കൊച്ചി: ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്ന നടപടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതല്‍ ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ കാളികാവ് ക്ഷേത്രഭരണ സമിതിയില്‍ സി.പി.എം പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തുന്നതിന് എതിരായ ഹരജിയിലാണ് ഹൈക്കോടതി വിധി.
കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളായ അശോക് കുമാര്‍, രതീഷ്, പങ്കജാക്ഷന്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ഈ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി. ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളെ നിയമിക്കരുതെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
അതേസമയം, ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംഘടന അല്ലെന്ന എതിര്‍ കക്ഷികളുടെ വാദവും കോടതി തള്ളി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാളികാവ് ക്ഷേത്ര സമിതി തിരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെങ്കിലും ഭാവിയില്‍ ഈ ഉത്തരവിന് ഏറെ പ്രാധാന്യം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.
Comments are closed for this post.