2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്; വെബ്‌സൈറ്റ് പണിമുടക്കി, ഓതന്റിക്കേഷന്‍ ക്യാംപില്‍ ആശങ്ക

പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്; വെബ്‌സൈറ്റ് പണിമുടക്കി, ഓതന്റിക്കേഷന്‍ ക്യാംപില്‍ ആശങ്ക

നിലമ്പൂര്‍: പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനായുള്ള ആധാര്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍ നടത്താനാകാതെ വിദ്യാര്‍ഥികള്‍. സംസ്ഥാനത്തെ വിവിധ കോളജുകളില്‍ എത്തിയ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വെബ്‌സൈറ്റ് പണിമുടക്കിയതിനെ തുടര്‍ന്ന് നടപടി പൂര്‍ത്തിയാക്കാനായില്ല. രണ്ടുദിവസം മുമ്പാണ് സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികളുടെ ആധാര്‍ ബയോമെട്രിക് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്.

2022ല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരും നോഡല്‍ ഓഫിസര്‍മാരും സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ആധാര്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇതിനായി മൂന്നുദിവസം വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രത്യേക ക്യാംപും വച്ചു. എന്നാല്‍ അധികസ്ഥാപനങ്ങള്‍ക്കും നടപടി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഒതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങളിലെ 2022 മുതല്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷകരായിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ മുതല്‍ 20 വരെ അതത് കോളജുകളില്‍ ക്യാംപ് നടത്തുന്ന വിവരവും സ്‌കോളര്‍ഷിപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ വിവിധ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്കായി ക്യാംപും സംഘടിപ്പിച്ചു. പത്തരയോടെ വെബ്‌സൈറ്റ് പണിമുടക്കി. ഇതോടെ വിദ്യാര്‍ഥികളും പെരുവഴിയിലായി.
ഓരോ സ്ഥാപനത്തിലും മുന്നൂറും നാന്നൂറിലധികവും വിദ്യാര്‍ഥികള്‍ ക്യാംപുകളില്‍ എത്തിയിരുന്നുവെങ്കിലും പതിനഞ്ചില്‍ താഴെ പേര്‍ക്കു മാത്രമേ ഒതന്റിക്കേഷന്‍ ചെയ്യാന്‍ സാധിച്ചുള്ളൂ. രാത്രി വൈകിയും വെബ്‌സൈറ്റ് തകരാര്‍ പരിഹരിച്ചിട്ടില്ല.

അതത് സ്ഥാപനങ്ങളിലെ നോഡല്‍ ഓഫിസര്‍മാര്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍ വഴി ലോഗിന്‍ ചെയ്യേണ്ടതിനാല്‍ പുറമെയുള്ള സി.എസ്.സികളിലോ മറ്റോ വിദ്യാര്‍ഥികള്‍ക്ക് ഒതന്റിക്കേഷന്‍ ചെയ്യാനുള്ള സൗകര്യവുമില്ല. മാര്‍ച്ചിനു മുമ്പ് വിതരണം ചെയ്യേണ്ട സ്‌കോളര്‍ഷിപ്പ് തുകയാണ് അനന്തമായി നീളുന്നത്. തുകവിതരണം ഏറെ വൈകിയതിനാല്‍ വിദ്യാര്‍ഥികളുടെ ഒതന്റിക്കേഷന്‍ 20നകം തന്നെ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശമുണ്ടെന്ന് തിരുവനന്തപുരം സ്‌കോളര്‍ഷിപ്പ് സ്‌പെഷല്‍ ഓഫിസറുടെ കാര്യാലയം അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.