2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മുട്ടപ്പത്തിരി ജിഹാദ്

പൊന്നാനി വലിയ ജുമാഅത് പള്ളിക്ക് മുന്നിലെ കുളം  ചിത്രം: ഹാഷിർ നാസർ

രാത്രിയായാൽ ഇവിടെ ഇങ്ങനെയാണ്. രാത്രി എന്ന് പറഞ്ഞാൽ, മഗ്‌രിബ് വാങ്കിന് ശേഷം. ഇശാ വാങ്ക് കഴിഞ്ഞാൽ ബഹു കേമം. ഒരു കുളത്തിന് ചുറ്റും ഇരുന്ന് ആളുകൾ മുട്ടപ്പത്തിരി തിന്നാൻ തുടങ്ങും. ബീഫ് കറിയിൽ മുക്കിയാണ് തീറ്റ. ഇവിടുത്തുകാർ മാത്രമല്ല, അയൽ നാട്ടുകാരും ദൂര ദേശക്കാരും മുട്ടപ്പത്തിരിയുടെ അനുഗ്രഹം തേടി ദേശാടനം ചെയ്ത് ഇങ്ങോട്ട് എത്തുന്നു. ഇങ്ങെന്ന് പറഞ്ഞാൽ പൊന്നാനിയിൽ. കുളത്തിന് മുട്ടപ്പത്തിരിയോടും മുട്ടപ്പത്തിരിക്ക് കുളത്തോടും ഇണപിരിയാത്ത ബന്ധം. പൊറാട്ടയും ബീഫും പോലെ ലൈലയും മജ്നുവും പോലെ മോദിയും ക്യാമറയും പോലെ.


ആളുകൾക്ക് ഇരുന്ന് മുട്ടപ്പത്തിരി തിന്നാൻ എന്നോണം തന്നെയാണ് കുളത്തിന്റെ പടവുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തീറ്റപ്രിയനായ ആർക്കിടെക്ടിന്റെ കലാവിരുത്. ഇരിപ്പിടവും കൈ കയറ്റി വെക്കാനോ ചാരി ഇരിക്കാനോ ഉള്ള ചാരുപടിയും നീണ്ട് കിടക്കുന്നു. കുന്തിച്ചോ ചിന്തിച്ചോ സമയ-സന്ദർഭ-മനസികോചിതം ഇരിക്കാം. താല്പര്യമില്ലാത്തവർക്ക് മലർന്നോ കമഴ്ന്നോ ചെരിഞ്ഞോ കിടക്കുകയും ആവാം. മലർന്നാണ് കിടക്കുന്നതെങ്കിൽ കൊണ്ടോട്ടി എയർപ്പോർട്ടിൽ നിന്നോ നെടുമ്പാശ്ശേരിയിൽ നിന്നോ വരികയും പോകുകയും ചെയ്യുന്ന വിമാനങ്ങൾ കാണാം. മഴക്കാറില്ലെങ്കിൽ നക്ഷത്രങ്ങളും എടങ്ങേറില്ലെങ്കിൽ അമ്പിളി മാമനേം. കുളത്തിൽ ഇറങ്ങി കുളിക്കുകയോ വുളു ചെയ്യുകയോ നീന്തിത്തുടിക്കുകയോ സാധകം ചെയ്യുകയോ ആകാം. പല പ്രായക്കാരും ഉണ്ട് ഈ പ്രവർത്തിയിൽ. പ്രവർത്തി എന്നാൽ മുട്ടപ്പത്തിരി തീറ്റ തന്നെ. കൗമാരക്കാർ മുതൽ അങ്ങോട്ട് സീനിയർ സിറ്റിസൺസ് വരെ. റമളാൻ മാസത്തിൽ ഏത് പ്രവർത്തി ചെയ്താലും 70000 ഇരട്ടിയല്ലോ പ്രതിഫലം. ഭക്ഷണം കഴിക്കൽ എന്തായാലും പാപം അല്ല. അതുകൊണ്ട്, മുട്ടപ്പത്തിരി തിന്നൽ ഒരു പുണ്യ പ്രവർത്തി തന്നെ. ഒരു മുട്ടപ്പത്തിരി തിന്നാൽ 70000 മുട്ടപ്പത്തിരി തിന്ന പൊലിവ്.


