2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

58 രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 23ന് തെരഞ്ഞെടുപ്പ്; വീരേന്ദ്രകുമാര്‍ രാജിവച്ച സീറ്റില്‍ ഉപതെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: 16 സംസ്ഥാനങ്ങളിലായി 58 രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 23ന് തെരഞ്ഞെടുപ്പ് നടക്കും. കേരളത്തില്‍ രാജിവച്ച ജെ.ഡി.യു നേതാവ് വീരേന്ദ്രകുമാറിന്റെ സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കും.

കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, ധര്‍മേന്ദ്ര പ്രധാന്‍, രവി ശങ്കര്‍ പ്രസാദ്, ജെ.പി നഡ്ഡ, താവാര്‍ ചന്ദ് തുടങ്ങിവയര്‍ പ്രതിനിധീകരിക്കുന്ന സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും.

വോട്ടിങ് നടക്കുന്ന ദിവസം തന്നെ ഫലപ്രഖ്യാപനമുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ 10 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. നിലവില്‍ രാജ്യസഭയിലേക്ക് 18 അംഗങ്ങളുള്ള സമാജ്‌വാദി പാര്‍ട്ടിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായിരുന്നു. എസ്.പിയുടെ ആറു സീറ്റുകളില്‍ അഞ്ചെണ്ണവും ഇപ്രാവശ്യം നഷ്ടപ്പെടും. ഇതോടെ സഭയില്‍ എസ്.പിക്ക് 13 സീറ്റുകള്‍ മാത്രമാവും.

കോണ്‍ഗ്രസിന് യു.പിയില്‍ നിന്നുള്ള ഏക സീറ്റും നഷ്ടപ്പെടും. മായാവതി രാജിവച്ചപ്പോള്‍ ബി.എസ്.പിക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടിരുന്നു. ഇപ്രാവശ്യം ഒരു സീറ്റ് കൂടി നഷ്ടപ്പെടും. സഭയില്‍ ബി.എസ്.പിയുടെ നാല് അംഗങ്ങള്‍ അവശേഷിക്കും.

യു.പിയില്‍ പ്രതിപക്ഷങ്ങളെല്ലാം ചേര്‍ന്നാല്‍ ഒരു സീറ്റില്‍ ജയിക്കാനാവും. ഈ വോട്ടുകളിലൂടെ മായാവതിക്ക് വീണ്ടും സഭയില്‍ എത്താന്‍ സാധിക്കും. എന്നാല്‍ ബാക്കിയുള്ള വോട്ടുകള്‍ എസ്.പിയും കോണ്‍ഗ്രസും നല്‍കേണ്ടി വരും.

ആന്ധ്രാപ്രദേശ്, ഒഡിഷ, തെലങ്കാന, രാജസ്ഥാന്‍ (മൂന്ന് വീതം), ബിഹാര്‍, മഹാരാഷ്ട്ര (ആറു വീതം), പശ്ചിമബംഗാള്‍, മധ്യപ്രദേശ് (അഞ്ചു വീതം), കര്‍ണാടക, ഗുജറാത്ത് (നാലു വീതം), ജാര്‍ഖണ്ഡ് (രണ്ട്) ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് (ഒന്നു വീതം) എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങള്‍.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.