2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എന്ത് ഭക്ഷണം കഴിച്ചാലും ഉടൻ ടോയ്‌ലറ്റിൽ പോകുന്നവരാണോ നിങ്ങൾ?

എന്ത് ഭക്ഷണം കഴിച്ചാലും ഉടൻ ടോയ്‌ലറ്റിൽ പോകുന്നവരാണോ നിങ്ങൾ?

എന്ത് ഭക്ഷണം കഴിച്ചാലും ഉടന്‍ ടോയ്‌ലറ്റില്‍ പോകുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇതൊരു ആരോഗ്യകരമായ ശീലമല്ല. ഈ തോന്നല്‍ നിങ്ങള്‍ക്ക് സ്ഥിരമായി ഉണ്ടാവാറുണ്ടോ. എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഡോക്ടറെ കാണേണ്ടതാണ്.

മേല്‍ പറഞ്ഞ പോലെ ഭക്ഷണം കഴിച്ച ഉടനെ തന്നെ ടോയിലറ്റില്‍ പോകാന്‍ തോന്നുന്നത് ഒരു രോഗമാണ് എന്ന് ആദ്യം തന്നെ തിരിച്ചറിയുക. നമ്മളില്‍ പലരും വിചാരിക്കുന്നത് ഇത് സാധാരണ പ്രോസസ്സ് ആയിരിക്കുമെന്നാണ്. എന്നാല്‍ ഇത് അങ്ങനെയല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. ദിവസത്തില്‍ എത്ര വട്ടം ഭക്ഷണം കഴിച്ചാലും നമുക്ക് ഇതേ അസ്വസ്ഥത തന്നെയാണ് നിങ്ങള്‍ക്ക് ഉണ്ടാകുന്നതെങ്കില്‍ അതിന് കാരണം ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം I.B.S (IRRITABLE BOWEL SYNDROME) ആയിരിക്കും. ഇതൊരിക്കലും നിസ്സാരമായി കണക്കാക്കേണ്ട അവസ്ഥയല്ല. പലരും ശ്രദ്ധിക്കാതെ വിടുന്ന ഒരു അനാരോഗ്യകരമായ അവസ്ഥയാണ് ഇത്. പലരും ഇതിനെ ആരും അത്ര ഗൌനിക്കാറില്ല. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകളെ അങ്ങനെ സാധാരണയായി തള്ളിക്കളയരുത് എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ആയുര്‍വേദത്തില്‍ ഇതിനെ ഗ്രഹണി ആയിട്ടാണ് താരതമ്യം ചെയ്തിട്ടുള്ളത്. നമ്മുടെ ദഹനവ്യൂഹത്തെ ബാധിക്കുന്ന ഒരു രോഗമാണിത്.

ദഹനവ്യൂഹത്തിന്റെ മുഖ്യമായ കര്‍മമാകുന്നു ആഹാരപചന പ്രക്രിയ. ഇതില്‍ പ്രധാനമായി, വന്‍കുടലിനെ ബാധിക്കുന്ന ഒരു അസുഖമാണിത്. പലരും ഇതൊരു അസുഖമാണെന്ന് കണക്കാക്കുന്നില്ല എന്നാണ് സത്യം. വയറ് ഉഴിഞ്ഞും, ഭക്ഷണം കഴിക്കാതെ ഇരുന്നും എല്ലാം ആദ്യമാദ്യം ഈ അവസ്ഥയെ തടുത്തു നിര്‍ത്താന്‍ ശ്രമിക്കുന്നവരാണ് അധികവും.

ഐ.ബി.എസിന്റെ ലക്ഷണങ്ങള്‍
വയറുവേദന, വയറു വീര്‍ത്തുവരുന്നത്, കഴിച്ച ഉടനെ ടോയ്‌ലറ്റില്‍ പോകുന്നത്, ശോധന ത്യപ്തികരമല്ലാത്ത അവസ്ഥ, മാസത്തില്‍ ഒന്നോ രണ്ടോ തവണയെങ്കിലും അതിസാരം, മലബന്ധം, ഉറക്കക്കുറവ്, ശരീര വേദന. നടുവേദന, തലവേദന ഇതൊക്കെ ഐ.ബി.എസിന്റെ ലക്ഷണങ്ങളാണ്.

