2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

അന്യായമായ അറസ്റ്റെന്ന് പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍; കോടതിയില്‍ ഹാജരാക്കിയത് രാത്രി എട്ട് മണിയോടെ

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ഒരു മാസത്തേക്ക് റിമാന്റ് ചെയ്തു

 

കൊച്ചി: തങ്ങളെ അന്യായമായാണ് അറസ്റ്റുചെയ്തതെന്ന് കോടതിയിലെത്തിച്ച പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രത്രി എട്ടുമണിയോടെ പൊലിസ് വാഹനത്തില്‍ കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ എത്തിച്ചപ്പോള്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരോടാണ് ഇവര്‍ ഇക്കാര്യം വിളിച്ചുപറഞ്ഞത്. ഉത്തരേന്ത്യയില്‍ നിന്നെത്തിച്ച അര്‍ധസൈനിക വിഭാഗത്തിന്റെ സായുധ കാവലിലാണ് ഇവരെ പ്രത്യേക വാഹനത്തില്‍ കോടതിയില്‍ എത്തിച്ചത്. കോടതി സമയം കഴിഞ്ഞശേഷവും ജഡ്ജി ഇവരെ ഹാജരാക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു.

എന്‍.ഐ.എ ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥനപ്രകാരമായിരുന്നു ഇത്. അറസ്റ്റിനെതിരായ മുദ്രാവാക്യം മുഴക്കികൊണ്ടാണ് നേതാക്കള്‍ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങിയത്. ഇറങ്ങിവരവേ തങ്ങളെ അന്യായമായാണ് അറസ്റ്റുചെയ്‌തെതെന്ന് ഇവര്‍ മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന ഭാഗത്തേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചുപറയുകയായിരുന്നു.

ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് കൂടുതല്‍വെളിപ്പെടുത്തുന്നത് തടഞ്ഞുകൊണ്ട് സായുധസേനാംഗങ്ങള്‍ വലയം തീര്‍ത്ത് കോടതിയിലേക്ക് കയറ്റുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റുചെയ്ത നേതാക്കളായ കരമന അഷ്‌റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അന്‍സാരി, മുജീബ്, നജ്മുദ്ദീന്‍, സൈനുദ്ദീന്‍, ഉസ്മാന്‍, യഹിയ തങ്ങള്‍, മുഹമ്മദലി, സുലൈമാന്‍ എന്നിവരെയാണ് രാത്രി എട്ട്മണിയോടെ കോടതിയില്‍ എത്തിച്ചത്. ഈമാസം 19ന് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ അറസ്റ്റുചെയ്തത്. യു.എ.പി.എയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. യു.എ.പി.എ13,18,18 ബി,38,39 വകുപ്പുകളും ഐ.പി.സി 120ബി,153എയുമാണ് ചുമത്തിയിരിക്കുന്നത്.

കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ഒരു മാസത്തേക്ക് റിമാന്റ് ചെയ്തു. കാക്കനാട് സബ്ജയിലിലേക്കാണ് ഇവരെ മാറ്റിയത്. ഇവരെ കസ്്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍. ഐ.എ ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അപേക്ഷ ശനിയാഴ്ച്ച കോടതി പരിഗണിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.