരം ഹോര്‍മോണുകളുടെ ഒരു നിരന്തരപ്രവര്‍ത്തനമണ്ഡലം ആയതുകൊണ്ടാവാം. പ്രകൃതിയുടെ വികൃതിയെന്നേ ഇതിനെ വിളിക്കാന്‍ കഴിയൂ. മുന്നേ മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളവരില്‍ ഇത് പ്രഗ്‌നന്‍സി ഓര്‍ പോസ്റ്റുപാര്‍ട്ടം മാനസികപ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാവാം. സമൂഹത്തിന്റെയും കുടുംബത്തിന്റെയും സഹകരണം കിട്ടാത്തവരിലും ഇത് കൂടുതലായി കാണാം. ഉറക്കക്കുറവ്, പ്രസവസമയത്തെ വിവിധതരം ബുദ്ധിമുട്ടുകള്‍(ശാരീരിക വേദനകള്‍, മാനസികരോഗസ്ട്രെസ് അങ്ങനെ എല്ലാം) ഇതിലേക്ക് നയിക്കാം.

പ്രസവശേഷം കുറച്ചാഴ്ചകള്‍ക്കുള്ളില്‍ ഇത് പ്രത്യക്ഷപ്പെടാം. തക്കസമയത്തു ചികിത്സ എടുത്താല്‍ പൂര്‍ണമായും ഭേദപ്പെടും. ചിലര്‍ക്ക് കൗണ്‍സിലിംഗ് മാത്രം മതിയാകും. (അപൂര്‍വം ചിലര്‍ക്ക് ഇത് ട്രീറ്റ് മെന്റ് എടുത്താലും അവശേഷിക്കും. ഒരു തവണ വന്നാല്‍ അടുത്ത പ്രസവശേഷമോ ഗര്‍ഭകാലത്തോ വരാനുള്ള സാധ്യത കൂടുതലാണ്) പക്ഷെ, ചെറിയൊരു മാറ്റം ആണെങ്കില്‍പ്പോലും വിദഗ്‌ധോപദേശം തേടുക എന്നത് അനിവാര്യം. ആത്മഹത്യ ചെയ്യാനോ, കൊലപാതകം ചെയ്യാനോ, മറ്റുപദ്രവങ്ങള്‍ ഏല്‍പ്പിക്കാനോ ഉള്ള ചിന്തകള്‍ ഉണ്ടോ എന്നറിയാന്‍ വിദഗ്‌ധോപദേശം തേടുമ്പോള്‍ മാത്രമേ ചിലപ്പോള്‍ അറിയാന്‍ കഴിയൂ.
രോഗിക്ക് മാത്രമല്ല ചികിത്സ വേണ്ടത്. പങ്കാളിക്കും, കുടുംബാംഗങ്ങള്‍ക്കും, കൂട്ടുകാര്‍ക്കും കൗണ്‍സിലിങ് കൊടുത്തേ മതിയാവൂ. എങ്ങനെയൊക്കെ രോഗിയെ സഹായിക്കാം എന്ന് കൗണ്‍സിലിംഗിലൂടെ മനസിലാക്കാം.

അമ്മക്ക് മാത്രമേ പോസ്റ്റ് പാര്‍ട്ടം ബ്ലൂ വരൂ എന്ന് വിചാരിക്കരുത്. അച്ഛനും വരാം. അമ്മയുടെ അസാന്നിധ്യത്തില്‍ കുഞ്ഞിനെ നോക്കുന്ന സ്ട്രെസ് മുഴുവന്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ആര്‍ക്കും മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. സഹകരണത്തിലൂടെ മാത്രം വിജയിക്കാവുന്ന ഒന്നാണ് പ്രസവത്തിന് ശേഷമുള്ള ദിനങ്ങള്‍ എന്ന് ആദ്യമേ എല്ലാവരും തിരിച്ചറിയുക. കുഞ്ഞുകരയുമ്പോള്‍ ‘അമ്മയെ ഏല്‍പ്പിച്ചു’ രക്ഷപ്പെടുന്ന പരിപാടി എല്ലാവരും നിര്‍ത്തുക. കുഞ്ഞ് പെട്ടെന്നൊരു ദിവസം വരുന്നതല്ലല്ലോ, നേരത്തെ ഒരുങ്ങേണ്ടെ എന്ന് ചോദിക്കുന്നവരോട് പറയാന്‍ ഉള്ളത് : എത്ര തയാറെടുപ്പുകള്‍ നടത്തിയാലും ദിവസവും ഒരേ തരത്തിലുള്ള സ്‌ട്രെസ് ഇല്ലാതെയാക്കുക എളുപ്പമല്ലല്ലോ.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News