അതും ഏത്? മുട്ടയില്ലാത്ത മുട്ടപ്പത്തിരി. ഒറ്റക്ക് തിന്നാൽ രുചി ഏതാണെന്ന് പറയാൻ ആന്തണി ബൗർദോൺ വരെ പെട്ട് പോകും. അങ്ങനെ ഒരു രുചി ഈ സംഗതിക്ക് ഇല്ല എന്നത് തന്നെ കാരണം. പേര് തന്നെ തരികിടയാണ്. പേരിലുള്ള മുട്ട, പത്തിരിയിൽ പേരിന് പോലും ഇല്ല. മൈസൂർ പാക്കിൽ മൈസൂർ ഇല്ലാത്ത പോലെ. പക്ഷെ മൈസൂർ അല്ലല്ലോ മുട്ട. പാക്കിൽ എങ്ങനെ മൈസൂർ ചേർക്കും, പത്തിരിയിൽ മുട്ട ചേർക്കാൻ വല്യ പ്രയാസം ഇല്ല താനും. നാട്ടിലെ കോഴികൾ ആണെങ്കിൽ മുട്ട ഇടാൻ ഒരു മടിയും കാണിക്കുന്നില്ല. അവർ വളരെ ഉത്തരവാദിത്വത്തോടെ സ്വന്തം ജോലി ചെയ്യുന്നുണ്ട്. പോൾട്രി ഫാമുകളിലും കോഴിക്കൂടുകളിലും അവർ മുട്ടയിട്ട് കൂട്ടുന്നു. നാടൻ കോഴികൾ നാടൻ മുട്ടയും മോഡേൺ കോഴികൾ മോഡേൺ മുട്ടയും. ആദ്യത്തേതിന് ഇളം പിങ്ക് നിറമെങ്കിൽ രണ്ടാമത്തേത് തനി വെളുത്തത്. പോരാത്തേതിന് വിപണിയിൽ ആണെങ്കിൽ ചൈനീസ് മുട്ടകളും സുലഭം. അത് ഇടാൻ കോഴികൾ പോലും വേണ്ട. മെഷീൻ ഇട്ടോളും. കൂട്ടത്തിൽ വെച്ചാൽ മുട്ടയിടുന്ന കോഴികൾക്ക് പോലും തിരിച്ചറിയാൻ പറ്റാത്ത അത്ര ഒറിജിനൽ. ഈ ചൈനക്കാരുടെ ഒരു കാര്യം. മുട്ടയിടാത്ത കോഴികൾ കോളേജുകൾക്കും സ്‌കൂളുകൾക്കും മുന്നിൽ ഒന്ന് വീതം (ഡിപ്പെന്റസ്) രണ്ട് നേരം (കാലത്തും വൈകുന്നേരവും) ഉത്തരവാദിത്വത്തോടെയും സമയനിഷ്ഠയോടെയും വർക്ക് ചെയ്യുന്നു. നാട്ടുകാർക്ക് പുതിയ ഫാഷനുകൾ പരിചയപ്പെടുത്തുന്നു. റോന്ത് ചുറ്റാനുള്ള വണ്ടികളുടെ സുസ്രൂഷകളിൽ മുഴുകുകയും ചെയ്യുന്നു. എത്ര സർഗാത്മകമായ ലോകം. അങ്ങനെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാർക്കറ്റിൽ മുട്ടയണ്ട്. പിന്നെയും മുട്ടപ്പത്തിരിയിൽ മുട്ടയില്ല.


പൊന്നാനിയിൽ ആണ് ഈ കുളം ഉള്ളത്. പൊന്നാനി അങ്ങാടിയിൽ വലിയ ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് വശം .ഇങ്ങനെ ഒരു കുളം തങ്ങളുടെ നാട്ടിൽ ഇല്ലാത്തതിൽ ബുദ്ധിജീവികളും യാത്രികരും സിനിമാക്കാരും എഴുത്തുകാരും ആയ പല വിദേശികളും പരിഭവം പറയാറുണ്ട്. അവർ പല നാടുകളും കണ്ടിട്ടുള്ളവരാണ്. എന്നിട്ടും ഈ കുളത്തെ ഓർത്ത് അവർ അസൂയപ്പെട്ടെങ്കിൽ, പൊന്നാനി ഈ കുളത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പൊന്നാനിക്കാർ എത്ര അനുഗ്രഹീതർ. ആളുകൾ രാത്രി ചെറിയ ചെറിയ കൂട്ടങ്ങളായി ഇരുന്നാണ് ആളുകൾ രംഗം സജീവമാക്കുന്നത്. സംസാരിക്കുന്നു, പുകക്കുന്നു, മുട്ടപ്പത്തിരി തിന്നുന്നു, ചായ കുടിക്കുന്നു, നാരങ്ങാ സോഡ കുടിക്കുന്നു.


