2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ക്രിസ്റ്റിയാനോ ഇന്നിറങ്ങുന്നു; ഹാട്രിക് നേടിയ പ്രായം കൂടിയയാൾ എന്ന 2018ലെ സ്വന്തം റെക്കോഡ് തിരുത്തുമോ?

 

ദോഹ: തന്റെ അവസാന ലോകകപ്പ്, പ്രായം തളർത്തി, മാഞ്ചസ്റ്റർ വിട്ടു, ഫോം ഔട്ട് തുടങ്ങിയ സമർദ്ദങ്ങൾക്കിടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് പോർച്ചുഗലിന് വേണ്ടി ജഴ്‌സിയണിയുന്നു. ഏതു സമ്മർദ്ദവും അതിജീവിക്കാനും പോരാടാനുമുള്ള ശേഷിയുണ്ടെന്നതാണ് ക്രിസ്റ്റിയാനോയുടെ പ്രത്യേകത. തന്റെ അവസാന ലോകകപ്പിന് എത്തുന്ന ക്രിസ്റ്റ്യാനോ ഘാനയെയാണ് ഇന്ന് നേരിടുക.

ഫിഫ ലോകകപ്പ് ഒഴികെ ഫുട്‌ബോളിൽ ഏതാണ്ടെല്ലാ നേട്ടങ്ങളും കൈവെള്ളയിലാക്കിയ ചരിത്രമാണ് ക്രിസ്റ്റിയാനോക്ക് ഉള്ളത്. അതിനാൽ ലോകകപ്പ് കൂടി പോർച്ചുഗലിലെത്തിക്കുക എന്നതിൽ കവിഞ്ഞ് ഒന്നും അദ്ദേഹത്തിന് സ്വീകാര്യമില്ല.

2008, 2013, 2014, 2016, 2017 കാലങ്ങളിൽ ബാലൻദ്യോർ പുരസ്‌കാര ജേതാവായ ക്രിസ്റ്റിയാനോക്ക് 37 വയസ്സ് ആയെങ്കിലും പ്രായം ഒട്ടും തളർത്തിയിട്ടില്ലെന്ന് പലതവണ അദ്ദേഹം കാണിച്ചുതന്നതാണ്. ഉയർച്ച താഴ്ചകൾ ആ കരിയറിൽ എന്നും ഉണ്ടായിട്ടുണ്ട്. ഓരോ താഴ്ചയ്ക്ക് ശേഷവും ശക്തമായി തിരിച്ചുവന്ന ക്രിസ്റ്റിയാനോയെ നമ്മൾ പലതവണ കണ്ടതാണ്.

മദ്യപാനിയായ അച്ഛൻ നേരത്തെ കുടുംബത്തെ ഉപേക്ഷിച്ചതിനാൽ ദാരിദ്ര്യ പശ്ചാത്തലത്തിൽ നിന്നാണ് ലോകത്തെ ഏറ്റവും സമ്പന്ന കായികതാരമായി ക്രിസ്റ്റ്യാനോ മാറിയത്. പോർച്ചുഗലിലെ ഹോട്ടലിന്റെ ഗ്ലാസ് ഡോറിൽ മുട്ടി വിശപ്പടക്കാൻ റൊട്ടി ബാക്കിയുണ്ടോ എന്ന് ചോദിച്ച ഒരു കൗമാരക്കാന്റെ ചരിത്രമുണ്ട് അദ്ദേഹത്തിന്. 15 ാംവയസ്സിൽ ക്രമംതെറ്റിയ ഹൃദയമിടിപ്പ് തന്റെ ഫുട്‌ബോൾ ജീവിതവും ആരോഗ്യവും ഇല്ലാതാക്കുമെന്ന് തോന്നിയിടത്ത് നിന്നാണ് ക്രിസ്റ്റിയാനോ ഈ ഉയരങ്ങളെല്ലാം കീഴടക്കിയത്. അതുകഴിഞ്ഞ് മൂന്നുവർഷമായപ്പോഴേക്കും വൻ തുകയ്ക്ക് മഞ്ചസ്റ്റർ യുനൈറ്റഡിലെത്തി. യുനൈറ്റഡിലെത്തുന്ന ആദ്യ പോർച്ചുഗീസ് താരം കൂടിയാണ് ക്രിസ്റ്റിയാനോ. തൊട്ടടുത്തവർഷം ബാലൻദ്യോർ പുരസ്‌കാരവും സ്വന്തമാക്കി.

ഡ്രിബ്ലിങ്, പാസ്സിങ് മികവ്, പ്ലേ മേക്കിങ്, ഫിനിഷിങ്, ഫ്രീക്കിങ്, സ്പീഡ്, പവർ എന്നിവയിൽ അസാമാന്യ ശേഷിയുള്ള ക്രിസ്റ്റ്യാനോയുടെ ഏരിയൽ എബിലിറ്റി മറ്റൊരു കളിക്കാരനും അവകാശപ്പെടാനാകില്ല. 2018ലെ കഴിഞ്ഞ ലോകകപ്പിൽ ഇറങ്ങുമ്പോൾ പ്രായം 33. അന്ന് സ്‌പെയിനിനെതിരേ കൗണ്ടർ അറ്റാക്ക് നടത്തുമ്പോൾ ഒരു സ്പിന്ററിന്റെ അത്രയും വേഗത. സ്‌പെയിനിനെതിരായ ആ മത്സരത്തിലെ ഫ്രീക്കിക്ക് ഗോൾ ലോകകപ്പ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്നാണ്. ആ ഗോളോടെ ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റെക്കോഡും അദ്ദേഹം സ്വന്തം പേരിലാക്കി. ആ റെക്കോഡ് ഖത്തർ ലോകകപ്പിൽ തിരുത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

പഴയത് പോലെ പത്ത് ആവറേജ് താരങ്ങളും ഒരു ക്രിസ്റ്റ്യാനോയും എന്ന രീതിയല്ല ഇപ്പോൾ. ബ്രൂണൊ ഫെർണാണ്ടസ്, ബെർണാർഡൊ സിൽവ, ജാവൊ ഫെലിക്‌സ്, പെപ്പെ തുടങ്ങിയ ലോകോത്തര താരങ്ങൾ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നിട്ടുണ്ട്. അതിനാൽ ലോകകപ്പ് ചരിത്രത്തിലെ തന്നെ സന്തുലിതമായ നിരയുള്ളതിനാൽ കിരീട സ്വപ്‌നമെന്നത് അതിവിദൂരമല്ല.

Portugal vs Ghana Cristiano Ronaldo takes centre stage


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News