കാരണങ്ങള്‍
നമ്മുടെ ഭക്ഷണ രീതി തന്നെയാണ് ഇതിന്റെ ഒന്നാമത്തെ കാരണം. സമയം തെറ്റി ഭക്ഷണം കഴിക്കുന്നതോ, ഭക്ഷണ സമയത്തില്‍ വന്ന മാറ്റമോ, ഭക്ഷണത്തില്‍ ഉപയോഗിച്ചിരിക്കുന്ന കൃത്രിമ പദാര്‍ത്ഥങ്ങളോ, ചില ഭക്ഷണങ്ങളോടുള്ള കുടലിന്റെ പ്രതിപ്രവര്‍ത്തനമോ അങ്ങനെ എന്തുമാവാം ഇതിനുള്ള കാരണം. കൂടാതെ മാനസിക സമ്മര്‍ദ്ദങ്ങളും ഒരുപരിധിവരെ ഐ.ബി.എസിന് കാരണമാകുന്നുണ്ട്.

ഇങ്ങനെയുള്ള അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ? എന്നാല്‍ അതു മാറ്റിയെടുക്കാന്‍ നമ്മള്‍ മനസ്സ് വെക്കുക തന്നെ വേണം. നിങ്ങള്‍ വിചാരിക്കും വയറിനകത്തു മനസ്സിനെന്തു കാര്യമെന്ന്? ശരിക്കും, മനസ്സിന് കാര്യമുണ്ട്.

എന്താണ് പരിഹാരം
നമ്മുടെ ആഹാരരീതി ക്രമപ്പെടുത്തുക എന്നുള്ളതാണ് പ്രധാനപ്പെട്ട പരിഹാരമാര്‍ഗം. പൊരിച്ചതും, എരിവും പുളിയും ഉള്ളതുമായ ഭക്ഷണങ്ങളും ഒരു പരിധി വരെ ശ്രദ്ധിച്ചു ഉപയോഗിക്കുക. അധികം തണുപ്പുള്ളതോ അധികം ചൂടുള്ള ആയ ഭക്ഷണം കഴിക്കാതിരിക്കുക. കൂടുതല്‍ പച്ചക്കറികള്‍ ഉപയോഗിക്കുക. നന്നായി വെള്ളം കുടിക്കുക.

ചികിത്സ
വില്ലുവാതി ഗുളിക തേനില്‍ ചാലിച്ചു കഴിക്കാവുന്നതാണ്.

കറിവേപ്പില, ഇഞ്ചി, ശര്‍ക്കര ചേര്‍ത്തരച്ചു എന്നും അതിരാവിലെ കഴിക്കുന്നത് ശീലമാക്കുക. ഇനി അതിന് ബുദ്ധിമുട്ടാണെങ്കില്‍ വീട്ടില്‍ ഉണ്ടാക്കുന്ന മോര്, ഇഞ്ചിയും കറിവേപ്പില ചേര്‍ത്ത് ഉച്ചക്ക് സേവിക്കുന്നതും നല്ലതാണ്. മോര് ലഘുവും ശീതവുമാണ്. അതുകൊണ്ട് തന്നെ നമ്മുടെ ദാഹനത്തിനെ നിലനിര്‍ത്താന്‍ സഹായകമാകുന്നു.

മാനസിക പിരിമുറുക്കങ്ങളെ ഒരു പരിധി വരെ സഹായിക്കാന്‍ യോഗസ്തനങ്ങള്‍ക്ക് സാധിക്കും.

തക്രധാര, തളം, അഭ്യഗം, പിച്ചവസ്തി തുടങ്ങിയ ചികിത്സാരീതികള്‍ മാനസിക പിരിമുറുക്കത്തിനു ഫലപ്രദമാകും

നമ്മുടെ ആശയത്തിനും ശരീരത്തിനും യോജിച്ച ഭക്ഷണം തിരഞ്ഞെടുത്ത്, സാവധാനം ചവച്ചരച്ച് വേണ്ടത്ര സമയമെടുത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. ഈ അസുഖത്തെ തുടക്കത്തില്‍ തന്നെ തിരിച്ചറിയൂ.

pooping-right-after-eating


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.