മുട്ടപ്പത്തിരി യുടെ ഖ്യാതി കേട്ട് സർവ മത-മിത-വിമത സ്ഥരും പൊന്നാനിയിലേക്ക് സിയാറത്തിനായി വരുന്നു. റമളാനിലാണ് ഈ പ്രവർത്തി പ്രധാനമായും കണ്ട് വരുന്നത്. മാപ്പിളമാർ കൂട്ടമായി നോമ്പെടുക്കുന്ന കാലം. മലബാറിൽ സോഡാ നാരങ്ങാ വെള്ളം കിട്ടാത്ത കാലം. രാത്രിയിൽ മൂക്ക് മുട്ടെ തിന്നാൻ വേണ്ടിയാണ് രാവിലെ പട്ടിണി കിടക്കുന്നത് എന്നൊരു കിംവദന്തി ഉണ്ട്. വെറും ആരോപണം. പിന്നെ തിന്നണ്ടേ? അതിന് കാരണം, അല്ലാത്ത മാസങ്ങളിൽ രാത്രി മുട്ടപ്പത്തിരി പൊന്നാനിയിലെ വലിയ ജുമാ പള്ളിക്ക് അരികിലുള്ള ഈ ചെറിയ കടയിൽ കിട്ടില്ല എന്നതാണ്. അല്ലാത്ത മാസങ്ങളിൽ വൈകുന്നേരങ്ങളിൽ മുട്ടപ്പത്തിരി ഉണ്ടാക്കാൻ കഴിയാത്തത് കൊണ്ടല്ല. ഇത് കാലങ്ങളായുള്ള ശീലമാണ്. ശീലങ്ങൾ അങ്ങനെ മാറ്റാനുള്ളതല്ലല്ലോ. ആണെങ്കിൽ മുട്ടപ്പത്തിരിയിൽ മുട്ട കൂട്ടാമല്ലോ? അല്ലെങ്കിൽ പേരിൽ നിന്നും മുട്ട എടുത്ത് കളയാമല്ലോ?


തൊട്ടപ്പുറത്താണ് മൗനത്തുൽ ഇസ്ളാം സഭ. ചെറിയ മക്കയിൽ മുസ്ലിമാകാൻ താല്പര്യപ്പെടുന്നവരെ സഹായിക്കുന്ന ഇടം (ടെക്ക്നിക്കലി). “പൊന്നാനിയിൽ വന്ന് തൊപ്പി ഇടുക” എന്നത് മലയാള ഭാഷയിൽ കലാകാലങ്ങളായുള്ള ഒരു പ്രയോഗമാണ്. ഇതൊരു മുട്ടപ്പത്തിരി ജിഹാദാണോ എന്ന് മാതൃഭൂമിയോ ജന്മഭൂമിയോ നാളെ ചോദിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ? രാവിലെ സോഡാ നാരങ്ങാ വെള്ളം പോലും കിട്ടാത്ത ഇടത്ത് രാത്രിയിൽ മുട്ടപ്പത്തിരി കൊണ്ട് ഏറും കളീം. രണ്ടും ദേശീയ മാധ്യമങ്ങളാണ്. നിറഞ്ഞ് തുളുമ്പുന്ന ദേശസ്നേഹം. അവർക്കെങ്ങനെ പലതും ചോദിക്കാനുള്ള അവകാശവും അധികാരവും ഉണ്ട്. പലപ്പോഴും ഒരേ ഭാഷയിൽ സംസാരം. എല്ലാം നാടിന് വേണ്ടി എന്ന് ഓർക്കുമ്പോൾ ഒരു സമാധാനം.
പേരെന്തായാലും രസമാകും.മുട്ടപ്പത്തിരി പിന്നെയും ഫെയ്മസ് ആവും. പൊന്നാനിയിൽ മുട്ടപ്പത്തിരി ജിഹാദ്. ഏത് ?മുട്ടപ്പത്തിരി ജിഹാദെ..


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.