2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

പോപുലർ ഫ്രണ്ട് നിരോധിക്കപ്പെടുമ്പോൾ


ലോകത്തെ ഏറ്റവും വലിയ ബഹുസ്വരസമൂഹമാണ് ഇന്ത്യയിലേത്. അതുപോലെത്തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണ് നമ്മുടേത്. ന്യൂനപക്ഷങ്ങളോട് കരുതലും ഗുണകാംക്ഷയുമുള്ള, ഭൂരിപക്ഷ വിഭാഗമായ ഹൈന്ദവസമുദായത്തിൻ്റെ പിന്തുണയോടെ മാത്രമേ രാജ്യത്തെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ കഴിയൂ. ഭൂരിപക്ഷസമുദായത്തെ അവിശ്വസിച്ചും അവരെ ശത്രുക്കളായി കണ്ടും പ്രഖ്യാപിച്ചും അവരെ മുന്നിൽനിർത്തി പൊതുസമൂഹത്തിൽ ഭീതി വിതച്ചുമുള്ള പ്രതിഷേധങ്ങൾ ഇന്ത്യയിൽ സാധ്യമല്ലെന്ന് മാത്രമല്ല, ന്യൂനപക്ഷങ്ങൾക്ക് അത് കൂടുതൽ പ്രയാസങ്ങളുണ്ടാക്കുകകൂടി ചെയ്യുമെന്നതാണ് ഇക്കാലമത്രയുമുള്ള അനുഭവം. ജനാധിപത്യപ്രക്രിയയിൽ പങ്കാളിയായി ജനാധിപത്യകക്ഷികളുടെ കൂടെനിന്ന് മുസ്‌ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക്, അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാനും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അവസരമുണ്ട്. മുസ്‌ലിംകൾ ഒന്നിച്ചുനിന്ന് മറ്റുള്ളവരുടെ പിന്തുണയോടെ പലപ്പോഴും വിഷയങ്ങൾ ഉയർത്തിയിട്ടുമുണ്ട്. ശരീഅത്ത് നിയമവും മുസ്‌ലിം പള്ളികളുടെ സംരക്ഷണം ഉറപ്പാക്കുന്ന ആരാധനാലയ നിയമവുമൊക്കെ അങ്ങനെ ഉണ്ടായതാണ്.

ഏത് മതവിഭാഗത്തിൻ്റേതായാലും തീവ്രവാദ ആശയങ്ങൾകൊണ്ട് ആ മതത്തിലെ തന്നെ ഭൂരിപക്ഷംവരുന്ന സാധാരണക്കാർക്കാണ് കൂടുതൽ പരുക്കേൽക്കുക എന്നത് ചരിത്രപാഠമാണ്. ഇന്ത്യയിലെ ഏറ്റവും സംഘടിതവും ശക്തവുമായ തീവ്രവാദ സാന്നിധ്യമായിരുന്നു ഒരു കാലത്ത് ഖലിസ്താൻ പ്രസ്ഥാനം. കേന്ദ്രസർക്കാർ അതിനെ നിഷ്‌കരുണം അടിച്ചമർത്തുകയായിരുന്നു. അതിൻ്റെ പേരിലുണ്ടായ രക്തച്ചൊരിച്ചിൽ നമുക്കു മുന്നിൽ ഉദാഹരണമായുണ്ട്. ഭൂമിയിലെ സ്വർഗമായി കരുതപ്പെടുന്ന കശ്മിരിനെ, സായുധ പോരാട്ടംകൊണ്ട് ഭൂമിയിലെ നരകമാക്കി മാറ്റിയതിൻ്റെ അനുഭവപാഠവും തുറന്നുവച്ച പുസ്തകം പോലെ ഇപ്പോഴും നമുക്കു മുന്നിലുണ്ട്.

രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചിരിക്കുകയാണ്. ഭീകരപ്രവർത്തനങ്ങളിൽ നേരിട്ട് ബന്ധം, ഫണ്ട് സമാഹരണം, ആയുധ പരിശീലനം, ന്യൂനപക്ഷ വിഭാഗത്തിലെ ചെറുപ്പക്കാരെ തീവ്രവാദ പ്രസ്ഥാനത്തിലേക്ക് ആകർഷിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് നിരോധനകാരണമായി എടുത്തുപറഞ്ഞത്. 1990കളുടെ തുടക്കത്തിൽ കേരളത്തിൽ രൂപീകരിച്ച നാഷനൽ ഡവലപ്‌മെൻ്റ് ഫ്രണ്ട് (എൻ.ഡി.എഫ്) ആണ് പിന്നീട് പോപുലർ ഫ്രണ്ട് എന്ന പേരിൽ അറിയപ്പെട്ടത്. എൻ.ഡി.എഫിൻ്റെ ആശയങ്ങളെയും പ്രവർത്തനശൈലിയെയും തുടക്കംമുതൽ കേരളത്തിലെ മുസ്‌ലിം സംഘടനകൾ എതിർത്തുപോരുകയുണ്ടായി. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ അന്നത്തെ നേതാക്കളും സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫുമായിരുന്നു എൻ.ഡി.എഫിനെതിരേ ആദ്യമായി നിലപാടുയർത്തിയത്. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് അതിൽ തീവ്രത കലർത്തുന്ന ഇവരുടെ രീതികൾക്കെതിരേ നിരന്തര പ്രതിരോധം നടത്തുന്നവരാണ് കേരളത്തിലെ പ്രബല മുസ്‌ലിം സംഘടനകളൊക്കെ.

മുസ്‌ലിംകൾ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നതും പലപ്പോഴും അനീതിക്കിരയാവുന്നുണ്ടെന്നതും തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ, അതിന് പരിഹാരം എൻ.ഡി.എഫ് ഉയർത്തിപ്പിടിച്ച തീവ്ര ചിന്താഗതിയായിരുന്നില്ല. അക്കാലത്തും തുടർന്നും മറ്റു മുസ്‌ലിം മതസംഘടനകളും മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള സമുദായ സംഘടനകളും ഇത്തരം കൂട്ടായ്മകളുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

പോപുലർ ഫ്രണ്ട് സ്ഥാപകരടക്കമുള്ള നേതാക്കളെ ലക്ഷ്യംവച്ച് ഇ.ഡിയും എൻ.ഐ.എയും രാജ്യവ്യാപകമായി റെയ്ഡും അറസ്റ്റും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനം വരുന്നത്. എന്നാൽ സംഘടനയെ നിരോധിക്കുന്നതിനോട് പ്രമുഖരായ പലരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ വിയോജിക്കാനും അവകാശമുണ്ട് എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ സൗന്ദര്യം. നിരോധനം ഒന്നിനും പരിഹാരമല്ലെന്നും വർഗീയതക്കെതിരായ നിലപാടാണെങ്കിൽ ഒരുവിഭാഗത്തെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ നിലപാട് ഈ സന്ദർഭത്തിൽ ഏറെ പ്രസക്തമാണ്. ഇന്ത്യയിൽ നിരോധിക്കപ്പെടുന്ന ആദ്യ സംഘടനയല്ല പോപുലർ ഫ്രണ്ട്. കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പിയുടെ മാതൃസംഘടനയായ ആർ.എസ്.എസിനെ സ്വതന്ത്ര ഇന്ത്യയിൽ മൂന്നുതവണ നിരോധിച്ചിട്ടുണ്ട്. അപകടകരമായ ആശയങ്ങൾക്ക് സമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്നത് തടയുകയും ഒപ്പം യുവാക്കളെ തീവ്ര കൂട്ടായ്മകളിലേക്ക് ആകർഷിക്കുംവിധമുള്ള സാഹചര്യങ്ങൾ തടയുകയും ചെയ്യാനാണ് ഭരണകൂടങ്ങൾ ശ്രമിക്കേണ്ടത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള നടപടികൾ ഉണ്ടാവുന്നുവെന്ന വാർത്തകൾ വന്നുകൊണ്ടിരിക്കെയാണ് പോപുലർ ഫ്രണ്ട് നിരോധനം. ഈ സാഹചര്യത്തിൽ നിരോധനത്തിൻ്റെ മറവിൽ ന്യൂനപക്ഷവിരുദ്ധ നടപടികൾക്ക് ഊർജം പകരുന്നതും മുസ്‌ലിംകളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുകയും ചെയ്യുന്ന ഇടപെടലുകൾ ഉണ്ടാവില്ലെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഉറപ്പുവരുത്തേണ്ടതുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.